കനോലി കനാല്‍ നവീകരണം: 2.41 കോടി രൂപ അനുവദിച്ചു

Posted on: September 10, 2013 10:51 am | Last updated: September 10, 2013 at 10:51 am

കോഴിക്കോട്: കനോലി കനാല്‍ ആദ്യഘട്ട നവീകരണത്തിനായി സംസ്ഥാന ജലവിഭവ വകുപ്പ് 2.41 കോടി രൂപ അനുവദിച്ചതായി ജില്ലാ കലക്ടര്‍ സി എ ലത അറിയിച്ചു. നവീകരണത്തിന്റെ ഭാഗമായി പുതിയറ മുതല്‍ എരഞ്ഞിക്കല്‍ വരെയുളള 8.8 കി.മീറ്റര്‍ ഭാഗം ചെളി നീക്കുകയും കാടുവെട്ടി തെളിയിക്കുകയും 607 മീറ്റര്‍ സ്ഥലത്ത് പാര്‍ശ്വഭിത്തി നിര്‍മിക്കുകയും ചെയ്യും.
കനാലിന്റെ ഇന്നത്തെ വികൃത രൂപം മാറ്റി ആകര്‍ഷകമാക്കാനും ശരിയായി പരിപാലിക്കാനും കനാലിന്റെ ഇരുകരകളിലുമുള്ള സ്ഥാപനങ്ങള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, ജനപ്രതിനിധികള്‍ എന്നിവരുടെ സഹകരണം അനിവാര്യമാണെന്ന് കലക്ടറേറ്റില്‍ കനാല്‍ സംബന്ധിച്ച യോഗത്തില്‍ പങ്കെടുത്ത എ പ്രദീപ്കുമാര്‍ എം എല്‍ എ പറഞ്ഞു.
യോഗത്തില്‍ അസി. കലക്ടര്‍ ഹിമാന്‍ഷ്‌കുമാര്‍ റോയ്, കോര്‍പറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം രാധാകൃഷ്ണന്‍, ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജോസ് എബ്രഹാം, കനോലി കനാല്‍ വികസന കമ്മിറ്റി വൈസ് ചെയര്‍മാന്‍ സി ജനാര്‍ദ്ദനന്‍, സാമൂഹിക പ്രവര്‍ത്തകര്‍ പങ്കെടുത്തു.