ശ്രീനഗറില്‍ തീവ്രവാദി ആക്രമണം നടന്നെന്ന് സൈന്യം; തെളിവില്ലെന്ന് പോലീസ്‌

Posted on: September 29, 2013 1:37 am | Last updated: September 29, 2013 at 1:37 am

28-9-2013-d-gh12-Oശ്രീനഗര്‍: ജമ്മു കാശ്മീരിലെ ശ്രീനഗറില്‍ സുരക്ഷാ സൈനികരുടെ വാഹന വ്യൂഹത്തിന് നേരെ തീവ്രവാദി ആക്രമണം നടന്നതിന് തെളിവില്ലെന്ന് പോലീസ്. സംശയം കാരണമായിരിക്കാം സൈന്യം നൂറിലേറെ തവണ ആകാശത്തേക്ക് വെടിവെച്ചതെന്ന് ശ്രീനഗര്‍ സീനിയര്‍ പോലീസ് സൂപ്രണ്ട് സയ്യിദ് ആശിഖ് ഹുസൈന്‍ ബുഖാരി അറിയിച്ചതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.
സൈനിക വാഹന വ്യൂഹനത്തിന് നേരെ തീവ്രവാദി ആക്രമണമുണ്ടായതിന് തെളിവില്ലെന്ന് ഹൈദര്‍പോറ പ്രദേശം സന്ദര്‍ശിച്ചതിന് ശേഷം എസ് എസ് പി പറഞ്ഞു. തീവ്രവാദി ആക്രമണങ്ങളില്‍ ആളപായം ഉണ്ടാകാറുണ്ട്. 20 വര്‍ഷത്തെ തങ്ങളുടെ നിരീക്ഷണത്തില്‍ ബോധ്യപ്പെട്ടതാണിത്. ബുഖാരി പറഞ്ഞു. അതേസമയം, ഒരു തീവ്രവാദിക്ക് പരുക്കേറ്റത് അദ്ദേഹം സ്ഥിരീകരിച്ചു. ഗ്ലാസ് കഷണമേറ്റായിരിക്കും തീവ്രവാദിയുടെ കാലിന് പരുക്കേറ്റതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശ്രീനഗറിന് സമീപം സനത് നഗറിനും ഹൈദര്‍പോറ ബൈപാസ് റോഡിനും ഇടയില്‍ ഉച്ചക്ക് ശേഷം ബൈക്കിലെത്തിയ രണ്ട് പേര്‍ സൈനിക വാഹനങ്ങള്‍ക്ക് നേരെ വെടിവെച്ചതായി സൈന്യം അവകാശപ്പെട്ടിരുന്നു. പരസ്പര വെടിവെപ്പ് കുറച്ച് നേരം നീണ്ടുനിന്നതായും സംഭവത്തില്‍ ഒരു പ്രദേശവാസിക്ക് പരുക്കേറ്റതായും സൈന്യം അറിയിച്ചിരുന്നു.
സംഭവത്തെ തുടര്‍ന്ന് മേഖല മുഴുവന്‍ സൈനിക വലയത്തിലായിട്ടുണ്ട്. വെടിവെപ്പ് നടത്തിയ തീവ്രവാദികള്‍ക്ക് വേണ്ടി വ്യാപക തിരച്ചില്‍ ആരംഭിച്ചു. ഏറെ അറിയപ്പെടാത്ത ശുഹദ ബ്രിഗേഡ് എന്ന സംഘടന സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. തങ്ങളുടെ അംഗങ്ങളാണ് ആക്രമണം നടത്തിയതെന്ന് ശുഹദ ബ്രിഗേഡ് അവകാശപ്പെട്ടു. ശ്രീനഗറിലെ സനത് നഗറില്‍ തങ്ങളുടെ രണ്ട് അംഗങ്ങളാണ് സൈന്യത്തിനെതിരെ ആക്രമണം നടത്തിയതെന്ന് ശംസുല്‍ ഹഖ് എന്ന് പരിചയപ്പെടുത്തി, ഗ്രൂപ്പിന്റെ വക്താവ് പി ടി ഐയോട് ഫോണിലൂടെ അറിയിച്ചു. ജമ്മുവില്‍ വ്യാഴാഴ്ച പോലീസ് സ്റ്റേഷനും സൈനിക ക്യാമ്പിനും നേരെ നടന്ന ഇരട്ട ഭീകരാക്രമണങ്ങളുടെ ഉത്തരവാദിത്വവും ഈ സംഘടനയാണ് ഏറ്റെടുത്തത്. ഇതില്‍ ലഫ്. കേണല്‍ അടക്കം പത്ത് പേര്‍ മരിച്ചിരുന്നു. ആക്രമണം നടത്തിയ മൂന്ന് തീവ്രവാദികളെയും വധിച്ചിരുന്നു.
അതേസമയം, തീവ്രവാദികളെ കണ്ടതായി ഗ്രാമീണര്‍ അറിയച്ചതിനെ തുടര്‍ന്ന് കത്വയിലും സമീപ പ്രദേശങ്ങളിലും സൈന്യം അതീവ ജാഗ്രത പുലര്‍ത്തുകയാണ്. ഇവിടെ വ്യാപക തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
കത്വ ജില്ലയിലെ ദയാലചക്കില്‍ ഇന്നലെ രാവിലെ സൈനിക യൂനിഫോമില്‍ തീവ്രവാദികളെ കണ്ടുവെന്നാണ് ഗ്രാമീണര്‍ അറിയിച്ചത്. പ്രദേശം സൈനികര്‍ അരിച്ചുപെറുക്കുകയാണ്. ജമ്മു- പത്താന്‍കോട്ട് ദേശീയപാത അടച്ചിട്ടുണ്ട്. കത്വയിലും സമീപ പ്രദേശങ്ങളിലും അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പോലീസ്, സി ആര്‍ പി എഫ്, സൈന്യം, മറ്റ് ഇന്റലിജന്‍സ് ഏജന്‍സികള്‍ എന്നിവ സംയുക്തമായാണ് ഇവിടെ നടപടി ആരംഭിച്ചത്. ഇതുവരെ സംശയാസ്പദമായ നിലയില്‍ ആരെയും കണ്ടെത്തിയിട്ടില്ലെന്ന് ജമ്മു- കത്വാ റേഞ്ച് ഡി ഐ ജി ശക്കീല്‍ അഹ്മദ് ബേഗ് പറഞ്ഞു. അതിനിടെ, കത്വയിലെ ഹിരാനഗറിനും ദയാല്‍ചക്കിനുമിടയിലുള്ള ഛിര്‍ഖിലെ സര്‍ക്കാര്‍ സ്‌കൂളിന് നേരെ തീവ്രവാദികള്‍ വെടിവെച്ചുവെന്ന വാര്‍ത്ത വ്യാജമാണെന്ന് ജില്ലാ അധികൃതര്‍ വ്യക്തമാക്കി. കിംവദന്തികള്‍ പ്രചരിപ്പിക്കരുതെന്ന് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.