വാളകം കേസ്: നാല് പേരെ കൂടി നുണപരിശോധനക്ക് വിധേയരാക്കാന്‍ സി ബി ഐ

Posted on: September 10, 2013 11:57 pm | Last updated: September 10, 2013 at 11:57 pm

കൊല്ലം: വാളകം കേസില്‍ അധ്യാപകന്‍ കൃഷ്ണകുമാറിന്റെ ഭാര്യാ സഹോദരനുള്‍പ്പെടെ നാല് പേരെക്കൂടി നുണപരിശോധനക്ക് വിധേയരാക്കാന്‍ സി ബി ഐ തയ്യാറെടുക്കുന്നു. കൃഷ്ണകുമാറിന്റെ ഭാര്യാസഹോദരന്‍ അജിത് പ്രസാദ്, കടയ്്ക്കലിലെ ജോത്സ്യന്‍ ശ്രീകുമാറിന്റെ മരുമകള്‍ അനുപ്രിയ, ഗീതയുടെ ബന്ധു ജോബ്, വാളകം സ്‌കൂളിലെ അധ്യാപകന്‍ മായാദാസ് എന്നിവരെയാണ് പരിശോധന നടത്താന്‍ തയ്യാറെടുക്കുന്നത്്.
ഇതിനായി 12ന് കോടതിയെ സമീപിക്കും. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഇവര്‍ സമ്മതപത്രത്തില്‍ ഒപ്പിട്ടിട്ടുണ്ട്. ആദ്യ ഘട്ടമായി അധ്യാപകരായ ടി പി കുഞ്ഞുമോന്‍, വിവേകാനന്ദന്‍, പാസ്റ്റര്‍ ജോസഫ് ഡാനിയേല്‍, ജോത്സ്യന്‍ ശ്രീകുമാര്‍, മകന്‍ സതീഷ് എന്നിവരെ നുണപരിശോധനക്ക് വിധേയരാക്കാന്‍ നീക്കം നടന്നിരുന്നു. ഇവര്‍ കോടതിയില്‍ കൂറുമാറുകയായിരുന്നു. ഇതേ സ്‌കൂളിലെ മറ്റ് ചില അധ്യാപകരുടെ കൂടി മൊഴി ശേഖരിച്ചിരുന്നു.
സ്‌കൂള്‍ ബസിലെ ഡ്രൈവര്‍മാരെ കൂടുതല്‍ ചോദ്യം ചെയ്യാനും നീക്കമുണ്ട്. സംഭവത്തിന് ഈ മാസം 27ന് രണ്ട് വര്‍ഷം തികയുകയാണ്. കൃഷ്ണകുമാറിനേയും ജോത്സ്യനേയുമുള്‍പ്പെടെ കടയ്ക്കലിലെ വീട്ടിലെത്തിച്ച് ചോദ്യം ചെയ്തതിന് ശേഷം നിര്‍ജീവമായിരുന്ന അന്വേഷണം രണ്ടാഴ്ചക്ക് ശേഷമാണ് പുനരാരംഭിച്ചത്.