ഇന്ത്യയുടെ ടെന്നീസ് വസന്തം

Posted on: September 10, 2013 10:31 am | Last updated: September 10, 2013 at 2:51 pm

paes_630_stepanek_usopenധ്യാന്‍ചന്ദ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍. കായിക രംഗത്ത് നിന്നുള്ള ഭാരതരത്‌ന ചര്‍ച്ചകളില്‍ ഈ പേരുകള്‍ക്കൊപ്പം ലിയാണ്ടര്‍ പെയ്‌സ് എന്നുകൂടി ചേര്‍ക്കേണ്ടി വരും. കാരണം, ടെന്നീസിലെ ഗ്രാന്‍സ്ലാം പാടങ്ങളില്‍ ഇന്ത്യന്‍ ത്രിവര്‍ണപതാക വാഹകനായി ലിയാണ്ടര്‍ പെയ്‌സ് ഒരു പോരാളിയെ പോലെ നില്‍ക്കുന്നു, പ്രായത്തിന്റെ അവശതകളില്ലാതെ. യു എസ് ഓപണ്‍ ഡബിള്‍സ് കിരീടം സ്വന്തമാക്കിയ പെയ്‌സ് തന്റെ എക്കൗണ്ടില്‍ ചേര്‍ത്തത് പതിനാലാം ഗ്രാന്‍സ്ലാം !.
ലിയാണ്ടര്‍ പെയ്‌സ് എല്ലാ കാലത്തും ഇന്ത്യന്‍ കായിക പ്രേമികളെ അത്ഭുതപ്പെടുത്തിയ പ്രതിഭയാണ്. 1996ലെ അറ്റ്‌ലാന്റ ഒളിമ്പിക്‌സില്‍ വെങ്കലം നേടി നീണ്ട ഇടവേളക്ക് ശേഷം ഇന്ത്യക്ക് മെഡല്‍ സമ്മാനിച്ചപ്പോള്‍ തുടങ്ങിയ വിസ്മയ കാഴ്ച്ചകള്‍ 40ാം വയസ്സിലും പെയ്‌സ് ആവര്‍ത്തിക്കുന്നു. യു എസ് ഓപണ്‍ ടെന്നീസിലെ പുരുഷ വിഭാഗം ഡബിള്‍സ് കിരീടം നേടിയാണ് പെയ്‌സ് തന്റെ കായിക ചെറുപ്പം ഒരിക്കല്‍ കൂടി അടിവരയിട്ടത്. ചെക് റിപ്പബ്ലിക്കിന്റെ റാഡെക് സ്റ്റെപാനെക്കിനൊപ്പം എട്ടാം ഡബിള്‍സ് കിരീടത്തില്‍ പെയ്‌സ് മുത്തമിടുമ്പോള്‍ പ്രായം നാല്‍പതിന് മുകളില്‍. ഓപണ്‍ യുഗത്തില്‍ ഏറ്റവും പ്രായമേറിയ രണ്ടാമത്തെ ഗ്രാന്‍ഡ് സ്ലാം ചാമ്പ്യനെന്ന ഖ്യാതിയും പെയ്‌സ് സ്വന്തമാക്കി. വനിതാ ടെന്നീസ് ഇതിഹാസം മാര്‍ട്ടിന നവരത്തിലോവയാണ് പ്രായം കൂടുതലുള്ള ആദ്യ ചാമ്പ്യന്‍. 2003ലെ ആസ്‌ത്രേലിയന്‍ ഓപണ്‍ മിക്‌സ്ഡ് ഡബിള്‍സ് കിരീടം നേടിയാണ് നവരത്തിലോവ പ്രായത്തെ തോല്‍പ്പിച്ച റെക്കോര്‍ഡ് സ്വന്തമാക്കിയത്. കൗതുകമായ വസ്തുത അന്ന് നവരത്തിലോവയുടെ പങ്കാളി പെയ്‌സായിരുന്നു എന്നതാണ്.
ഫൈനലില്‍ ആസ്‌ത്രേലിയയുടെ അലക്‌സാണ്ടര്‍ പേയ- ബ്രസീലിന്റെ ബ്രൂണോ സോറസ് സഖ്യത്തെ 6-1, 6-3 എന്ന സ്‌കോറിന് അനായാസമായാണ് ഇന്തോ- ചെക് സഖ്യം മറികടന്നത്. കഴിഞ്ഞ തവണ ബ്രയാന്‍ സഹോദരന്മാരോട് കലാശപ്പോരില്‍ പരാജയപ്പെട്ട നാലാം സീഡായ പെയ്‌സ്- സ്റ്റെപാനെക് സഖ്യം സെമിയില്‍ ബ്രയാന്‍ ഇതിഹാസങ്ങളെ കെട്ടുകെട്ടിച്ച് മധുര പ്രതികാരം ചെയ്തു. ടൂര്‍ണമെന്റിലുടനീളം മികച്ച രീതിയില്‍ പൊരുതിയ ഇന്തോ- ചെക്ക് സഖ്യത്തിന് മുന്നില്‍ ആസ്‌ത്രേലിയന്‍- ബ്രസീല്‍ താരങ്ങള്‍ നിഷ്പ്രഭരായി. ഒന്നു പൊരുതാന്‍ പോലും ഇരുവര്‍ക്കും സാധിച്ചില്ല.
പെയ്‌സ്- സ്റ്റെപാനെക് സഖ്യത്തിന്റെ രണ്ടാം ഗ്രാന്‍ഡ് സ്ലാം കീരിട നേട്ടമാണിത്. കഴിഞ്ഞ തവണ ആസ്‌ത്രേലിയന്‍ ഓപണ്‍ ഇന്തോ- ചെക് കൂട്ടിനായിരുന്നു.
എട്ട് ഡബിള്‍സ് കിരീടങ്ങളും ആറ് മിക്‌സ്ഡ് ഡബിള്‍സ് കിരീടങ്ങളും സ്വന്തമാക്കിയിട്ടുള്ള ഇന്ത്യന്‍ ഇതിഹാസം യു എസ് ഓപണ്‍ മൂന്നാം തവണയാണ് സ്വന്തമാക്കുന്നത്. ഈ മൂന്ന് കിരീടങ്ങളും ചെക് താരങ്ങള്‍ക്കൊപ്പമാണെന്ന പ്രത്യേകതയുമുണ്ട്. 2006ല്‍ ആദ്യ യു എസ് ഓപണ്‍ മാര്‍ട്ടിന്‍ ദാമിനൊപ്പവും 2009ല്‍ ലൂക്കാസ് ദ്‌ലൗഹിക്കൊപ്പവുമായിരുന്നു ഇന്ത്യന്‍ താരം നേടിയത്. സ്റ്റെപാനെക്ക് കരിയറില്‍ സ്വന്തമാക്കുന്ന രണ്ടാം കിരീടമാണ് ഇത്.
ലോകത്ത് ധാരാളം ടെന്നീസ് ഇതിഹാസങ്ങളുണ്ടെങ്കിലും പെയ്‌സിനെ പോലെ പെയ്‌സ് മാത്രമാണുള്ളത്. ടെന്നീസിനായി തന്റെ ജീവിതം തന്നെ അടിയറ വെച്ച കളിക്കാരനാണ് അദ്ദേഹം. ആത്മവിശ്വാസവും കഠിനാധ്വാനവും സമര്‍പ്പണവും ഒത്തുചേര്‍ന്ന അപൂര്‍വ ടെന്നീസ് പ്രതിഭ. കളിക്കളത്തിലുണ്ടായിട്ടുള്ള ഉയര്‍ച്ച താഴ്ചകളെ ഒരേ മനസ്സോടെ നേരിടുന്നതാണ് പെയ്‌സിന്റെ മുഖ്യ കരുത്ത്. ഒരു കായിക താരത്തെ സംബന്ധിച്ച് അത് അത്രയെളുപ്പമല്ല. അവസരങ്ങള്‍ അദ്ദേഹത്തിന് ആരും തള്ളികയില്‍ വെച്ച് കൊടുത്തതല്ല. കാലങ്ങളായുള്ള കഠിന പരിശ്രമത്തിലൂടെ നേടിയെടുത്തതാണ് ടെന്നീസിലെ ഇതിഹാസ സമാനമായ ഇരിപ്പിടം.
18ാം വയസ്സില്‍ ജൂനിയര്‍ യു എസ് ഓപണും വിംബിള്‍ഡണും നേടി ലോക ഒന്നാം നമ്പര്‍ താരമായാണ് പെയ്‌സ് തന്റെ കരിയര്‍ ആരംഭിച്ചത്. പിന്നീട് 1996ലെ ഒളിമ്പിക്‌സില്‍ വെങ്കലം സ്വന്തമാക്കി അദ്ദേഹം തന്റെ കരിയറിലെ നിര്‍ണായകമായ മറ്റൊരു കാലത്തിന് തുടക്കമിട്ടു. അന്ന് സാക്ഷാല്‍ ആന്ദ്രെ അഗാസിയോടാണ് പെയ്‌സ് പരാജയം സമ്മതിച്ചത്. ആ വെങ്കലം രാജ്യത്തെ കായിക മേഖലയില്‍ ഉണ്ടാക്കിയെടുത്ത പ്രചോദനം എത്രയാണെന്ന് പിന്നീട് നടന്ന ഒളിമ്പിക്‌സുകളിലെ ഇന്ത്യന്‍ പ്രകടനങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാകും.
2003ല്‍ തലച്ചോറില്‍ രൂപപ്പെട്ട മുഴ അദ്ദേഹത്തിന്റെ ജീവിതത്തെ കശക്കി എറിയേണ്ടതായിരുന്നു. എന്നാല്‍ വിധിക്ക് കീഴടങ്ങാന്‍ കൂട്ടാക്കാത്ത മനോബലത്തില്‍ പെയ്‌സ് വീണ്ടും റാക്കറ്റേന്തി, ക്വാര്‍ട്ടുകളില്‍ തീപ്പൊരിയായി.
2012 ലണ്ടന്‍ ഒളിമ്പിക്‌സുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിലും പെയ്‌സിന്റെ നിലപാടുകള്‍ ശക്തമായിരുന്നു. അന്ന് രാജ്യത്തിനാണ് പ്രാധാന്യമെന്നും വ്യക്തി താത്പര്യങ്ങള്‍ക്കല്ലെന്നും പെയ്‌സ് അര്‍ഥശങ്കകള്‍ക്കിടയില്ലാതെ വ്യക്തമാക്കുകയുണ്ടായി.
ഇന്ത്യ ലോകത്തിന് സംഭാവന ചെയ്ത മഹത്തായ കായിക പ്രതിഭകളുടെ നിരയില്‍ പെയ്‌സ് മുന്‍പന്തിയില്‍ നില്‍ക്കുന്നു. ഒരു നാള്‍ അദ്ദേഹം കരിയറിനോട് വിട പറയും. അപ്പോഴും ബാക്കി നില്‍ക്കുക അദ്ദേഹം കളിക്കളത്തില്‍ പടുത്തുയര്‍ത്തിയ ശ്രേഷ്ഠമായ ടെന്നീസ് ഓര്‍മകളായിരിക്കും.