മണലെടുപ്പ്: കൂലിയിലും വാഹന നിരക്കിലും തീരുമാനം

Posted on: November 9, 2013 8:02 am | Last updated: November 9, 2013 at 8:02 am

മലപ്പുറം: ജില്ലയിലെ മണെലെടുപ്പ് തൊഴിലാളികളുടെ കൂലിയും വാഹനനിരക്കും തീരുമാനിച്ചു. കലക്ടര്‍ കെ ബിജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഇ-മണല്‍ സംവിധാനത്തോടനുബന്ധിച്ച് ജില്ലയിലെ മണല്‍ തൊഴിലാളി മേഖലയിലെ അംഗീകൃത തൊഴിലാളി സംഘടനകളുടെയും ലോറി ഉടമകളുടെയും യോഗത്തിലാണ് തീരുമാനിച്ചത്.
യോഗത്തിലെ ധാരണയനുസരിച്ച് മണല്‍ കൊണ്ട് പോകുന്ന ലോറികളുടെ വാടക (മൂന്ന് ടണ്‍ കയറ്റാവുന്നവ) ചെറിയ വാഹനങ്ങള്‍ക്ക് ആദ്യ മൂന്ന് കിലോമീറ്ററിന് 800 രൂപ തുടര്‍ന്ന ഓരോ കി മി നും 75 രൂപ, ഇടത്തരം വാഹനങ്ങള്‍ക്ക് (അഞ്ച് ടണ്‍) ആദ്യ മൂന്ന് കിലോമീറ്ററിന 1000 രൂപ തുടര്‍ന്ന് ഓരോ കി മി നും 90 രൂപ, വലിയ (10 ടണ്‍) വാഹനങ്ങള്‍ക്ക് ആദ്യ മൂന്ന് കിലോമീറ്ററിന് 2000 രൂപ തുടര്‍ന്ന് ഓരോ കി മി നും 110 രൂപയും നിശ്ചയിച്ചു. ലോറികള്‍ പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് ആവിശ്യമായ രേഖകള്‍ ഉണ്ടാവണം. അതത് പഞ്ചായത്തുകളിലെ വാഹനങ്ങള്‍ക്ക് പ്രത്യേക മുന്‍ഗണന അനുവദിക്കില്ല. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഗുണഭോക്താവിന് വാഹനം തിരഞ്ഞെടുക്കുന്നതിനുള്ള അവകാശമുണ്ടാകും. കടവുകളിലേക്ക് വാഹനങ്ങളുടെ പ്രത്യേക നിര ഉണ്ടാവില്ല. രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ അനധികൃത മണല്‍ക്കടത്തിന് പിടിക്കപ്പെട്ടാല്‍ അംഗീകൃത മണല്‍ക്കടത്തിന് അനുവദിക്കുന്നതല്ല. മൂന്ന് ടണ്‍, അഞ്ച് ടണ്‍, പത്ത് ടണ്‍ എന്നീ അളവുകള്‍ വാഹനത്തില്‍ പ്രത്യേകം രേഖപ്പെടുത്തും.
ഗുണഭോക്താവില്‍ നിന്നും അമിത തുക ഈടാക്കുന്നത് അനുവദിക്കില്ല. ഈടാക്കുന്നതായി ശ്രദ്ധയല്‍പ്പെട്ടാല്‍ രജിസ്റ്റര്‍ ചെയ്ത ഉടമകള്‍ക്കെതിരെ നടപടി സ്വീകരിക്കുകയും കടവ് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്യും. മണല്‍ തൊഴിലാളികളുമായി നടന്ന ചര്‍ച്ചയില്‍ മണല്‍ തൊഴിലാളികളുടെ നിലവിലുള്ള കൂലി ടണ്ണിന് 175 രൂപയില്‍ നിന്നും 500 രൂപയായി വര്‍ധിപ്പിക്കുന്നതിന് ജില്ലാതല വിദഗ്ദസമിതി തിരുമാനിച്ചത് അംഗീകരിക്കുന്നതിന് ധാരണയായി. തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ കര്‍ഡ് നല്‍കുന്നതിനും തൊഴിലാളികള്‍ക്ക് പരമാവധി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുന്നതിന് തീരുമാനിച്ചു.
ഗുണഭോക്താവ് ബില്‍ പ്രകാരം അടവാക്കേണ്ട തുകക്ക് പുറമെ കടവുകളില്‍ പ്രത്യേകം തുക നല്‍കേണ്ടതില്ല. അധിക തുക ആവശ്യപ്പെട്ടതായുള്ള പരാതി ലഭിച്ചാല്‍ പ്രസ്തുത കടവ് അടച്ചു പൂട്ടുന്നതും തൊഴിലാളികളെ സസ്‌പെന്‍ഡ് ചെയ്യുന്നതുമായിരിക്കും. തൊഴിലാളികളുടെ കൂലി പുതുക്കി നിശ്ചയിക്കുന്നത് സംബന്ധിച്ച് പ്രത്യേകം കമ്മറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.