പദവികളോട് മുഖം തിരിച്ച ആശാന്‍

Posted on: September 19, 2013 6:00 am | Last updated: September 18, 2013 at 11:23 pm

തിരുവനന്തപുരം: അധികാര രാഷ്ട്രീയത്തില്‍ നിന്ന് മുഖം തിരിച്ച,് വിശ്വസിച്ച ആദര്‍ശത്തിന്റെ സാക്ഷാത്കാരത്തിനായി ജീവിതം സമര്‍പ്പിച്ച രാഷ്ട്രീയ വിശുദ്ധിയാണ് വെളിയം ഭാര്‍ഗവനെന്ന അതുല്യ കമ്മ്യൂണിസ്റ്റ് നേതാവിന് ‘ആശാന്‍’ എന്ന വിളിപ്പേര് സമ്മാനിച്ചത്. അടുത്തറിയുന്നവര്‍ക്കെല്ലാം ആശാനായിരുന്നു വെളിയം ഭാര്‍ഗവന്‍. പാര്‍ലിമെന്ററി മോഹങ്ങള്‍ക്കപ്പുറത്തും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രവര്‍ത്തന മേഖലകളുണ്ടെന്ന് തെളിയിക്കാന്‍ ജീവിതം സമര്‍പ്പിച്ച അപൂര്‍വ ജീവിതമായിരുന്നു വെളിയം ഭാര്‍ഗവന്റെത്.

ആത്മീയതയും കമ്മ്യൂണിസവും രണ്ട് ധ്രുവങ്ങളില്‍ നില്‍ക്കുന്ന ചിന്തകളാണെങ്കിലും ഇരു വഴികളിലൂടെയും സഞ്ചരിച്ച വ്യക്തിത്വമായിരുന്നു കേരള രാഷ്ട്രീയത്തിലെ ഈ ആശാന്‍. 1928ല്‍ കൊല്ലം ജില്ലയിലെ വെളിയത്ത് ജനിച്ച ഭാര്‍ഗവന്‍ കൗമാരകാലത്ത് ആത്മീയ വഴിയിലൂടെ സഞ്ചരിച്ചു. ശിവഗിരി ധര്‍മ സംഘത്തില്‍ സന്യാസിയായി. സന്യാസമല്ല തന്റെ വഴിയെന്ന് തിരിച്ചറിഞ്ഞതോടെ ശിവഗിരി വിട്ട വെളിയം, കൊല്ലം എസ് എന്‍ കോളജിലെ പഠന കാലത്ത് എ ഐ എസ് എഫിലൂടെ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായി. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ എം എന്‍ ഗോവിന്ദന്‍ നായര്‍, ടി വി തോമസ് തുടങ്ങിയ മഹാരഥന്‍മാരോടൊപ്പം നിന്ന് കേരളത്തില്‍ പാര്‍ട്ടിയെ കെട്ടിപ്പടുക്കാന്‍ അഹോരാത്രം പരിശ്രമിച്ചു. ട്രാന്‍സ്‌പോര്‍ട്ട് സമരത്തില്‍ പങ്കെടുത്ത് കൊടിയ പോലീസ് മര്‍ദനത്തിനിരയായി.
നീണ്ട അഞ്ചര പതിറ്റാണ്ട് കാലം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച വെളിയം, രണ്ട് തവണ മാത്രമാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായത്. അതുതന്നെ അരനൂറ്റാണ്ട് മുമ്പ്. 1957ലും 60 ലും ചടയമംഗലം നിയോജകമണ്ഡലത്തില്‍ നിന്നാണ് എം എല്‍ എയായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. സര്‍വസമ്മതനായ, നട്ടെല്ല് വളക്കാത്ത ഈ നേതാവ് പിന്നീട് കേരളത്തില്‍ ഒരു വ്യാഴവട്ടക്കാലം പാര്‍ട്ടിയെ അമരത്ത് നിന്ന് നയിച്ചു. ഉറച്ച തീരുമാനങ്ങളും ജനകീയ നിലപാടുകളും സ്വീകരിച്ച അദ്ദേഹം മുന്നണി സംവിധാനത്തിലെ അനാരോഗ്യ പ്രവണതകള്‍ക്കെതിരെ പാര്‍ട്ടികളുടെ വലിപ്പച്ചെറുപ്പം നോക്കാതെ ശക്തമായി പ്രതികരിച്ചു.
സംസ്‌കൃതത്തിലും വേദോപനിഷത്തുകളിലും അവഗാഹം നേടിയ വെളിയം, സന്യാസി ജീവിതത്തില്‍ നിന്ന് കമ്യൂണിസത്തിന്റെ വഴികളിലേക്ക് നടന്നു കയറിയത് മനുഷ്യന്റെ വേദനകളും കഷ്ടപ്പാടുകളും അടുത്തറിഞ്ഞപ്പോഴാണ്. എങ്കിലും ത്യാഗവും നിര്‍മലതയും പോലുള്ള സന്യാസ മൂല്യങ്ങള്‍ അവസാനശ്വാസം വരെ ആശാന്‍ കാത്തുസൂക്ഷിച്ചിരുന്നു. നടപ്പിലും വേഷത്തിലും ലാളിത്യത്തിന്റെ വിശുദ്ധി സൂക്ഷിച്ചിരുന്ന ആശാന്റെ രീതി അദ്ദേഹത്തെ ജനങ്ങളോട് കൂടുതല്‍ അടുപ്പിച്ചു.
1954ലെ ട്രാന്‍സ്‌പോര്‍ട്ട് സമരമാണ് വെളിയത്തിലെ യഥാര്‍ഥ പോരാളിയെ വെളിച്ചത്തു കൊണ്ടുവന്നത്. സമരത്തെ തുടര്‍ന്ന് അറസ്റ്റിലായ വെളിയത്തിന് കൊടിയ മര്‍ദനമുറകളാണ് അനുഭവിക്കേണ്ടിവന്നത്. മീശയുടെ ഒരു ഭാഗം പറിച്ചെടുത്തും നട്ടെല്ലിന് പരുക്കേല്‍പ്പിച്ചുമുള്ള പോലീസ് പീഡനങ്ങളൊന്നും നയനിലപാടുകളില്‍ ‘നട്ടെല്ലിന്’ ക്ഷതമേല്‍പ്പിക്കാനായില്ല. ഇടതുമുന്നണിയില്‍ സി പി എം എന്ന വല്ല്യേട്ടന്റെ നിഴലില്‍ നിന്ന് മോചിപ്പിച്ച് പാര്‍ട്ടിക്ക് വ്യക്തിത്വം വീണ്ടെടുത്തു നല്‍കിയത് വെളിയമാണ്. സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനോട് പോലും നേരിട്ട് ഏറ്റുമുട്ടാനുള്ള ചങ്കൂറ്റം വെളിയം കാണിച്ചു. വെളിയം തെളിച്ച ഈ വഴിയിലൂടെയാണ് പിന്നീട് സി കെ ചന്ദ്രപ്പനും നടന്നുകയറിയത്.
എല്ലാ കാര്യങ്ങളിലും കര്‍ക്കശക്കാരനായിരുന്നിട്ടും ആ ഉഗ്രശാസനകള്‍ക്കും മുന്‍കോപത്തിനും ഇരയായവരാരും വ്യക്തിപരമായി അദ്ദേഹത്തോട് യാതൊരുവിധ ശത്രുതയും വെച്ചുപുലര്‍ത്തിയില്ലെന്നത് രാഷ്ട്രീയ പരിശുദ്ധിക്ക് അടിവരയിടുന്നു. രാഷ്ട്രീയ പരിശുദ്ധി കാത്തുസൂക്ഷിച്ച നേതാക്കള്‍ കുലമറ്റ് പോകുന്ന കേരള രാഷ്ട്രീയത്തിന് നികത്താനാകാത്ത വിടവാണ് ആശാന്റെ വേര്‍പാടെന്നതില്‍ തര്‍ക്കമില്ല.