Connect with us

Business

രൂപയുടെ മൂല്യശോഷണം പ്രവാസി നിക്ഷേപം ഉയര്‍ത്തി

Published

|

Last Updated

തിരുവനന്തപുരം: ഡോളറിനെ അപേക്ഷിച്ച് രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞത് സംസ്ഥാനത്തെ ബേങ്കുകളിലെ പ്രവാസി നിക്ഷേപം കുതിച്ചുയരാന്‍ ഇടയാക്കി. ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തില്‍ 9693 കോടി രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 36.33 ശതമാനം വര്‍ധനവാണ് സംസ്ഥാനത്ത് പ്രവാസി നിക്ഷേപത്തില്‍ അനുഭവപ്പെട്ടത്. മൂന്ന് മാസത്തെ മൊത്തം നിക്ഷേപത്തില്‍ 10,066 കോടി രൂപയുടെ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. ആഭ്യന്തര നിക്ഷേപത്തില്‍ 373 കോടിയുടെയും വര്‍ധനവുള്ളതായും സംസ്ഥാനതല ബേങ്കേഴ്‌സ് സമിതി യോഗം വിലയിരുത്തി. നിക്ഷേപങ്ങളില്‍ വര്‍ധനയുണ്ടായിട്ടുണ്ടെങ്കിലും നിക്ഷേപ-വായ്പാനുപാതത്തില്‍ അതിനനുസരിച്ചുള്ള വളര്‍ച്ച കൈവരിച്ചിട്ടില്ല.

രൂപയുടെ മൂല്യം ഇടിയുന്നതിനിടെ സംസ്ഥാനത്തെ ബേങ്കുകളുടെ ആഭ്യന്തര നിക്ഷേപത്തില്‍ വര്‍ധനയുണ്ടെങ്കിലും മുന്‍വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കുറവാണെന്നും യോഗം വിലയിരുത്തി. കഴിഞ്ഞ മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം മൊത്തം നിക്ഷേപത്തില്‍ ആഭ്യന്തര നിക്ഷേപത്തിന്റെ അനുപാതം 2.04 ശതമാനം കുറഞ്ഞു. പ്രവാസി നിക്ഷേപ സമാഹണത്തില്‍ സ്വകാര്യ ബേങ്കുകളാണ് മുന്നില്‍. 39.70 ശതമാനം. 38.22 ശതമാനവുമായി സ്റ്റേറ്റ് ബേങ്ക് ഗ്രൂപ്പ് രണ്ടാമതുണ്ട്. ദേശസാത്കൃത ബേങ്കുകളിലെ നിക്ഷേപം 21.77 ശതമാനവും ഗ്രാമീണ ബേങ്കുകളുടേത് 0.31 ശതമാനവുമാണ്.
സംസ്ഥാനത്തെ വിവിധ ബേങ്കുകളിലെ മൊത്തനിക്ഷേപം ഈ വര്‍ഷം ജൂണില്‍ 2,39,214 കോടിയായി. ഇതില്‍ 75,883 കോടിയും പ്രവാസി നിക്ഷേപമാണ്. സാമ്പത്തിക വര്‍ഷത്തില്‍ ആദ്യ പാദത്തില്‍ സംസ്ഥാനത്തെ ബേങ്കുകള്‍ പ്രാഥമിക മേഖലക്ക് 19,800 കോടി രൂപയുടെ വായ്പ നല്‍കിയിട്ടുണ്ട്. ഇതില്‍ 8382 കോടിയും കാര്‍ഷികമേഖലക്കാണ് നല്‍കിയത്. 2272 കോടി ദ്വിതീയ മേഖലക്കും 914 കോടി ത്രിതീയ മേഖലക്കും നല്‍കിയിട്ടുണ്ട്. എങ്കിലും സംസ്ഥാനത്തെ ബേങ്കുകളിലെ വായ്പ-നിക്ഷേപാനുപാതം കുറഞ്ഞിട്ടുണ്ട്.
വായ്പാ-നിക്ഷേപാനുപാതത്തില്‍ 3.53 ശതമാനത്തിന്റെ കുറവാണ് അനുഭവപ്പെട്ടത്. മാര്‍ച്ച് 2013 മുതല്‍ ജൂണ്‍ 2013 വരെയുള്ള വായ്പാ-നിക്ഷേപാനുപാതം 72.88 ശതമാനമായി. 2013 ജൂണ്‍ വരെയുള്ള വായ്പാകുടിശ്ശിക 1,74,331 കോടിയാണ്. ഇതില്‍ 99,515 കോടിയും കാര്‍ഷികവായ്പാ കുടിശ്ശികയാണ്. മൊത്തം വായ്പാ കുടിശ്ശികയുടെ 57.08 ശതമാനവും ഈ ഇനത്തിലാണെന്നും രേഖകള്‍ സൂചിപ്പിക്കുന്നു.

 

Latest