Connect with us

Kollam

വാളകം കേസ് അട്ടിമറിക്കുന്നു?

Published

|

Last Updated

കൊല്ലം: പ്രമാദമായ വാളകം കേസ് അന്വേഷണം അട്ടിമറിക്കാന്‍ നീക്കം നടക്കുന്നതായി ആരോപണമുയരുന്നു. സി ബി ഐ അന്വേഷണ സംഘത്തലവനെയും സംഘത്തിലെ പ്രധാനപ്പെട്ട രണ്ട് ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റിയിട്ട് ഒരു മാസം കഴിഞ്ഞു.

പകരം ആളിനെ നിയോഗിക്കാത്തതാണ് അന്വേഷണം അട്ടിമറിക്കപ്പെടുന്നു എന്ന ആരോപണം ബലപ്പെടാന്‍ കാരണം. അന്വേഷണ സംഘത്തലവന്‍ എ എസ് പി നന്ദകുമാരന്‍ നായരെ മുംബൈയിലേക്കാണ് സ്ഥലം മാറ്റിയത്.
സി ബി ഐ സംഘത്തിലെ എ എസ് ഐമാരായിരുന്ന സ്റ്റാന്‍ലിന്‍, ജോണ്‍, സുനില്‍കുമാര്‍ എന്നിവരെയും സ്ഥലം മാറ്റി. ഇവര്‍ക്കു പകരമായി ആരെയും നിയോഗിച്ചിട്ടുമില്ല. അന്വേഷണം അവസാന ഘട്ടമെത്തിയപ്പോഴുണ്ടായ സ്ഥലം മാറ്റത്തില്‍ ദുരൂഹതയുളളതായി സംശയം ബലപ്പെടുകയാണ്.
വാളകം സംഭവത്തിന് രണ്ട് വര്‍ഷം തികയാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കവെയാണ് അന്വേഷണ സംഘത്തില്‍ പെട്ടവരെ “നാടു കടത്തിയത്”.
2011 സെപ്തംബര്‍ 27ന് രാത്രി പത്തോടെയാണ് വാളകം ആര്‍ വി എച്ച് എസ് എസിലെ അധ്യാപകന്‍ കൃഷ്ണകുമാറിനെ ഗുരുതര പരുക്കുകളോടെ എം സി റോഡില്‍ വാളകം എം എല്‍ എ മുക്കിന് സമീപം കണ്ടെത്തിയത്. മൃതപ്രായനായിരുന്ന അധ്യാപകന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മാസങ്ങളോളം നീണ്ടുനിന്ന ചികിത്സകള്‍ക്കൊടുവിലാണ് സാധാരണ ജീവിതത്തിലേക്ക് തിരുച്ചുവരാനായത്.
അധ്യാപകന് നേരെ നടന്നത് ആസൂത്രിതമായ കൊലപാതക ശ്രമമാണെന്നും തങ്ങളോട് പകയുളള സ്‌കൂള്‍ മാനേജ്‌മെന്റാണ് ഇതിന് പിന്നിലെന്നുമുളള അധ്യാപകന്റെ ഭാര്യയും ഇതേ സ്‌കൂളിലെ പ്രധാനാധ്യാപികയുമായ കെ ആര്‍ ഗീതയുടെ വെളിപ്പെടുത്തലാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. മുന്‍ മന്ത്രി ആര്‍ ബാലകൃഷ്ണപിള്ളയുടെ ഉടമസ്ഥതയിലുള്ളതാണ് ആര്‍ വി എച്ച് എസ് എസ്. അധ്യാപക ദമ്പതികളും മാനേജ്‌മെന്റും തമ്മില്‍ ചില തര്‍ക്കങ്ങളും കേസുകളും നിലവിലുണ്ടായിരുന്നു.
അധ്യാപക ദമ്പതികള്‍ക്ക് അനുകൂലമായി കോടതി ഉത്തരവും ലഭിച്ചിരുന്നു. ഇതിനുളള പക പോക്കലായിരുന്നു ആക്രമണത്തിനു പിന്നിലെന്ന് ഗീത വെളിപ്പെടുത്തിയതോടെ പ്രക്ഷോഭങ്ങളുമായി പ്രതിപക്ഷ സംഘടനകള്‍ രംഗത്തെത്തി. സെക്രട്ടേറിയറ്റ് മാര്‍ച്ചുള്‍പ്പെടെയുളള സമരപരിപാടികളും അരങ്ങേറി.
തുടര്‍ന്ന് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. ലോക്കല്‍ പോലീസ് ശാസ്ത്രീയ അന്വേഷണമുള്‍പ്പെടെ നടത്തിയെങ്കിലും സംഭവത്തിലെ ദുരൂഹത നീക്കാന്‍ കഴിഞ്ഞില്ല. കേസ് സി ബി ഐക്ക് കൈമാറാന്‍ മുഖ്യമന്ത്രി ഉത്തരവിടുകയായിരുന്നു. മുന്‍മന്ത്രി ആര്‍ ബാലകൃഷ്ണപിള്ളയെയും മകന്‍ കെ ബി ഗണേഷ്‌കുമാര്‍ എം എല്‍ എയെയും ചോദ്യം ചെയ്യാനും മൊഴിരേഖപ്പെടുത്താനും സി ബി ഐ സംഘം തയാറെടുത്തുവരവെയാണ് അന്വേഷണ ഉദ്യോഗസ്ഥരെ പെട്ടെന്ന് സ്ഥലം മാറ്റിയത്.