കോട്ടത്തറയിലെ ആദിവാസിക്കുടിലുകള്‍ ഒഴിപ്പിച്ച പഞ്ചായത്ത് നടപടിയില്‍ പ്രതിഷേധം

Posted on: September 7, 2013 6:16 am | Last updated: September 7, 2013 at 6:16 am

കോട്ടത്തറ: കോട്ടത്തറ ഗ്രാമപഞ്ചായത്ത് ഏഴാംവാര്‍ഡ് ചീരകത്ത് കുന്നില്‍ രണ്ടര ഏക്കര്‍ ഭൂമിയില്‍ കുടില്‍കെട്ടിയ ആദിവാസികള്‍ ഉള്‍പ്പെടെയുള്ള ഭൂരഹിതരുടെ കുടിലുകള്‍ പൊലീസിനെ ഉപയോഗിച്ച് കുടിയൊഴിപ്പിക്കുകയും കുടിലുകള്‍ ജെ സി ബി ഉപയോഗിച്ച് പൊളിച്ചുമാറ്റിയതിലും യൂത്ത് കോണ്‍ഗ്രസ് കോട്ടത്തറ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. 
20 വര്‍ഷത്തിലേറെയായി അന്നത്തെ എല്‍ ഡി എഫ് ഭരണസമിതി ഭൂരഹിതര്‍ക്ക് നല്‍കാനായി വാങ്ങിയതാണ് കോട്ടത്തറയിലെ ഈ ഭൂമി. എന്നാല്‍ വഴി സൗകര്യം പോലുമില്ലാത്ത ഈ ഭൂമി വാങ്ങല്‍ പാവപ്പെട്ടവനെ പറ്റിക്കാന്‍ വേണ്ടിയായിരുന്നു. ഇപ്പോള്‍ ഈ സ്ഥലത്ത് കുടില്‍ കെട്ടിയ കൃഷ്ണന്‍കുട്ടി എന്നയാള്‍ക്ക് അന്നത്തെ ഭരണസമിതി ടോക്കണ്‍ നല്‍കി രജിസ്‌ട്രേഷനായി വര്‍ഷങ്ങള്‍ക്ക് മുമ്പ് എല്‍ ഡി എഫ് ഭരണസമിതി മുദ്രപത്രം വാങ്ങി വെച്ചതാണ്. എന്നാല്‍ ഇതുവരെ ആര്‍ക്കും ഭൂമി നല്‍കിയില്ല.
30 വര്‍ഷമായി അധികാരത്തിലുണ്ടായിരുന്ന എല്‍ ഡി എഫ് ഭരണത്തിനെതിരെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങളില്‍ ഒന്ന് ഈ ഭൂമി ഭൂരഹിതര്‍ക്ക് പതിച്ചുനല്‍കുമെന്നാണ്. ഇത് പാലിച്ച് ഭൂമി ഉടന്‍ ഭൂരഹിതര്‍ക്ക് പതിച്ചുനല്‍കുകയാണ് വേണ്ടത്. കുടില്‍ പൊളിച്ചുനീക്കിയത് മൂലം ആയിരക്കണക്കിന് രൂപയുടെ നഷ്ടമാണ് പാവപ്പെട്ടവര്‍ക്കുണ്ടായത്. ഇവര്‍ക്ക് ആവശ്യമായ നഷ്ടപരിഹാരം നല്‍കാന്‍ പഞ്ചായത്ത് തയ്യാറാകണം. അടിയന്തരമായി ഗ്രാമപഞ്ചായത്ത് നടപടി സ്വീകരിക്കാത്ത പക്ഷം പഞ്ചായത്തിന് എതിരെ ഉപരോധം ഉള്‍പ്പെടെ ബഹുജനപ്രക്ഷോഭം ആരംഭിക്കാന്‍ യോഗം തീരുമാനിച്ചു. യോഗത്തില്‍ പി എസ് മധു അധ്യക്ഷനായിരുന്നു. പി പി രനീഷ്, ഭാസ്‌ക്കരന്‍, രഞ്ജിത്ത് ആര്‍, അഖില്‍ദേവ്, മുഹമ്മദ് റഫീഖ്, ജിറ്റോജോസ്, ലൂയിസണ്‍, വൈശാഖ് തുടങ്ങിയവര്‍ സംസാരിച്ചു.
കോട്ടത്തറ: കോട്ടത്തറ പഞ്ചായത്തിലെ ചീരകത്തെ ആദിവാസികള്‍ക്കുപ്പെടെയുള്ളവരുടെ കുടിലുകള്‍ പൊളിച്ചുമാറ്റിയ പഞ്ചായത്ത് നടപടിയില്‍ ഏഴാംവാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. വര്‍ഷങ്ങളായി ഈരംകൊല്ലി പുറമ്പോക്കിലാണ് കൃഷ്ണന്‍കുട്ടിയും ഭാര്യയും അവിവാഹിതയായ മകളും ഉള്‍പ്പെടെയുള്ളവര്‍ താമസിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പഞ്ചായത്ത് ഈ ഭൂമി പതിച്ചുനല്‍കുന്നതിന് ടോക്കണ്‍ നല്‍കി മുദ്രപത്രം വാങ്ങിവെച്ചതാണ്.
എന്നാല്‍ ഭൂമി നല്‍കിയില്ല. മഴക്കാലമായതോടെ പുഴവക്കില്‍ താമസിക്കാന്‍ സാധിക്കാത്ത അവസ്ഥ വന്നപ്പോഴാണ് കൃഷ്ണന്‍കുട്ടിയും മറ്റ് ആദിവാസി കുടുംബങ്ങളും പഞ്ചായത്ത് സ്ഥലത്ത് കുടില്‍ കെട്ടിയത്. ഇവര്‍ക്ക് അടിയന്തരമായി ഭൂമി പതിച്ചുനല്‍കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇ എഫ് ബാബു അധ്യക്ഷനായിരുന്നു. ബേബി പുന്നക്കല്‍, ജോസ് കൊല്ലിമൂട്, ഇ ആര്‍ പുഷ്പ, പി രവീന്ദ്രന്‍, വാസു ചാത്തലോട്, വെള്ളന്‍ കളംവെട്ടി, രനീഷ് തുടങ്ങിയവര്‍ സംസാരിച്ചു.