ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; മഅ്ദിന്‍ പ്രാര്‍ഥനാ സമ്മേളനം നാളെ തുടങ്ങും

Posted on: July 31, 2013 12:37 am | Last updated: July 31, 2013 at 12:37 am

മലപ്പുറം: മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ സ്വലാത്ത് നഗറില്‍ സംഘടിപ്പിക്കുന്ന പ്രാര്‍ഥനാ സമ്മേളനം നാളെ തുടങ്ങും. വൈകീട്ട് നാലിന് സ്വലാത്ത് നഗറില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങോടെ ആരംഭിച്ച് തിങ്കളാഴ്ച പുലര്‍ച്ചെ വരെ നീളുന്ന വ്യത്യസ്ത പരിപാടികളാണ് റമസാന്‍ സംഗമത്തിനായി ഒരുക്കിയിട്ടുള്ളതെന്ന് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

നാളെ നാലിന് എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സമസ്ത ഉപാധ്യക്ഷന്‍ ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. റമസാന്‍ 23ാം രാവായ ഇന്ന് രാത്രി 9.30ന് മഅ്ദിന്‍ ഗ്രാന്‍ഡ് മസ്ജിദില്‍ നടക്കുന്ന ആത്മീയ മജ്‌ലിസില്‍ വി പി എ തങ്ങള്‍ ആട്ടീരി പ്രഭാഷണം നടത്തും. വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ ഗ്രാന്‍ഡ് മസ്ജിദില്‍ തുടങ്ങുന്ന ആത്മീയ വേദിക്ക് സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി നേതൃത്വം നല്‍കും. ശനിയാഴ്ച സക്കാത്തിനെക്കുറിച്ച് ഇബ്‌റാഹീം ബാഖവി മേല്‍മുറി പ്രഭാഷണം നടത്തും.
പൈതൃക യാത്ര, അന്ധര്‍ക്കുള്ള ഓറിയന്റേഷന്‍ ക്യാമ്പ്, കര്‍മശാസ്ത്ര പഠനം, റയ്യാന്‍ തീരത്ത് എന്നീ പ്രത്യേക വേദികളും ഖത്മുല്‍ ഖുര്‍ആന്‍, വിര്‍ദുല്ലത്വീഫ്, ഇസ്തിഗ്ഫാര്‍, തസ്ബീഹ്, അവ്വാബീന്‍ നിസ്‌കാരം, തസ്ബീഹ് നിസ്‌കാരം, അസ്മാഉല്‍ ഹുസ്‌ന റാത്തീബ്, അഅഌമു സ്വലാത്ത്, കന്‍ജുല്‍ അര്‍ശ്, സലാമത്തുല്‍ ഈമാന്‍, നൂറുല്‍ ഈമാന്‍ തുടങ്ങി ആത്മീയ ചടങ്ങുകളുമടക്കം 25 വ്യത്യസ്ത പരിപാടികള്‍ നാല് ദിനങ്ങളിലായി നടക്കും.
സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍, സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പൊസോട്ട്, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി, സയ്യിദ് അഹ്മദ് ഹുസൈന്‍ ശിഹാബ് തങ്ങള്‍ തിരൂര്‍ക്കാട്, സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ്, സയ്യിദ് അബ്ദുര്‍റഹ്മാന്‍ മുല്ലക്കോയ തങ്ങള്‍, സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി എന്നിവര്‍ നേതൃത്വം നല്‍കും.
സമാപന ദിവസമായ ഞായറാഴ്ച പുലര്‍ച്ചെ 5.30ന് ഹദീസ് പാഠം അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, ഏഴ് മണിക്ക് സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ കൂറ്റമ്പാറ അബ്ദുര്‍റഹിമാന്‍ ദാരിമി എന്നിവര്‍ ക്ലാസെടുക്കും. ഒരു മണിക്ക് സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരിയുടെ നേതൃത്വത്തില്‍ ഖത്മുല്‍ ഖുര്‍ആന്‍, അസ്മാഉല്‍ ബദ്ര്‍ പ്രാര്‍ഥനാ സദസ്സാണ്. വൈകീട്ട് നാലിന് സ്വലാത്ത് നഗറിലെ പ്രധാന വേദിയില്‍ ബുര്‍ദ പാരായണത്തോടെ പ്രാര്‍ഥനാ സമ്മേളന സമാപന ചടങ്ങുകള്‍ തുടങ്ങും. 14 ഗ്രൗണ്ടുകളിലായി ഒരു ലക്ഷം പേര്‍ക്ക് നോമ്പു തുറക്കുള്ള സൗകര്യങ്ങളുണ്ടാകും. മഗ്‌രിബ്, ഇശാഅ്, തറാവീഹ്, തസ്ബീഹ്, അവ്വാബീന്‍ നിസ്‌കാരങ്ങള്‍ രാത്രി 10 മണിയോടെ പൂര്‍ത്തിയാകും.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നുമെത്തിച്ചേരുന്ന വിശ്വാസികള്‍ സംബന്ധിക്കുന്ന സംഗമം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരിയുടെ ആശീര്‍വാദ പ്രഭാഷണത്തോടെ ആരംഭിക്കും. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി മുഖ്യ പ്രഭാഷണം നടത്തും. ഭീകരതക്കും തീവ്രവാദത്തിനുമെതിരെ അദ്ദേഹം പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. പുലര്‍ച്ചെ 2.30ന് സമൂഹ പ്രാര്‍ഥനയോടെ പരിപാടികള്‍ക്കു സമാപനമാകും.
5555 അംഗ സ്വാഗത സംഘത്തിന് കീഴില്‍ സമ്മേളനം സംബന്ധിച്ചുള്ള വിവരങ്ങള്‍ക്ക് പ്രത്യേക ഹെല്‍പ്പ്‌ലൈന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മഅ്ദിന്‍ കാമ്പസില്‍ നടന്നുവരുന്ന മുഴുവന്‍ പ്രോഗ്രാമുകളും www.mahdin online.comല്‍ ലഭ്യമാണ്. വിവരങ്ങള്‍ക്ക്: 9946623412, 9633158822. 04832 738343 ബന്ധപ്പെടാം. സ്വാഗത സംഘം ഉപാധ്യക്ഷന്‍ ഇബ്‌റാഹീം ബാഖവി മേല്‍മുറി, കണ്‍വീനര്‍ സൈനുദ്ദീന്‍ നിസാമി കുന്ദമംഗലം എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.