Connect with us

Palakkad

ദേശീയപാത 47ലെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായി

Published

|

Last Updated

കോയമ്പത്തൂര്‍: പാലക്കാട് റൂട്ടില്‍ ദേശീയപാത 47ലെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായതായി എന്‍ എച്ച് എ ഐ കോയമ്പത്തൂര്‍ വിഭാഗം അധികൃതര്‍ അറിയിച്ചു. മധുക്കരൈ -വാളയാര്‍ റൂട്ടിലാണ് അറ്റകുറ്റപ്പണികള്‍ മുഴുവനായി പൂര്‍ത്തീകരിച്ചത്. ഇതോടെ പ്രസ്തുത 12 കിലോമീറ്ററില്‍ വാഹനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാതെ സഞ്ചരിക്കാവുന്ന സ്ഥിതിയായി.
60 ലക്ഷം രൂപയാണ് അറ്റകുറ്റപ്പണികള്‍ക്കായി മാത്രം ചെലവിട്ടത്. പാലക്കാട്‌കോയമ്പത്തൂര്‍ ദേശീയപാത നാലുവരിയാക്കുന്നതിന്റെഭാഗമായി കോയമ്പത്തൂര്‍വാളയാര്‍ ഭാഗത്ത് 2014 മാര്‍ച്ചോടെ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷയെന്നും എന്‍ എച്ച് എ ഐ അറിയിച്ചു. നിലവില്‍ കണ്ടെയ്‌നറുകളും ചരക്കുലോറികളും ട്രാന്‍സ്‌പോര്‍ട്ട് ബസ്സുകളും ഉള്‍പ്പെടെ വന്‍തോതില്‍ ഗതാഗതം നടക്കുന്ന ഈ മേഖലയില്‍ തകര്‍ന്നുകിടക്കുന്ന റോഡിന്റെ അവസ്ഥ കാര്യങ്ങള്‍ കൂടുതല്‍ ദയനീയമാക്കുകയാണ്. ഗതാഗതക്കുരുക്കും അപകടങ്ങളും പതിവാണ്. ദേശീയപാത വികസനത്തിന് കരാറെടുത്തിരിക്കുന്ന സ്വകാര്യ കമ്പനി തന്നെയാണ് റോഡിന്റെ താത്കാലിക അറ്റക്കുറ്റപ്പണിയും നടത്തിയത്. 60 ലക്ഷം രൂപയാണ് കുഴികളില്‍ കോണ്‍ക്രീറ്റ് പാച്ച്‌വര്‍ക്ക് നടത്തുന്നതിനും ബിറ്റുമിന്‍ ടോപ്പിംഗ് കൊടുക്കുന്നതിനും ചെലവിട്ടതെന്ന് എന്‍ എച്ച് എ ഐ പ്രോജക്ട് മാനേജര്‍ അറിയിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ അറ്റകുറ്റപ്പണിക്കായി 1. 5 കോടി രൂപയിലേറെ ഈ ഭാഗത്ത് ചെലവിടേണ്ടിവന്നു. ചെങ്കപ്പിള്ളിവാളയാര്‍ ദേശീയപാത നാലുവരി പദ്ധതിയുടെ ഭാഗമാണ് മധുക്കരൈ-വാളയാര്‍ റൂട്ട്. ഇതിന്റെ ആകെ ചെലവ് 900 കോടി രൂപയാണ്. ഇനി 30 ശതമാനത്തോളം ഭാഗത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂവെന്നും അത് 2014 മാര്‍ച്ച് അവസാനത്തോടെ പൂര്‍ത്തീകരിക്കും. എന്‍ എച്ച് എ ഐ അറിയിച്ചു.

Latest