Connect with us

National

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് തെലങ്കാന യാഥാര്‍ഥ്യമാകില്ല

Published

|

Last Updated

ഹൈദരാബാദ്: അടുത്ത വര്‍ഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് തെലങ്കാന സംസ്ഥാനം യാഥാര്‍ഥ്യമാകില്ലെന്ന് റിപ്പോര്‍ട്ട്. പുതിയ സംസ്ഥാനത്തിന് വേണ്ടി ശക്തമായി നിലകൊള്ളുന്നുണ്ടെങ്കിലും ഇതിനെ തുടര്‍ന്നുണ്ടാകുന്ന മറ്റ് പ്രശ്‌നങ്ങള്‍ പൂര്‍ണമായി പരിഹരിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് ആകുന്നില്ല. പ്രധാനമായും മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഢിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍. കഴിഞ്ഞ രണ്ട് ദിവസമായി കിരണ്‍ റെഡ്ഢിയെ വരുതിയില്‍ കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും വൃഥാവിലാകുകയായിരുന്നു.
തെലങ്കാന പ്രമേയം ആന്ധ്രാ നിയമസഭയില്‍ അവതരിപ്പിക്കുന്ന പക്ഷം രാജിവെക്കുമെന്നാണ് കിരണിന്റെ ഭീഷണി. ഇതിന് ശേഷം ഐക്യ ആന്ധ്ര മുദ്രാവാക്യമുയര്‍ത്തി പുതിയ രാഷ്ട്രീയ പാര്‍ട്ടി ആരംഭിക്കാനും പദ്ധതിയുണ്ടെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുണ്ട്.
എന്നാല്‍ കിരണിന്റെ രാജി ഹൈക്കമാന്‍ഡിന് പ്രശ്‌നമല്ല. അതേസമയം, പുതിയ മുഖ്യമന്ത്രിക്ക് നിയമസഭയിലെ ഭൂരിപക്ഷത്തിന് നേതൃത്വം നല്‍കാന്‍ സാധിക്കില്ലെന്നും വിശ്വാസ വോട്ടെടുപ്പിനെ അതിജീവിക്കാനാകില്ലെന്നും ഹൈക്കമാന്‍ഡ് ഭയപ്പെടുന്നു. ഈ സാഹചര്യത്തില്‍ നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കേണ്ടി വരും. ഈ സാഹചര്യത്തില്‍ അടുത്ത ഏപ്രിലില്‍ നിയമസഭയുടെ കാലാവധി തീരുന്നത് വരെ കിരണിനെ തുടരാന്‍ അനുവദിക്കുകയാണ് നല്ലതെന്ന് ഹൈക്കമാന്‍ഡ് കരുതുന്നു.
അതുവരെ വിഷയത്തെ സജീവമാക്കി നിലനിര്‍ത്താനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. തെലങ്കാന വിഷയം പഠിക്കാന്‍ നിയോഗിക്കപ്പെട്ട മന്ത്രിതല സമിതി ഈ മാസം അവസാനം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതോടൊപ്പം, വിശ്വാസ വോട്ടെടുപ്പ് അഭിമുഖീകരിക്കാത്ത രീതിയില്‍ പുതിയ മുഖ്യമന്ത്രിക്ക് നിയമസഭയില്‍ കുറച്ച് കാലത്തേക്ക് തുടരാമോയെന്നതില്‍ നിയമോപദേശം തേടാനും പദ്ധതിയുണ്ട്.
രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. രാഷ്ട്രപതി ഭരണം ഉള്ളപ്പോള്‍ സംസ്ഥാനം വിഭജിക്കാന്‍ ആകില്ലെന്ന് നിയമ പണ്ഡിതര്‍ അഭിപ്രായപ്പെടുന്നുണ്ട്. എന്നാല്‍ 1966ല്‍ പഞ്ചാബ് വിഭജിക്കപ്പെട്ടത് രാഷ്ട്രപതി ഭരണത്തിന്‍ കീഴിലായിരിക്കുമ്പോഴെന്ന ചരിത്രം മുമ്പിലുണ്ട്.
വെള്ളപ്രശ്‌നം പരിഹരിക്കുന്നതിന് കര്‍ണൂല്‍, അനന്ത്പൂര്‍ ജില്ലകളെ തെലങ്കാനയോട് ചേര്‍ക്കാനും പദ്ധതിയുണ്ട്. നേരത്തെ അസദുദ്ദീന്‍ ഉവൈസി എം പി ഇത്തരമൊരു ആവശ്യം ഉന്നയിച്ചിരുന്നു. കൂടാതെ വൈ എസ് ആര്‍ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളാണ് ഈ ജില്ലകള്‍. പുറമെ, തെലങ്കാന പ്രമേയം ലോക്‌സഭയില്‍ പരാജയപ്പെടുമോയെന്ന ഭയവും കോണ്‍ഗ്രസിനുണ്ട്. രാഷ്ട്രീയ നേട്ടം നോട്ടമിട്ട് ബി ജെ പി ഏതു നിമിഷവും കാലുമാറാമെന്ന പശ്ചാത്തലത്തിലാണിത്. അങ്ങനെ വന്നാല്‍, ബി ജെ പിക്ക് അത് മുതല്‍ക്കൂട്ടാകും.

---- facebook comment plugin here -----

Latest