Connect with us

Kerala

450 എന്‍ ആര്‍ എച്ച് എം ജീവനക്കാരെ പിരിച്ചുവിട്ടു

Published

|

Last Updated

തിരുവനന്തപുരം: ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്‍ (എന്‍ ആര്‍ എച്ച് എം) വഴി നിയമിതരായ ഡോക്ടര്‍മാരുള്‍പ്പെടെ 450ലധികം ജീവനക്കാരെ പിരിച്ചുവിട്ടു. കേന്ദ്രം നിഷ്‌കര്‍ഷിച്ച കരാര്‍ തസ്തികകളുടെ എണ്ണത്തില്‍ കൃത്യതവരുത്താനാണ് നടപടിയെങ്കിലും പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം താളം തെറ്റുമെന്നാണ് ആശങ്ക. കരാര്‍ നിയമനങ്ങള്‍ക്ക് എഴുത്തുപരീക്ഷയും അഭിമുഖവും നിര്‍ബന്ധമാക്കാനും തീരുമാനമായി. ആശുപത്രികളില്‍ ഡോക്ടര്‍മാരില്ലെങ്കിലും പാരാ മെഡിക്കല്‍ ജീവനക്കാരില്ലെങ്കിലും ആ ഒഴിവ് നികത്തിയിരുന്നത് എന്‍ ആര്‍ എച്ച് എം മുഖേനയായിരുന്നു. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിച്ചപ്പോള്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലുള്‍പ്പെടെ ഒ പിയും വൈകീട്ടത്തെ ഒ പിയും നടത്തിയതും ഇവരെ വിന്യസിച്ചുകൊണ്ടാണ്. ഇനി മുതല്‍ ഈ പതിവുണ്ടാകില്ല. പകരം എന്‍ ആര്‍ എച്ച് എം സംസ്ഥാന ഘടകം കൃത്യമായ ഒരു പട്ടിക തയ്യാറാക്കും. കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡപ്രകാരമുള്ള ഒഴിവാണെങ്കില്‍ മാത്രമാകും നിയമനം.

അധികമുള്ള കരാര്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനമായതും ഇതിന്റെ അടിസ്ഥാനത്തിലാണ്. എന്‍ ആര്‍ എച്ച് എം വഴി നിലവില്‍ 699 സിവില്‍ സര്‍ജന്‍മാര്‍ വിവിധ ആശുപത്രികളിലായി ജോലി ചെയ്യുന്നുണ്ട്. ഇത് 617 ആയി നിജപ്പെടുത്തി. സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരില്‍ 38 പേരുടെ കാലാവധിയും അവസാനിച്ചു. 53 ആയുര്‍വേദ ഡോക്ടര്‍മാരുടെ തസ്തികയും വെട്ടിക്കുറിച്ചിട്ടുണ്ട്. 202 സ്റ്റാഫ് നഴ്‌സുമാര്‍ക്കും 51 ഫാര്‍മസിസ്റ്റുമാര്‍ക്കും 23 ലാബ് ടെക്‌നീഷ്യന്‍മാര്‍ക്കും ജോലി നഷ്ടമായതായാണ് കണക്ക്. ആരോഗ്യമേഖലയിലുണ്ടാവുന്ന പ്രതിസന്ധി മറികടക്കാന്‍ കൂടുതല്‍ തസ്തികകള്‍ സൃഷ്ടിച്ച് പി എസ് സി വഴി നിയമനം നടത്താനാണ് ആരോഗ്യ വകുപ്പിന്റെ നീക്കം.