സി ബി ഐക്കെതിരായ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു

Posted on: November 9, 2013 4:03 pm | Last updated: November 10, 2013 at 3:52 pm

cbi and supreme courtന്യൂഡല്‍ഹി: സി ബി ഐക്ക് നിയമസാധുതയില്ലെന്ന ഗുവാഹത്തി ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു.  വിധിക്കെതിരെ കേന്ദ്രം സമര്‍പ്പിച്ച ഹരജി പരിഗണിച്ചുകൊണ്ടാണ്  സുപ്രീം കോടതി ഉത്തരവ്. കോടതി അവധിയായതിനാല്‍ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് പി സദാശിവത്തിന്റെ വസതിയില്‍ വെച്ചായിരുന്നു വാദം കേള്‍ക്കല്‍. ഡിസംബര്‍ ആറിന് കേസ് വീണ്ടും കോടതി പരിഗണിക്കും.

ഹൈക്കോടതി വിധി ഉടന്‍ സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് അറ്റോര്‍ണി ജനറല്‍ ഗുലാം ഇ വാഹന്‍വതിയാണ് ഹരജി സമര്‍പ്പിച്ചത്. ഇന്ന് ഉച്ചയോടെ ചീഫ് ജസ്റ്റിസിന്റെ വസതിയിലെത്തി ഹരജി സമര്‍പ്പിക്കുകയായിരുന്നു.

ക്രിമിനല്‍ കേസുകള്‍ അന്വേഷിക്കുന്ന പോലീസ് വിഭാഗത്തിന്റെ രൂപവത്കരണം എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ സാധ്യമല്ലെന്നും അതിന് നിയമനിര്‍മാണ സഭയില്‍ നിയമം പാസ്സാക്കേണ്ടതുണ്ടെന്നും നിരീക്ഷിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം ഗുവാഹത്തി ഹൈക്കോടതിയുടെ വിധി വന്നത്. 1963ല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കൊണ്ടുവന്ന പ്രമേയത്തിലൂടെയാണ് സി ബി ഐ രൂപവത്കരിച്ചത്. അന്നത്തെ ആഭ്യന്തര സെക്രട്ടറിയായിരുന്ന വി വിശ്വനാഥനാണ് പ്രമേയത്തില്‍ ഒപ്പ് വെച്ചത്. ഇതിന് നിയമസാധുതയില്ലെന്ന് ജസ്റ്റിസുമാരായ ഇഖ്ബാല്‍ അഹ്മദ് അന്‍സാരി, ഇന്ദിരാ ഷാ എന്നിവര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിരുന്നു.