എയ്ഡ്‌സ് പ്രതിരോധിക്കാന്‍ പുതിയ വാക്‌സിന്‍

Posted on: September 13, 2013 1:51 am | Last updated: September 13, 2013 at 1:51 am

Universal-Flu-Vaccine1വാഷിംഗ്ടണ്‍: എയ്ഡ്‌സിനെ പ്രതിരോധിക്കാനാകുമെന്ന അവകാശവാദവുമായി പുതിയ വാക്‌സിന്‍ കണ്ടെത്തി. ഒറിഗോന്‍ ഹെല്‍ത്ത് സയന്‍സ് യൂനിവേഴ്‌സിറ്റിയിലെ പഠനത്തിലാണ് വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്. മനുഷ്യരിലല്ലാത്ത എയ്ഡ്‌സ് ബാധയെ വാക്‌സിന്‍ പ്രതിരോധിക്കുമെന്ന് പരീക്ഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സിമിയന്‍ ഇമ്മ്യൂണോഡെഫിഷന്‍സി വൈറസ് എന്ന എസ് ഐ വിയെ വാക്‌സിന്‍ പ്രതിരോധിക്കുന്നതായാണ് കണ്ടെത്തിയത്. കുരങ്ങുകളില്‍ എയ്ഡ്‌സിന് കാരണമാകുന്നത് എസ് ഐ വി വൈറസുകളാണ്. മനുഷ്യരില്‍ രോഗം പരത്തുന്ന എച്ച് ഐ വിയെ പ്രതിരോധിക്കുന്നതിലേക്ക് ഈ വാക്‌സിനെ മാറ്റാന്‍ കഴിയുമെന്നാണ് ശാസ്ത്രജ്ഞരുടെ അവകാശവാദം.
എന്നാല്‍ മനുഷ്യരില്‍ വാക്‌സിന്‍ പരീക്ഷിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. നിലവില്‍ എച്ച് ഐ വി ബാധിച്ചവര്‍ ജീവിതത്തിലേക്ക് തിരിച്ചു വരുന്നതിന്റെ എണ്ണം കുറവാണെന്നും നിലവിലുള്ള ആന്റി വൈറല്‍ ചികിത്സ കാണ്ഡകോശങ്ങളില്‍ അര്‍ബുദത്തിന് കാരണമാകുമെന്നും സര്‍വകലാശാലയിലെ വാക്‌സിന്‍ ജീന്‍ തെറാപ്പി ഇന്‍സ്റ്റിട്ട്യൂട്ട് അസോസിയേറ്റ് ഡയറക്ടര്‍ ലൂയിസ് പിക്കര്‍ പറഞ്ഞു. ശരീരത്തില്‍ നിന്ന് എച്ച് ഐ വിയെ നീക്കം ചെയ്യാനുള്ള സവിശേഷതയാണ് പുതിയ വാക്‌സിനുള്ളത്. കൂടാതെ എച്ച് ഐ വി തകരാറിലാക്കുന്ന രോഗപ്രതിരോധ ശേഷിയെ കൂട്ടുകയും ചെയ്യും. സൈറ്റോമെഗാലോ വൈറസ് എന്ന സി എം വി വൈറസിനെ എസ് ഐ വിയുമായി കൂട്ടിച്ചേര്‍ത്താണ് വാക്‌സിന്‍ പരീക്ഷിച്ചത്. ജനിത എന്‍ജിനീയറിംഗ് വഴി സി എം വി വൈറസിന്റെ സ്വഭാവവും ഘടനയും പരിഷ്‌കരിക്കുകയായിരുന്നു. ഈ വൈറസ് എസ് ഐ വിയുമായി കൂടിച്ചേരുമ്പോള്‍ എസ് ഐ വി വൈറസിലെ കോശങ്ങളെ നശിപ്പിക്കുകയും വൈറസ് തന്നെ ഇല്ലാതാകുകയും ചെയ്യും. 50 ശതമാനം കുരങ്ങുകളിലും പരീക്ഷണം വിജയമായിരുന്നുവെന്നും ഗവേഷകര്‍ അവകാശപ്പെടുന്നു.