Connect with us

Gulf

ജാഫ്‌സയിലെ മസ്ജിദുകള്‍ മതകാര്യ വകുപ്പ് ഏറ്റെടുത്തു

Published

|

Last Updated

ദുബൈ: ജബല്‍ അലി ഫ്രീസോണി (ജാഫ്‌സ) ലെ മുഴുവന്‍ മസ്ജിദുകളും ഏറ്റെടുക്കാന്‍ ദുബൈ മതകാര്യ വകുപ്പിന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ദുബൈ മതകാര്യ വകുപ്പും ജാഫ്‌സ അധികാരികളും തമ്മില്‍ കരാറില്‍ ഒപ്പിട്ടു. ജാഫ്‌സയുടെ പരിധിയിലുള്ള മുഴുവന്‍ മസ്ജിദുകളിലെയും ജീവനക്കാരുടെ നിയമനവും അനുബന്ധ കാര്യങ്ങളും ഇതുവരെ ഫ്രീസോണ്‍ അതോറിറ്റിയുടെ അധികാരത്തില്‍പ്പെട്ടതായിരുന്നു.
പുതിയ കരാര്‍ അനുസരിച്ച് ഫ്രീസോണിലെ മുഴുവന്‍ മസ്ജിദുകളിലെയും ജീവനക്കാരുടെ നിയമങ്ങള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ കാര്യങ്ങളും നടത്തിപ്പും മതകാര്യ വകുപ്പിന്റെ നിയന്ത്രണത്തിലായിരിക്കും. പുറത്തുള്ള മസ്ജിദുകളുടെ അതേ നിയമങ്ങളും ചട്ടങ്ങളും ഇവക്കും ബാധകമായിരിക്കും.
മസ്ജിദുകളില്‍ നടക്കാറുള്ള പഠന ക്ലാസുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളുടെ നിയന്ത്രണവും മതകാര്യ വകുപ്പിന്റെ അധീനതയിലായിരിക്കും. കരാര്‍ ഒപ്പിടല്‍ ചടങ്ങില്‍ മതകാര്യ വകുപ്പ് ഉപ മേധാവി ഉമര്‍ അല്‍ ഖതീബും ജാഫ്‌സ ഓപ്പറേഷന്‍ എക്‌സിക്യൂട്ടീവ് തലവന്‍ തലാല്‍ അല്‍ ഹാശിമിയും സംബന്ധിച്ചു.