Connect with us

Eranakulam

മറ്റു ജില്ലകളിലേക്കുള്ള എ സി ലോ ഫ്‌ളോര്‍ ബസുകളുടെ സര്‍വീസ് കോടതി തടഞ്ഞു

Published

|

Last Updated

കൊച്ചി: ജന്റം പദ്ധതി പ്രകാരം കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച എ സി ലോ ഫ്‌ളോര്‍ ബസുകളുടെ സര്‍വീസ് എറണാകുളം ജില്ലയുടെ പുറത്തേക്ക് വ്യാപിപ്പിച്ച കെ എസ് ആര്‍ ടി സിയുടെ നടപടി ഹൈക്കോടതി തടഞ്ഞു. കൊച്ചി നഗരത്തിന് അനുവദിച്ച 50 ബസുകളില്‍ അഞ്ചെണ്ണം തിരുവനന്തപുരത്തും കോട്ടയം, തൃശൂര്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്ക് സര്‍വീസ് നടത്താന്‍ ഉപയോഗിക്കുന്നത് ഉടനടി നിര്‍ത്തിവെക്കാന്‍ ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടു.

കേന്ദ്ര സര്‍ക്കാറിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായാണ് ജന്റം ബസുകളുടെ സര്‍വീസ് മറ്റു ജില്ലകളിലേക്ക് വ്യാപിപ്പിച്ചതെന്ന് വിലയിരുത്തിയാണ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരും ജസ്റ്റിസ് എ എം ശെഫിക്കും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചിന്റെ ഇടക്കാല ഉത്തരവ്. പദ്ധതി പ്രകാരം അനുവദിച്ച ബസുകള്‍ കൊച്ചി നഗരത്തില്‍ സ്ഥിതി ചെയ്യുന്ന സര്‍ക്കാര്‍ ഓഫീസുകളിലേക്കും ഹൈക്കോടതിയടക്കമുള്ള കേന്ദ്രത്തിലേക്കും സര്‍വീസ് നടത്താന്‍ പ്രയോജനപ്പെടുത്തുന്ന കാര്യം പരിഗണിക്കണമെന്നും കെ എസ് ആര്‍ ടി സിക്ക് കോടതി നിര്‍ദേശം നല്‍കി.
കൊച്ചി നഗരത്തിലെ മുഴുവന്‍ പ്രദേശങ്ങളിലും ഗതാഗത സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്നത് സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കെ എസ് ആര്‍ ടി സിക്ക് കോടതി നിര്‍ദേശം നല്‍കി. ബസുകള്‍ അനുവദിക്കുന്നതിനായി കേന്ദ്ര സര്‍ക്കാറുമായി ഏര്‍പ്പെട്ടിട്ടുള്ള കരാറിന്റെ വ്യവസ്ഥകള്‍ എന്തൊക്കെയെന്ന് അറിയിക്കണമെന്നും ഡിവിഷന്‍ ബഞ്ച് നിര്‍ദേശിച്ചു.
ജന്റം ബസുകളുടെ സര്‍വീസ് കൊച്ചി നഗരത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചത് കേന്ദ്ര മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ആരോപിച്ച് ഹൈക്കോടതി അഭിഭാഷകന്‍ ഡോ. കെ പി പ്രദീപ് സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജിയാണ് ഡിവിഷന്‍ ബഞ്ച് പരിഗണിച്ചത്.
കൊച്ചി നഗരത്തിലെ പൊതുഗതാഗത സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനാണ് ബസുകള്‍ അനുവദിച്ചതെന്നും ഇത് നഗരത്തിന് പുറത്തേക്ക് സര്‍വീസ് നടത്തുന്നത് അനുവദനീയമല്ലെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

 

Latest