രണ്ടാമത്തെ റബ്ബര്‍ പാര്‍ക്ക് പത്തനാപുരത്ത് സ്ഥാപിക്കുന്നു

Posted on: September 10, 2013 6:00 am | Last updated: September 9, 2013 at 11:41 pm

കൊല്ലം: സംസ്ഥാനത്ത് രണ്ടാമത്തെ റബ്ബര്‍ പാര്‍ക്ക് കൊല്ലം പത്തനാപുരത്ത് സ്ഥാപിക്കാന്‍ നടപടികള്‍ പൂര്‍ത്തിയായി. പാര്‍ക്കിന്റെ ശിലാസ്ഥാപന കര്‍മം ഈ മാസം 28ന് കേന്ദ്ര വ്യവസായ മന്ത്രി ആനന്ദ്ശര്‍മ നിര്‍വഹിക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി സംബന്ധിക്കും.

കേന്ദ്ര വ്യവസായ- വാണിജ്യ വകുപ്പിന് കീഴിലുള്ള റബ്ബര്‍ബോര്‍ഡിന്റെയും കിന്‍ഫ്രയുടെയും സംയുക്ത സംരംഭമാണ് റബ്ബര്‍ പാര്‍ക്ക്.
പത്തനാപുരം താലൂക്കിലെ പിറവന്തൂര്‍ പഞ്ചായത്തില്‍ പെട്ട മുക്കടവിലാണ് പാര്‍ക്ക് സ്ഥാപിക്കുന്നത്. കിന്‍ഫ്ര എറ്റെടുത്ത 70 ഏക്കറിലെ 52 ഏക്കര്‍ സ്ഥലമാണ് പാര്‍ക്ക് സ്ഥാപിക്കാന്‍ ഏറ്റെടുത്തിരിക്കുന്നത്. റബ്ബര്‍ അധിഷ്ഠിത വ്യവസായങ്ങളുടെ 30 യൂനിറ്റുകള്‍ ഇവിടെ ആദ്യ ഘട്ടത്തില്‍ പ്രവര്‍ത്തനം തുടങ്ങും. 40 കോടി രൂപയാണ് പാര്‍ക്ക് തുടങ്ങാന്‍ റബ്ബര്‍ ബോര്‍ഡ് വകയിരുത്തിയിട്ടുള്ളത്.
റബ്ബര്‍ അധിഷ്ഠിതമായ 45,000 ഉത്പന്നങ്ങളാണ് ലോകത്ത് ഇപ്പോള്‍ ഉത്പാദിപ്പിക്കുന്നത്. ഇവയില്‍ പതിനായിരത്തോളം വരുന്ന റബ്ബര്‍ ഉത്പന്നങ്ങളാണ് ദൈനംദിന ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. റബ്ബര്‍ ഉത്പാദനം കൂടുതലായി നടക്കുന്നത് കേരളത്തിലാണെന്നതിനാലാണ് ആദ്യത്തെ റബ്ബര്‍ പാര്‍ക്ക് 1994- 95 കാലഘട്ടത്തില്‍ എറണാകുളം പെരുമ്പാവൂരിനടുത്തുള്ള ഐരാപുരത്ത് പ്രവര്‍ത്തനം തുടങ്ങിയത്. വളരെ ലാഭകരമായാണ് ഇവിടെ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.
ഐരാപുരത്ത് റബ്ബര്‍ പാര്‍ക്ക് ലാഭകരമായാല്‍ കൊല്ലം പത്തനാപുരത്ത് രണ്ടാമത്തെ പാര്‍ക്ക് സ്ഥാപിക്കുന്ന കാര്യം പരിഗണിക്കാമെന്ന് അന്നത്തെ അടൂര്‍ എം പിയും ഇപ്പോഴത്തെ കേന്ദ്രമന്ത്രിയുമായ കൊടിക്കുന്നില്‍ സുരേഷിന് വ്യവസായ മന്ത്രാലയം ഉറപ്പ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ പത്തനാപുരത്ത് രണ്ടാമത്തെ പാര്‍ക്ക് സ്ഥാപിക്കാന്‍ നടപടികള്‍ പൂര്‍ത്തിയായത്.
കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളുടെ കിഴക്കന്‍ മേഖലകളില്‍ നിന്ന് റബ്ബര്‍ സമാഹരിച്ച് ഉത്പന്നങ്ങള്‍ നിര്‍മിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. 1100 കോടി രൂപയുടെ റബ്ബര്‍ അധിഷ്ഠിത ഉത്പന്നങ്ങള്‍ പ്രതിവര്‍ഷം ഇവിടെ നിന്ന് കയറ്റുമതി ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. അഞ്ച് വര്‍ഷം കൊണ്ട് പൂര്‍ണമായും പ്രവര്‍ത്തന ക്ഷമമാകുന്ന റബ്ബര്‍ പാര്‍ക്ക് വരുന്ന രണ്ട് വര്‍ഷത്തിനകം ഉദ്ഘാടനം ചെയ്യുമെന്ന് കേന്ദ്ര തൊഴില്‍ സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ് അറിയിച്ചു.
നാലായിരം പേര്‍ക്ക് പ്രത്യക്ഷമായും രണ്ടായിരം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭ്യമാക്കാന്‍ സാധിക്കും. റബ്ബര്‍ അധിഷ്ഠിത ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിന് ആവശ്യമായ പരിശീലനം നല്‍കാന്‍ സ്‌കില്‍ ഡവലപ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഇതോടനുബന്ധിച്ച് സ്ഥാപിക്കും. പത്തനാപുരത്തെ റബ്ബര്‍ പാര്‍ക്കിലേക്കാവശ്യമായ വെള്ളം, വൈദ്യുതി തുടങ്ങിയവ കിന്‍ഫ്രയും റബ്ബര്‍ബോര്‍ഡും ഏര്‍പ്പെടുത്തും.
പുനലൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്ത് തന്നെയായതിനാല്‍ കണ്ടെയ്‌നറുകള്‍ കൊണ്ടുവരുന്നതിനും ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനും പ്രയാസം നേരിടുകയില്ലെന്നാണ് വിലയിരുത്തല്‍.