സ്വര്‍ണത്തോണി തട്ടിപ്പ്: ഉത്തരേന്ത്യന്‍ യുവാക്കള്‍ പോലീസ് പിടിയില്‍

Posted on: September 24, 2013 1:04 am | Last updated: September 24, 2013 at 1:04 am

അരീക്കോട്: സ്വര്‍ണത്തോണിയെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ സ്വര്‍ണം വില്‍ക്കാനെത്തിയ ഉത്തരേന്ത്യന്‍ യുവാക്കള്‍ പോലീസ് പിടിയിലായി. ആസാം സ്വദേശികളായ മാഹിദുല്‍ ഇസ്‌ലാം (25), ഫുലാന്‍ റഹ്മാന്‍ (26), സമേദ് അലി (24) എന്നിവരാണ് പൊലീസ് പിടിയിലായത്.
വില്‍പ്പനക്കായി കൊണ്ടുവന്ന വ്യാജ സ്വര്‍ണത്തോണി മൂന്ന് മൊബൈല്‍ ഫോണുകള്‍, തിരിച്ചറിയല്‍ രേഖകള്‍, എ ടി എം കാര്‍ഡുകള്‍ എന്നിവ പൊലീസ് പിടിച്ചെടുത്തു.
തട്ടിപ്പ് സംഘത്തില്‍ ഒരു അങ്കമാലി സ്വദേശി കൂടി ഉണ്ടായിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. സംഘത്തില്‍ കൂടുതല്‍ പേരുണ്ടോയെന്ന് അന്വേഷിച്ചു വരികയാണ്.
ഇന്നലെ വൈകീട്ടായിരുന്നു സംഭവം. കാവനൂരിലെ ഒരു വീട്ടില്‍ ജോലിക്കെത്തിയ യുവാക്കള്‍ തങ്ങളുടെ കൈവശം സ്വര്‍ണത്തോണി ഉണ്ടെന്നും വില്‍ക്കാന്‍ തയ്യാറാണെന്നും വീട്ടുകാരനെ പറഞ്ഞ് വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു. ബംഗളുരുവില്‍ ടവര്‍ നിര്‍മാണത്തിനിടയില്‍ ലഭിച്ചതാണ് സ്വര്‍ണത്തോണികളെന്നാണ് ഇവര്‍ വീട്ടുകാനോട് പറഞ്ഞത്.
സ്വര്‍ണത്തോണിയില്‍ നിന്ന് ഒരു കഷ്ണം മുറിച്ചുനല്‍കി ഒറിജിനലാണെന്ന് തെളിയിച്ച ശേഷം നാല്‍പ്പത് ലക്ഷം രൂപ വില വരുമെന്നും അഡ്വാന്‍സായി പന്ത്രണ്ട് ലക്ഷം രൂപ നല്‍കണമെന്നും പറഞ്ഞു. സ്വര്‍ണം തൂക്കിനോക്കാന്‍ വീട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും അഡ്വാന്‍സ് പണം കൈയില്‍ കിട്ടാതെ തൂക്കിനോക്കാന്‍ യുവാക്കള്‍ തയ്യാറായില്ല. തട്ടിപ്പ് മനസ്സിലാക്കിയ വീട്ടുകാരന്‍ അഞ്ഞൂറ് രൂപ അഡ്വാന്‍സ് നല്‍കി ബാക്കി തുക അടുത്ത ദിവസം തരാമെന്നും പറഞ്ഞു.
പ്രതീക്ഷിച്ച പോലെ ഇന്നലെ വൈകീട്ട് നാല് മണിയോടെ സ്വര്‍ണത്തോണിയുമയി യുവാക്കള്‍ വീട്ടിലെത്തി. തന്ത്രപരമായി മൂന്ന് പേരെയും മുറിക്കുള്ളിലാക്കി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ആദ്യഘട്ടത്തില്‍ പരിശോധനക്കായി ഒറിജിനല്‍ സ്വര്‍ണം നല്‍കുകയും പിന്നീട് പണം വാങ്ങി മുങ്ങുകയാണ് യുവാക്കളുടെ തട്ടിപ്പ് രീതിയെന്നും പിടിച്ചെടുത്ത വ്യാജ സ്വര്‍ണത്തോണിക്ക് ഒരു കിലോ തൂക്കം വരുമെന്നും പൊലീസ് പറഞ്ഞു.