ലോകത്ത് 40 കോടി കുട്ടികളും ദാരിദ്ര്യത്തില്‍

Posted on: October 12, 2013 12:47 am | Last updated: October 12, 2013 at 12:47 am

poverty_20130311വാഷിംഗ്ടണ്‍: കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനുള്ളില്‍ ലോകത്ത് ദരിദ്ര്യരുടെ എണ്ണം കുത്തനെ വര്‍ധിച്ചതായും 40 കോടി കുട്ടികള്‍ ദാരിദ്ര്യത്താല്‍ വളരെ മോശം അവസ്ഥയിലാണ് ജീവിക്കുന്നതെന്നും ലോക ബേങ്ക് . ദാരിദ്ര്യം ഇല്ലായ്മ ചെയ്യാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇന്ത്യയേയും ചൈനയേയും ഒഴിവാക്കിയാല്‍ ലോകത്തുള്ള ദരിദ്ര ജനങ്ങളുടെ അവസ്ഥ 1981 ല്‍ നിന്നും 2010ലെത്തുമ്പോള്‍ കൂടുതല്‍ ദുരിതപൂര്‍ണമായതായി കഴിഞ്ഞ ദിവസം പുറത്തിറക്കിയ റിപ്പോര്‍ട്ടിലുണ്ട്.
കുറഞ്ഞ വരുമാനമുള്ള രാജ്യത്ത് ജീവിക്കുന്ന ദരിദ്രന്റെ ഒരു ദിവസത്തെ ശരാശരി വരുമാനം 2010ല്‍ 78സെന്റ് ആണെങ്കില്‍ 1981ല്‍ അത് 74 ആയിരുന്നു. എന്നാല്‍ ഇന്ത്യയില്‍ 1981ല്‍ 84 സെന്റ് ആയിരുന്നത് 2010ല്‍ 96 സെന്റ് ആയി ഉയര്‍ന്നിട്ടുണ്ട്. ചൈനയില്‍് 67ല്‍നിന്നും 95സെന്റായി ഉയര്‍ന്നിട്ടുണ്ട്. 2010ല്‍ ലോകത്ത് 721 കോടി ജനങ്ങള്‍ കടുത്ത ദാരിദ്രത്തെയാണ് അഭിമുഖീകരിച്ചത്. 1981ലെ സ്ഥിതിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവരുടെ ഒരു ദിവസത്തെ ശരാശരി വരുമാനം 1.25 ഡോളര്‍ മാത്രമാണ്.
മൂന്ന് പതിറ്റാണ്ടിനുള്ളില്‍ ദാരിദ്ര്യത്തില്‍നിന്നും പുറത്തുകടക്കാന്‍ ജനങ്ങള്‍ ചരിത്രപരമായ മുന്നേറ്റം നടത്തിയിട്ടുണ്ടെങ്കിലും കുട്ടികള്‍ അനുഭവിക്കുന്ന ദാരിദ്ര്യത്തെ മറികടക്കാന്‍ കൂടുതല്‍ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് ലോക ബേങ്ക് പ്രസിഡന്റ് ജിം യോംഗ് കിം പറഞ്ഞു. ഇടത്തരം വരുമാനമുള്ള ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ ദാരിദ്ര്യത്തില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ടെങ്കിലും കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളില്‍ കുറഞ്ഞ പുരോഗതി മാത്രമേ കാണിക്കുന്നുള്ളൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.