മക്ക മസ്ജിദ് സ്‌ഫോടനം: നിരപരാധികള്‍ക്ക് നഷ്ടപരിഹാരം നല്‍കിയത് റദ്ദാക്കി

Posted on: September 17, 2013 11:32 pm | Last updated: September 17, 2013 at 11:32 pm

mecca-masjidഹൈദരാബാദ്: 2007ലെ മക്ക മസ്ജിദ് സ്‌ഫോടന കേസില്‍ കുറ്റവിമുക്തരായ നിരപരാധികള്‍ക്ക് നഷ്ടപരിഹാരം നല്‍കിയ ആന്ധ്രാപ്രദേശ് സര്‍ക്കാറിന്റെ നടപടി ഹൈക്കോടതി റദ്ദാക്കി. പോലീസ് അറസ്റ്റ് ചെയ്ത 70 മുസ്‌ലിം യുവാക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കിയിരുന്നു. ഇങ്ങനെ നഷ്ടപരിഹാരം നല്‍കുന്നതിന് നിയമസാധുതയില്ലെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. അതേസമയം, ഹൈക്കോടതി വിധിക്കെതിരെ ഹരജി നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.
നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനെ ശക്തമായ ഭാഷയിലാണ് ചീഫ് ജസ്റ്റിസ് കല്യാണ്‍ ജ്യോതി സെന്‍ഗുപ്ത നേതൃത്വം നല്‍കിയ ഡിവിഷന്‍ ബഞ്ച് വിമര്‍ശിച്ചത്. നല്‍കിയ നഷ്ടപരിഹാരം തിരിച്ചുവാങ്ങാനും കോടതി ഉത്തരവിട്ടു. ക്രിമിനല്‍ കേസുകളില്‍ കുറ്റവിമുക്തരാക്കിയതിന് നഷ്ടപരിഹാരം നല്‍കേണ്ട കാര്യമില്ല. നഷ്ടപരിഹാരം നല്‍കുന്നതിലൂടെ സര്‍ക്കാറിന്റെ അമിത നിയപരിപാലനാധികാരമാണ് ഉണ്ടായത്. നഷ്ടപരിഹാരത്തിന് വേണ്ടി പരാതിക്കാര്‍ക്ക് കേസ് നല്‍കാം. നഷ്ടപരിഹാരം നല്‍കാനുള്ള സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജിയിലാണ് ഹൈക്കോടതിയുടെ വിധി.
അതേസമയം, വിധിക്കെതിരെ ഹൈക്കോടതിയില്‍ തന്നെ ഹരജി സമര്‍പ്പിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. വേണ്ടിവന്നാല്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ മുഹമ്മദ് അലി ശബീര്‍ പറഞ്ഞു. ഹൈക്കോടതി വിധി വന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി എന്‍ കിരണ്‍ കുമാര്‍ റെഡ്ഢി, ചീഫ് സെക്രട്ടറി, അഡ്വക്കറ്റ് ജനറല്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തിയതിന് ശേഷമാണ് ശബീര്‍ ഇക്കാര്യം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്.
വര്‍ഷങ്ങളോളം ജയിലില്‍ കഴിഞ്ഞതിനെ തുടര്‍ന്നാണ് 50 പേര്‍ക്ക് ഇരുപതിനായിരം രൂപയും 20 പേര്‍ക്ക് മൂന്ന് ലക്ഷം രൂപയും സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ ശിപാര്‍ശ പ്രകാരമായിരുന്നു ഇത്. കഴിഞ്ഞ ജനുവരിയിലാണ് തുക സര്‍ക്കാര്‍ നല്‍കിത്തുടങ്ങിയത്. ഇതിനകം എല്ലാവര്‍ക്കും ചെക്ക് കൈമാറിയിട്ടുണ്ട്. അറസ്റ്റിലായ മുസ്‌ലിം യുവാക്കള്‍ നിരപരാധികളാണെന്ന് കോടതി വിധിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തീവ്രഹിന്ദുത്വവാദികളാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് സി ബി ഐയും എന്‍ ഐ എയും കണ്ടെത്തിയിരുന്നു. 2007 മെയ് 18ന് ചരിത്രപ്രസിദ്ധമായ മക്കാ മസ്ജിദില്‍ നടന്ന സ്‌ഫോടനത്തില്‍ ഒമ്പത് പേര്‍ മരിക്കുകയും നൂറിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയുമുണ്ടായി.