Connect with us

Malappuram

നീതി നിഷേധത്തിനെതിരെ സി ഐ ഓഫീസ് മാര്‍ച്ച് ഇന്ന്

Published

|

Last Updated

മഞ്ചേരി: എളങ്കൂര്‍ മഹല്ല് ട്രഷററും യൂനിറ്റ് എസ് വൈ എസ് വൈസ് പ്രസിഡന്റുമായിരുന്ന തിരുത്തിയില്‍ അബുഹാജിയെ ദാരുണമായി കൊലപ്പെടുത്തിയ വിഘടിത ഗുണ്ടാസംഘങ്ങളെ സംഭവം കഴിഞ്ഞ ഒരാഴ്ചയായിട്ടും അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചും നീതി നിഷേധത്തിനെതിരെയും സുന്നി സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ ഇന്ന് രാവിലെ പത്തിന് സി ഐ ഓഫീസ് മാര്‍ച്ച് നടത്തും.
മഞ്ചേരിയിലും പരിസരങ്ങളിലും നിരപരാധികളായ സുന്നി പ്രവര്‍ത്തകരെ സംഘം ചേര്‍ന്ന് മാരകമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും കാര്യമായ യാതൊരു നടപടികളുമുണ്ടാകാത്തതാണ് തുടര്‍ന്നും കൊലവിളി നടത്താന്‍ വിഘടിത ഗുണ്ടകള്‍ക്ക് പ്രചോദനമാകുന്നത്. രാഷ്ട്രീയ മേലാളന്മാരുടെ താത്പര്യത്തിന് വഴങ്ങി അധികാരികള്‍ നടത്തുന്ന വഴിവിട്ട ശ്രമങ്ങള്‍ക്കെതിരെയുള്ള കനത്ത താക്കീതായി മാറും പ്രതിഷേധ മാര്‍ച്ച്.
ഹികമിയ്യ മസ്ജിദ് പരിസരത്ത് നിന്ന് ആരംഭിക്കുന്ന മാര്‍ച്ച് എസ് വൈ എസ് ജില്ലാ സെക്രട്ടറി എം അബൂബക്കര്‍ പടിക്കല്‍ ഉദ്ഘാടനം ചെയ്യും. എസ് വൈ എസ്, എസ് എഫ് എഫ് സോണ്‍, ഡിവിഷന്‍ നേതാക്കള്‍ പ്രതിഷേധ മാര്‍ച്ചിന് നേതൃത്വം നല്‍കും.
പ്രതികളെ മുഴുവന്‍ അറസ്റ്റ് ചെയ്ത് നിയമവും നീതിയും നടപ്പാക്കുന്നത് വരെ ശക്തമായ പ്രക്ഷോഭപരിപാടികളുമായി മുന്നോട്ടു പോകാന്‍ സുന്നി സംഘടനകള്‍ തീരുമാനിച്ചു. ഇതിനായി പ്രൊഫ. കെ എം എ റഹീം (ചെയ.), അബ്ദുര്‍റഹ്മാന്‍ കാരക്കുന്ന് (ജന.കണ്‍.), ഹസൈനാര്‍ സഖാഫി കുട്ടശ്ശേരി, സൈനുദ്ദീന്‍ സഖാഫി ഇരുമ്പുഴി, ഒ എം എ റഷീദ്ഹാജി, മുഹമ്മദ് ശരീഫ് നിസാമി, യു ടി എം ശമീര്‍ പുല്ലൂര്‍, അബ്ദുര്‍റഹീം സഅദി, അബ്ദുല്ല മേലാക്കം, ഹൈദര്‍ പാണ്ടിക്കാട്, മുജീബ് കൂട്ടാവില്‍, ജബ്ബാര്‍ഹാജി തൃപ്പനച്ചി, അബ്ദുര്‍റസാഖ് ഹാജി, യൂസുഫ് പെരിമ്പലം അംഗങ്ങളുമായുള്ള സമര സമിതിയെ തിരഞ്ഞെടുത്തു.