ലോകകപ്പിന് സീഡിംഗ് ഇല്ലാതെ ഇംഗ്ലണ്ട്, ഇറ്റലി

Posted on: October 18, 2013 12:50 am | Last updated: October 18, 2013 at 12:50 am

സൂറിച്: നിലവിലെ ചാമ്പ്യന്മാരായ സ്‌പെയിന്‍, യൂറോപ്യന്‍ കരുത്തരായ ഇംഗ്ലണ്ട്, റഷ്യ, കന്നിക്കാരായ ബോസ്‌നിയ ഹെര്‍സഗോവിന, ലാറ്റിനമേരിക്കന്‍ കരുത്തുമായി ചിലി, ഇക്വഡോര്‍, മധ്യ അമേരിക്കയില്‍നിന്ന് ഹോണ്ടുറാസ് എന്നീ ടീമുകള്‍കൂടി യോഗ്യത നേടിയതോടെ, ബ്രസീല്‍ ലോകകപ്പില്‍ സ്ഥാനമുറപ്പിച്ച ടീമുകളുടെ എണ്ണം 21 ആയി. ശേഷിച്ച 11 സ്ഥാനങ്ങളിലേക്കുള്ള ആഫ്രിക്കയില്‍നിന്നുള്ള അഞ്ച് സ്ഥാനങ്ങളൊഴികെ ശേഷിച്ച ആറ് പ്ലേ ഓഫ് സ്ഥാനങ്ങള്‍ക്കായി 12 ടീമുകളും മത്സരസജ്ജരായി. യൂറോപ്പിലെ പ്ലേ ഓഫ് മത്സരങ്ങളുടെ നറുക്കെടുപ്പ് 21ന് നടക്കും.
ലോകകപ്പ് യോഗ്യത നേടിയെങ്കിലും ഗ്രൂപ്പ് നിര്‍ണയത്തിന് സീഡിംഗ് ലഭിക്കാതെ പോയതിന്റെ നിരാശയിലാണ് ഇംഗ്ലണ്ട്, ഇറ്റലി, ഹോളണ്ട് ടീമുകള്‍. ഫിഫ റാങ്കിംഗ് പ്രകാരമാണ് സീഡിംഗ്.
ആതിഥേയരായ ബ്രസീലും ഏഴ് മികച്ച റാങ്കുകാരും ഗ്രൂപ്പ് ഡ്രോയിലെ പോട് ഒന്നില്‍ ഇടം നേടും. ഒന്നാം റാങ്കിംഗ് നിലനിര്‍ത്തിയ സ്‌പെയിന്‍, ജര്‍മനി, അര്‍ജന്റീന, കൊളംബിയ, ബെല്‍ജിയം, ഉറുഗ്വെ, സ്വിറ്റ്‌സര്‍ലാന്‍ഡ് ടീമുകളാണ് പോട് ഒന്നില്‍. ഗ്രൂപ്പ് റൗണ്ടില്‍ മികച്ച ടീമുകള്‍ക്കെതിരെ വരുന്നതില്‍ നിന്ന് രക്ഷപ്പെടാമെന്നതാണ് സീഡിംഗിന്റെ ഗുണം. ജോര്‍ദാനെതിരായ പ്ലേ ഓഫില്‍ ഉറുഗ്വെ അട്ടിമറിക്കപ്പെട്ടാല്‍ എട്ടാം റാങ്കിലുള്ള ഹോളണ്ടിന് സീഡിംഗ് ലഭിക്കും.
യൂറോപ്പിലെ പ്ലേ ഓഫ് നറുക്കെടുപ്പും സീഡിംഗ് പ്രകാരമായിരിക്കും. യൂറോപ്പില്‍നിന്ന് മുന്‍ചാമ്പ്യന്മാര്‍ ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, ക്രൊയേഷ്യ, ഗ്രീസ്, യുെ്രെകന്‍, സ്വീഡന്‍, ഐസ്‌ലന്‍ഡ്, റുമാനിയ എന്നീ ടീമുകളാണ് പ്ലേ ഓഫിന് യോഗ്യരായത്. ലാറ്റിനമേരിക്കയില്‍ അര്‍ജന്റീനയെ തോല്പിച്ച് ഉറുഗ്വായും മധ്യ അമേരിക്കയില്‍ ഭാഗ്യത്തിന്റെ അകമ്പടിയോടെ മെക്‌സിക്കോയും പ്ലേ ഓഫിലെത്തി.ഉറുഗ്വായ്ക്ക് ഏഷ്യന്‍ ടീം ജോര്‍ദനും മെക്‌സിക്കോയ്ക്ക് ഓഷ്യാനിയ ടീം ന്യൂസീലന്‍ഡുമാണ് ഇനി എതിരാളികള്‍.
യൂറോപ്യന്‍ യോഗ്യതാ പോരില്‍ ഇങ്ങനെ: *ഗ്രൂപ്പ്’എ’: നേരത്തേ, യോഗ്യത നേടിയ ബെല്‍ജിയം അവസാന മത്സരത്തില്‍ വെയില്‍സിനോട് സമനില (1-1). ക്രൊയേഷ്യക്ക് സ്‌കോട്ട്‌ലന്‍ഡിനോട് തോല്‍വി (2-0), രണ്ടാം സ്ഥാനക്കാരായി പ്ലേ ഓഫിന്. സെര്‍ബിയ പുറത്തായി.
ഗ്രൂപ്പ് ബിയില്‍ ഇറ്റലി നേരത്തേ, യോഗ്യത നേടി. അവസാന മത്സരത്തില്‍ അര്‍മേനിയയുമായി സമനില (2-2). ഡെന്മാര്‍ക്ക് 6-0ന് മാള്‍ട്ടയെയും ചെക്ക് റിപ്പബ്ലിക് 1-0ന് ബള്‍ഗേറിയയെയും പരാജയപ്പെടുത്തി. ഡെന്മാര്‍ക്ക്, ചെക്ക് റിപ്പബ്ലിക്, ബള്‍ഗേറിയ പുറത്തായി. ഗ്രൂപ്പ് സിയില്‍ ജര്‍മനി നേരത്തേ, യോഗ്യത നേടി. അവസാന മത്സരത്തില്‍ സ്വീഡനെ 5-3ന് തുരത്തി ജര്‍മനി തോല്‍വിയറിയാതെ യോഗ്യതാ റൗണ്ട് പൂര്‍ത്തിയാക്കി.സ്വീഡന്‍ രണ്ടാം സ്ഥാനക്കാരായി പ്ലേ ഓഫിനെത്തി. റിപ്പബ്ലിക് അയര്‍ലന്‍ഡ് പുറത്തായി.
ഗ്രൂപ്പ് ഡിയില്‍ നിന്ന് നേരത്തെ യോഗ്യത ഉറപ്പിച്ച ഹോളണ്ട് അപരാജിതരായി യോഗ്യതാ റൗണ്ട് പൂര്‍ത്തിയാക്കി. അവസാന മത്സരത്തില്‍ തുര്‍ക്കിയെ 2-0ന് കീഴടക്കി. എസ്‌തോണിയയെ 2-0ന് തോല്‍പ്പിച്ച് റുമാനിയ രണ്ടാം സ്ഥാനക്കാരായി പ്ലേ ഓഫിലെത്തി. തുര്‍ക്കിയും, ഹംഗറിയും പുറത്തായി. ഗ്രൂപ്പ് ഇയില്‍ സ്ലേവേനിയയെ ഏകഗോളിന് തോല്‍പ്പിച്ച സ്വിറ്റ്‌സര്‍ലന്‍ഡ് പരാജയമറിയാതെ യോഗ്യതാ റൗണ്ട് പൂര്‍ത്തിയാക്ക. നോര്‍വേയെ സമനിലയില്‍ തളച്ച് (1-1) ഐസ്‌ലന്‍ഡ് രണ്ടാം സ്ഥാനക്കാരായി പ്ലേ ഓഫിന്.
ഗ്രൂപ്പ് എഫില്‍ പോര്‍ച്ചുഗലിനെ രണ്ടാം സ്ഥാനത്താക്കി റഷ്യ 2002നുശേഷം ആദ്യമായി യോഗ്യത നേടി. അവസാന മത്സരത്തില്‍ അസര്‍ബെയ്ജാനുമായി സമനില (1-1). പോര്‍ച്ചുഗല്‍ 3-0ന് ലക്‌സംബര്‍ഗിനെ തോല്പിച്ച് പ്ലേ ഓഫ് സ്ഥാനം കരസ്ഥമാക്കി.
ഗ്രൂപ്പ് ജിയില്‍ യുഗ്ലോസ്ലാവിയന്‍ പിന്‍മുറക്കാരായ ബോസ്‌നിയ ഹെര്‍സഗോവിന ആദ്യമായി ലോകകപ്പിന് യോഗ്യത നേടി. അവസാനമത്സരത്തില്‍ ലിത്വാനിയയെ (10) തോല്‍പിച്ചാണ് യോഗ്യത. ലിക്റ്റന്‍സ്‌റ്റൈനിനെ 2-0ന് വീഴ്ത്തിയ ഗ്രീസ് ഗോള്‍ശരാശരിയില്‍ രണ്ടാം സ്ഥാനക്കാരായി പ്ലേ ഓഫിലെത്തി.
ഗ്രൂപ്പ് എച്ച്ല്‍ ഇംഗ്ലണ്ട് 2-0ന് പോളണ്ടിനെ കീഴടക്കിയാണ് നേരിട്ടുള്ള യോഗ്യത സമ്പാദിച്ചത്. വെയ്ന്‍ റൂണി, സ്റ്റീവന്‍ ജെറാര്‍ഡ് സ്‌കോര്‍ ചെയ്തു. സാന്‍മാറിനോയെ എതിരില്ലാത്ത എട്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ഉെ്രെകന്‍ രണ്ടാം സ്ഥാനത്തോടെ പ്ലേ ഓഫിന്.
ഗ്രൂപ്പ് ഐയില്‍ നിന്ന് നിലവിലെ ജേതാക്കളായ സ്‌പെയിന്‍ അപരാജിതരായി യോഗ്യതാ റൗണ്ട് പൂര്‍ത്തിയാക്കി. അവസാന മത്സരത്തില്‍ ജോര്‍ജിയയുമായി 2-2 സമനിലക്കുരുക്കോടെയാണ് സ്‌പെയിന്‍ ഒന്നാമതായത്. ഫിന്‍ലന്‍ഡിനെ 3-0ന് പരാജയപ്പെടുത്തി ഫ്രാന്‍സ് പ്ലേ ഓഫിന്.
ലാറ്റിനമേരിക്കയിലെ ക്ലാസിക് പോരാട്ടത്തില്‍ അര്‍ജന്റീനയെ 3-2ന് വീഴ്ത്തിയിട്ടും ഉറുഗ്വെക്ക് നേരിട്ട് യോഗ്യത നേടാനായില്ല. ചിലിയോട് 2-1ന് പരാജയപ്പെട്ട ഇക്വഡോര്‍ മികച്ച ഗോള്‍ശരാശരിയില്‍ ഉറുഗ്വെയെ പിന്തള്ളി നാലാമതെത്തി അവസാന യോഗ്യതാ സ്ഥാനം സ്വന്തമാക്കി.
വിജയമുറപ്പിച്ച പനാമക്കെതിരെ അമേരിക്ക ഇന്‍ജുറി ടൈമില്‍ നേടിയ ഇരട്ടഗോളുകള്‍ മധ്യ അമേരിക്കന്‍ കരീബിയന്‍ മേഖലയില്‍ മെക്‌സിക്കോയുടെ രക്ഷക്കെത്തി. അമേരിക്ക 3-2ന് ആവേശജയം നേടിയപ്പോള്‍ മെക്‌സിക്കോ യോഗ്യത നേടിയ കോസ്റ്റാറിക്കയോട് 2-1ന് തോറ്റു. ജമൈക്കയുമായി 2-2 സമനില പാലിച്ച ഹോണ്ടുറാസ് മേഖലയില്‍നിന്നുള്ള മൂന്നാം യോഗ്യതാ സ്ഥാനം സ്വന്തമാക്കി. അമേരിക്ക, കോസ്റ്റാറിക്ക, ഹോണ്ടുറാസ് ടീമുകള്‍ക്ക് നേരിട്ട് യോഗ്യത. മെക്‌സിക്കോ പ്ലേ ഓഫില്‍ ന്യൂസിലാന്‍ഡിനെ നേരിടും.