രാമവര്‍മക്കെതിരെ സുപ്രീം കോടതി

Posted on: September 4, 2013 6:00 am | Last updated: September 3, 2013 at 11:23 pm

10TH_SUPREME_COURT_1079055gന്യൂഡല്‍ഹി: പത്മനാഭസ്വാമി ക്ഷേത്രത്തിലെ മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട കേസില്‍ മാര്‍ത്താണ്ഡ വര്‍മയുടെ സഹോദരന്‍ രാമവര്‍മക്കെതിരെ സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശം. കേസില്‍ കോടതിയെ സഹായിക്കുന്നതിനായി നിയമിച്ച അഭിഭാഷകനെ (അമിക്കസ്‌ക്യൂറി) വിമര്‍ശിച്ചതിനാണ് കോടതി പരാമര്‍ശം. അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം ക്ഷേത്രാചാരങ്ങളില്‍ ഇടപെടുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ സത്യവാങ്മൂലം തള്ളുമെന്ന് കോടതി വ്യക്തമാക്കിയതിനെ തുടര്‍ന്ന് രാമവര്‍മ ഹരജി പിന്‍വലിച്ചു.
അമിക്കസ് ക്യൂറി സ്വയം കമ്മീഷനായി പ്രവര്‍ത്തിച്ചെന്നും ദൈനംദിന കാര്യങ്ങളില്‍ ഇടപെട്ടെന്നും രാജകുടുംബം ആരോപിച്ചിരുന്നു. ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കുന്നതിനുള്ള പൂര്‍ണ അധികാരം ഭരണ സമിതിക്കാണെന്ന് രാമവര്‍മ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മൂല്യനിര്‍ണയ സമിതിയുടെ ആവശ്യങ്ങളും ആശങ്കകളും അറിയിക്കാനുള്ള അമിക്കസ് ക്യൂറി ക്ഷേത്ര കാര്യങ്ങളില്‍ ഇടപെടുന്നത് വിലക്കണമെന്നും മാര്‍ത്താണ്ഡവര്‍മയും രാമവര്‍മയും നല്‍കിയ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിരുന്നു. സുപ്രീം കോടതിയാണ് അമിക്കസ് ക്യൂറിയെ നിയമിച്ചതെന്നും അമിക്കസ് ക്യൂറിക്ക് അധികാരപരിധി പരിമിതമാണെന്ന രാജകുടുംബത്തിന്റെ വാദം അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. അമിക്കസ് ക്യൂറി കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിന്മേലുള്ള മറുപടി സത്യവാങ്മൂലമാണ് രാജകുടുംബം സമര്‍പ്പിച്ചത്.
നിലവറകളിലെ കണക്കെടുപ്പ് നടത്തുന്നതിന് വിദഗ്ധ സമിതിയെ സഹായിക്കുകയും കോടതിക്കും സമിതിക്കും ഇടയില്‍ ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയുമാണ് അമിക്കസ് ക്യൂറിയുടെ ദൗത്യമെന്നും തെളിവുകള്‍ കണ്ടെത്തി ഹാജരാക്കണമെങ്കില്‍ കോടതി കമ്മീഷണര്‍മാരെ നിയോഗിക്കണമെന്നും സത്യവാങ്മൂലത്തില്‍ രാമവര്‍മ ആവശ്യപ്പെട്ടിരുന്നു. ഇത്തരം പരാമര്‍ശങ്ങളെയാണ് കോടതി നിശിതമായി വിമര്‍ശിച്ചത്.
എന്തടിസ്ഥാനത്തിലാണ് കോടതിയില്‍ മാര്‍ത്താണ്ഡവര്‍മയും സഹോദരന്‍ രാമവര്‍മയും ഇത്തരമൊരു സത്യവാങ്മൂലം നല്‍കിയതെന്ന് കോടതി ചോദിച്ചു. അമിക്കസ് ക്യൂറിയുടെ അധികാരത്തിന് ആരാണ് പരിധി നിശ്ചയിച്ചതെന്ന് ചോദിച്ച കോടതി പരാതി തള്ളുന്നതായി അറിയിക്കുകയായിരുന്നു.