മുസ്‌ലിം വിരുദ്ധതയുടെ മുഖഭേദങ്ങള്‍

Posted on: November 3, 2013 6:00 am | Last updated: November 3, 2013 at 12:27 am

muslim_prayer_beadsസമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം നേടിയ ബരാക് ഒബാമയുടെ നാട്ടില്‍ ഏതു കക്ഷി അധികാരത്തില്‍ വരണമെന്നു നിശ്ചയിക്കുന്നത് ജനറല്‍ മോട്ടോഴ്‌സ് ഉള്‍പ്പെടെയുള്ള യുദ്ധോപകരണ വ്യാപാര കുത്തകകളാണ്. ജനാധിപത്യം ആത്മാവില്‍ എങ്ങനെ പണാധിപത്യമായി തീരാം എന്നതിന് അമേരിക്കയോളം മികച്ച ദൃഷ്ടാന്തവും ലോകത്തിലില്ല. അതിനാല്‍ അമേരിക്ക ഭരിക്കുന്ന ഏതൊരു കക്ഷിയുടെയും പ്രാണസംരക്ഷണത്തോളം പ്രധാനമായ ബാധ്യത എന്നത് ലോകമെമ്പാടും യുദ്ധോപകരണ കച്ചവടത്തിന് ആവശ്യമായ സംഘര്‍ഷ സാഹചര്യം സദാ നിലനിര്‍ത്തുക എന്നതാകുന്നു.
ചൈനയും ഇന്ത്യയും തമ്മിലും ഇന്ത്യയും പാക്കിസ്ഥാനും തമ്മിലും ശ്രീലങ്കയും ഇന്ത്യയും തമ്മിലും ബംഗ്ലാദേശും പാക്കിസ്ഥാനും തമ്മിലും ദക്ഷിണ കൊറിയയും ഉത്തര കൊറിയയും തമ്മിലും അറേബ്യന്‍ രാഷ്ട്രങ്ങള്‍ തമ്മില്‍ത്തമ്മിലും കഴിയാവുന്നിടത്തോളം സംഘര്‍ഷങ്ങള്‍ ഉണ്ടാക്കിയെടുത്ത്, ഏത് സമയത്തും യുദ്ധം ആസന്നമാണെന്ന പ്രതീതി സൃഷ്ടിച്ച്, ഓരോ രാജ്യത്തിന്റെയും വാര്‍ഷിക ബജറ്റില്‍ നിന്ന് അതാതു രാഷ്ട്രങ്ങള്‍ പ്രതിരോധത്തിനായി മാറ്റിവെക്കുന്ന ഭാരിച്ച തുകയത്രയും അമേരിക്കയിലെ യുദ്ധോപകരണ വ്യാപാര കുത്തകകള്‍ക്ക് ലഭ്യമാക്കുക എന്നതാണ് അമേരിക്കന്‍ ഭരണകൂടത്തിന്റെ നയം. ഇതിനായി അമേരിക്ക അവരുടെ സി ഐ എ എന്ന ചാരസംഘടനയെ വംശീയവും ജാതീയവും ഭാഷാപരവും മതപരവുമായ വ്യത്യസ്തകളെയെല്ലാം വിദ്വേഷഭരിതമാക്കാനായി എല്ലാ രാഷ്ട്രങ്ങളിലും നിയോഗിക്കും. ശ്രീലങ്കയിലെ തമിഴ് വംശജരും സിംഹളരും തമ്മിലുള്ള പ്രശ്‌നം, സുന്നി- ഷിയാ പ്രശ്‌നം, ചൈനയും ടിബറ്റന്‍ ബൗദ്ധരും തമ്മിലുള്ള പ്രശ്‌നം, മ്യാന്‍മറിലെ ബൗദ്ധരും മുസ്‌ലിംകളും തമ്മിലുള്ള പ്രശ്‌നം, ഇന്ത്യയിലെ ഹിന്ദു- മുസ്‌ലിം പ്രശ്‌നം, ഹിന്ദുക്കളിലെ തന്നെ ആര്യ- ദ്രാവിഡ പ്രശ്‌നം ഇതൊക്കെ സ്പര്‍ധ കലുഷമാക്കാനായി അവര്‍ ഉപയോഗിച്ചുവരുന്ന സാഭാവിക വൈവിധ്യങ്ങളാണ്. വൈവിധ്യങ്ങളെയെല്ലാം പരസ്പരം പോരടിപ്പിക്കുന്ന വിദ്വേഷ കാരണങ്ങളാക്കിത്തീര്‍ക്കുക എന്ന അമേരിക്കയുടെ വിഭജിക്കല്‍ തന്ത്രത്തിന് എപ്പോഴും ഒത്താശ ചെയ്തുവരുന്നത് ഇസ്രാഈല്‍ ചാര സംഘടനയായ മൊസാദ് ആണ്. ഇവര്‍ ഇരുവരും ചേര്‍ന്ന് ഇന്ത്യന്‍ ചാരന്മാരെ പാക്കിസ്ഥാനിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നതിനും പാക്ക് ചാരന്മാരെ ഇന്ത്യന്‍ സമാധാനാന്തരീക്ഷം തകര്‍ക്കുന്നതിനും ഉപയോഗിക്കാമെന്നതും ഒരു ഐ ബി റിപ്പോര്‍ട്ടും കൂടാതെ തന്നെ ഏതൊരാള്‍ക്കും ഊഹിച്ചറിയാവുന്ന വാസ്തവങ്ങളാണ്. അമേരിക്കന്‍ സയണിസ്റ്റ് അച്ചുതണ്ടിന്റെ ചാരപ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് അവസാന കാലത്ത് ഇസ്‌ലാം സ്വീകരിച്ച, ഫ്രഞ്ച് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായിരുന്ന രാജ ഗരോദി നടത്തിയിട്ടുള്ള പഠനങ്ങളും അസാഞ്ചെ, സ്‌നോഡന്‍ എന്നിവര്‍ അടുത്ത കാലത്ത് നടത്തിയിട്ടുള്ള വെളിപ്പെടുത്തലുകളും ഹെഡ്‌ലി എന്ന അമേരിക്കന്‍ ചാര ഭീകരന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യാ പാക് തുടങ്ങിയ രാജ്യങ്ങളുടെ പരസ്പര ബന്ധത്തിനും ആഭ്യന്തര സമാധാനത്തിനും ഉണ്ടാക്കിയിട്ടുള്ള ഗണനീയമായ ഉലച്ചിലുകളും എല്ലാമെല്ലാം മേല്‍പ്പഞ്ഞതിനു പിന്‍ബലമേകുന്ന വസ്തുതകളുമാണ്. ചുരുക്കത്തില്‍, സംഘര്‍ഷം വര്‍ധിപ്പിച്ചു കൊണ്ടു മാത്രമേ സാമ്രാജ്യത്വത്തിന്റെ പരമാധികാരം നിലനിര്‍ത്താനാകൂ എന്നതിലൂന്നിയ ചാര പ്രവര്‍ത്തനങ്ങളാണ് അമേരിക്കന്‍ സയണിസ്റ്റ് അച്ചുതണ്ട് ആയിരം തലകളെക്കൊണ്ട് ചിന്തിച്ചും ആയിരം നാക്കുകൊണ്ട് സംസാരിച്ചും ആയിരം കൈകൊണ്ട് പ്രവര്‍ത്തിച്ചും നടത്തിവരുന്നത്.
ഈയൊരു പശ്ചാത്തലത്തില്‍ ചിന്തിക്കുമ്പോള്‍ ഉത്തര്‍പ്രദേശിനെ ഗുജറാത്തിനു സമാനമാക്കി നേട്ടം കൊയ്യാനായി മോഡി ആസൂത്രണം ചെയ്തു നടപ്പാക്കിയ മുസാഫര്‍നഗര്‍ കലാപത്തെ ഇന്ത്യാ പാക് ബന്ധം വഷളാക്കാനും അതുവഴി ഹിന്ദു മുസ്‌ലിം ധ്രുവീകരണം ശക്തിപ്പെടുത്തി വര്‍ഗീയ സംഘര്‍ഷം വളര്‍ത്താനും പാക് ചാരന്മാരെ അമേരിക്കന്‍ സയണിസ്റ്റ് ചാര പ്രവര്‍ത്തകര്‍ ഉപയോഗിച്ചിട്ടില്ലെന്ന് പാറയാനാകില്ല. അപക്വമായ ഭാഷയിലൂടെയാണെങ്കിലും ഇക്കാര്യത്തിലേക്ക് വിരല്‍ ചൂണ്ടുക മാത്രമാണ് രാഹുല്‍ ഗാന്ധി മുസാഫര്‍ നഗര്‍ കലപത്തെ പാക്കിസ്ഥാന്‍ ചാരന്മാര്‍ ദുരുപയോഗിച്ചേക്കാനിടയുണ്ടെന്ന പ്രസ്താവനയിലൂടെ ചെയ്തത്.
രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയില്‍ മുസാഫര്‍ നഗര്‍ കലാപത്താല്‍ പ്രാഥമിക ജീവിത സാഹചര്യങ്ങള്‍ പോലും നഷ്ടപ്പെട്ട പാവപ്പെട്ട മുസ്‌ലിംകള്‍ക്കു പാക് ചാരപ്രവര്‍ത്തകരുമായി ബന്ധമുണ്ടെന്ന ധ്വനിയൊന്നും ഇല്ല. പക്ഷേ, അത്തരമൊരു ധ്വനി രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയിലുണ്ടെന്ന മട്ടിലാണ് ചില മുസ്‌ലിം സംഘടനകളും നേതാക്കളും, മാധ്യമങ്ങള്‍ പൊതുവെയും, പ്രതികരിച്ചതും ചിത്രീകരിച്ചതും. ഇത്തരം വ്യാഖ്യാനങ്ങള്‍ ആത്യന്തികമായി മുസ്‌ലിം വംശഹത്യയിലൂടെ കാവി ഹിറ്റ്‌ലറായ നരേന്ദ്രമോഡിക്കാണ് പ്രയോജനം ചെയ്യുക എന്ന് തിരിച്ചറിയാനുള്ള വിവേകം എല്ലാവര്‍ക്കുമുണ്ടാകേണ്ടതുണ്ട്. രാഹുല്‍ ഗാന്ധി തീര്‍ച്ചയായും, ഇന്ത്യന്‍ ജനത നേരിടുന്ന ജീവല്‍പ്രശ്‌നങ്ങള്‍ക്ക് പരിഹാരം പ്രദാനം ചെയ്യാനുള്ള മാന്ത്രിക വടി കൈയിലുള്ള യുവ നേതാവല്ല. പക്ഷേ, നരേന്ദ്ര മോഡി മറച്ചു പിടിച്ചിരിക്കുന്ന കാവി ഭീകരതയുടെ ത്രിശൂലത്തേക്കാള്‍ മഹാത്മാ ഗാന്ധി രാഷ്ട്രപിതാവായ ഇന്ത്യയുടെ മതേതര ജനാധിപത്യ രാഷ്ട്രീയ വ്യവസ്ഥക്ക് ഗുണപ്രദമാകുക രാഹുല്‍ ഗാന്ധിയുടെ കരങ്ങളായിരിക്കും. ഇക്കാര്യം വിസ്മരിച്ചുകൊണ്ടുള്ള ഏതൊരു നിലപാടും ഇന്ത്യക്ക് പൊതുവെയും മുസ്‌ലിംകള്‍ക്ക് പ്രത്യേകിച്ചും ദോഷം ചെയ്യും.

[email protected]