അന്വേഷണം പ്രതികൂലമായാല്‍ രാജിവെക്കും: പ്രസിഡന്റ്‌

Posted on: November 6, 2013 12:48 am | Last updated: November 6, 2013 at 12:48 am

കല്‍പകഞ്ചേരി: ഗ്രാമ പഞ്ചായത്ത് ഭരണ സമിതിക്കെതിരെയുള്ള വിജിലന്‍സ് അന്വേഷണം പ്രതികൂലമായി ബാധിക്കുകയാണെങ്കില്‍ സ്ഥാനം രാജിവെക്കുമെന്ന് പ്രസിഡന്റ് എ പി നസീമയും മറ്റു അംഗങ്ങളും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഭരണ സമിതിക്കെതിരെയുള്ള ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും ഏതെങ്കിലും ഫണ്ട് തിരിമറി നടത്തുകയോ വ്യാജ രേഖയുണ്ടാക്കി പ്രവൃത്തി നടത്താതെ ഫണ്ട് തട്ടിയെടുത്തിട്ടില്ലെന്നും ഇത്തരത്തില്‍ ഒരു പ്രവൃത്തി പോലും പഞ്ചായത്തില്‍ നടന്നിട്ടില്ലെന്നും ഇവര്‍ പറഞ്ഞു. ഭരണ സമിതിയിലെയും പ്രതിപക്ഷത്തെയും എല്ലാ അംഗങ്ങളും ചേര്‍ന്ന് കാര്യങ്ങള്‍ ചര്‍ച്ചചെയ്താണ് തീരുമാനം എടുക്കാറുള്ളത്. ബിനാമി കണവീനറെ വെച്ച് ഇല്ലാത്ത റോഡിന്റയും ചെയ്യാത്ത പ്രവൃത്തിയുടെയും പേരില്‍ തട്ടിപ്പ് നടത്തി ഫണ്ട് തട്ടിയെടുത്തുവെന്ന് പറയുന്നതും തീര്‍ത്തും അടിസ്ഥാന രഹിതമാണ്.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഒന്‍പതാം വാര്‍ഡില്‍ നിന്നും യു ഡി എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച് പരാജയപ്പെട്ട വ്യക്തിയാണ് ഭരണ സമിതിക്കെതിരെ കേസ് കൊടുത്തിരിക്കുന്നതെന്നും ഇയാള്‍ പരാജയപ്പെടാന്‍ കാരണം തങ്ങളാണെന്ന് തെറ്റിദ്ധരിച്ചതിനാലുമാണ് ഇത്തരം കള്ളക്കേസുമായി മുന്നോട്ട് പോകുന്നതെന്നും അവര്‍ ആരോപിച്ചു.
ഒന്‍പതാം വാര്‍ഡ് ഗ്രാമ സഭയുമായി ബന്ധപ്പെട്ട് ഇദ്ദേഹം നല്‍കിയ പരാതിയെ തുടര്‍ന്നുള്ള രണ്ട് കേസുകള്‍ ഓംമ്പുഡ്‌സ്മാന്‍ കോടതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്‍. ഇതിന്റ് സാക്ഷി വിസ്താരവും കഴിഞ്ഞ ദിവസം പഞ്ചായത്ത് ഹാളില്‍ വെച്ച് നടന്നിരുന്നു. കമ്മീഷണറെ വെച്ചുള്ള അന്വേഷണഷത്തില്‍ ഡി ഡി പി റിപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്.
ജീവനക്കാരെ വ്യക്തിഹത്യ നടത്തുകയും കള്ളക്കേസിന്റ് പേരില്‍ പൊതുജനങ്ങളുടെ സമയം നഷ്ടപ്പെടുത്തുകയും ചെയ്യുന്ന വ്യക്തിക്കെതിരെ നിയമ രംഗത്തെ വിദഗ്ദരുമായി ആലോചിച്ച് നിയമ നടപടി സ്വീകരിക്കും. അനാവശ്യമായി വിവരാവകാശത്തിന്റ് പേരില്‍ ഉദ്യാഗസ്ഥരെ ബുദ്ധിമുട്ടിക്കുന്നത് കാരണം ജീവനക്കാര്‍ ഇവിടെ ജോലി ചെയ്യാന്‍ താത്പര്യപ്പെടുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പഞ്ചായത്ത് പ്രസിഡന്റിന് പുറമെ മുന്‍ വൈസ് പ്രസിഡന്റ് തൈക്കാടന്‍ അബ്ദു, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ മാന്‍ അടിയാട്ടില്‍ ബഷീര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.