നബ്ബയില്‍ ഒരു മാസത്തിനിടെ നാല് കവര്‍ച്ച

Posted on: September 27, 2013 7:56 pm | Last updated: September 27, 2013 at 7:56 pm

ഷാര്‍ജ: ഷാര്‍ജ അല്‍ നബ്ബയില്‍ നാല് സ്ഥലങ്ങളില്‍ തുടരെ കവര്‍ച്ച. നബ്ബ റൗണ്ട് എബൗട്ടിന് സമീപമുള്ള ഫഌറ്റുകളിലാണ് ഒരു മാസത്തിനുള്ളില്‍ നാല് കവര്‍ച്ച നടന്നത്. അവസാനമായി കഴിഞ്ഞ ദിവസം ഹൈദരാബാദ് സ്വദേശിയുടെ ഫഌറ്റിലായിരുന്നു കവര്‍ച്ച. ഇവിടെ നിന്നും 13,000 ദിര്‍ഹമാണ് മോഷ്ടിക്കപ്പെട്ടത്. സ്ത്രീകള്‍ സ്‌കൂള്‍ വിട്ടുവരുന്ന മക്കളെ സ്വീകരിക്കാന്‍ പുറത്തേക്ക് വരുന്ന തക്കം നോക്കിയാണ് മോഷണം.
മുറിയുടെ പൂട്ട് പൊളിച്ച് മോഷണം നടത്തുകയാണ് കവര്‍ച്ചാ സംഘത്തിന്റെ രീതി. ഇവിടങ്ങളില്‍ നടന്ന മോഷണങ്ങളെല്ലാം പട്ടാപ്പകലാണെന്നത് പ്രദേശവാസികളെ ആശങ്കപ്പെടുത്തുന്നു. സമീപത്തെ ആഫ്രിക്കന്‍ വംശജന്‍ താമസിക്കുന്ന ഫഌറ്റിലാണ് രണ്ടാമത്തെ മോഷണ ശ്രമം നടന്നത്. ഇവിടെ നിന്നും സാധനങ്ങള്‍ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് അറിയുന്നത്. അവസാനം മോഷണം നടത്തിയ കെട്ടിടത്തിലെ സി സി ടിവിയില്‍ മോഷ്ടാവിന്റെ ചിത്രം പതിഞ്ഞിട്ടുണ്ട്.