Connect with us

National

കല്‍ക്കരി: കാണാതായ ഫയലുകളുടെ പട്ടിക ഇന്ന് സി ബി ഐക്ക് നല്‍കിയേക്കും

Published

|

Last Updated

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാട കുംഭകോണവുമായി ബന്ധപ്പെട്ട ഇനിയും കണ്ടെത്താത്ത ഫയലുകളുടെ പട്ടിക കല്‍ക്കരി മന്ത്രാലയം ഇന്ന് സി ബി ഐക്ക് കൈമാറിയേക്കും. പട്ടിക ലഭിച്ചതിന് ശേഷം സി ബി ഐക്ക് യോജിച്ച നടപടി സ്വീകരിക്കാമെന്ന് കല്‍ക്കരി മന്ത്രാലയം വക്താക്കള്‍ അറിയിച്ചു. കാണാതായ ഫയലുകള്‍ വീണ്ടെടുക്കാന്‍ സര്‍ക്കാറിന് സുപ്രീം കോടതി അനുവദിച്ച അവസാന സമയം അടുത്തയാഴ്ചയാണ്.
കല്‍ക്കരിപ്പാടം അനുവദിച്ചതുമായി ബന്ധപ്പെട്ട് പത്ത് ഫയലുകള്‍ കൂടി കണ്ടെത്താന്‍ തങ്ങള്‍ ശ്രമിക്കുകയാണെന്ന് ഉരുക്ക് മന്ത്രാലയം രണ്ട് ദിവസം മുമ്പ് കല്‍ക്കരി മന്ത്രാലയത്തെ അറിയിച്ചിരുന്നു. കാണാതായ 157 ഫയലുകളില്‍ 74 എണ്ണം ഉരുക്ക് മന്ത്രാലയത്തിന്റെ കൈവശമാണ്. ഇവയില്‍ 18 ഫയലുകള്‍ സി ബി ഐക്ക് ലഭിച്ചിട്ടുണ്ട്. ഊര്‍ജ മന്ത്രാലയം 46 ഫയലുകള്‍ വീണ്ടെടുത്തിട്ടുണ്ട്. കാണാതായവയില്‍ 20 ഫയലുകള്‍ വ്യവസായ നയ, വികസന വകുപ്പിന്റെതാണ്. എന്നാല്‍, ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് വ്യവസായ നയ, വികസന വകുപ്പ് അറിയിച്ചു. ഫയലുകള്‍ വീണ്ടെടുക്കുന്ന നടപടികളെ സംബന്ധിച്ച് വിലയിരുത്താന്‍ കല്‍ക്കരി സെക്രട്ടറി എസ് കെ ശ്രീവാസ്തവയുടെ നേതൃത്വത്തില്‍ ദിവസങ്ങള്‍ക്ക് മുമ്പ് യോഗം ചേര്‍ന്നിരുന്നു. കല്‍ക്കരി, ഉരുക്ക്, ഊര്‍ജം മന്ത്രാലയങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഇതില്‍ പങ്കെടുത്തിരുന്നു.

Latest