എം ജി കോളേജില്‍ സംഘര്‍ഷം: തിരുവനന്തപുരത്ത് ഇന്ന്‌ഹര്‍ത്താല്‍

Posted on: July 29, 2013 6:22 pm | Last updated: July 30, 2013 at 6:58 am

MG College Trivandrumതിരുവനന്തപുരം: തിരുവനന്തപുരത്ത് ഇന്ന്‌ ഹര്‍ത്താല്‍. എം ജി കോളജിലെ അക്രമസംഭവത്തില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകളാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ പത്തരയോടെയാണ് മുഖംമൂടി ധരിച്ചെത്തിയ അഞ്ചംഗ സംഘം കോളജ് പരിസരത്ത് ബോംബെറിഞ്ഞ് പരിഭ്രാന്തി സൃഷ്ടിച്ചത്. അഞ്ച് നാടന്‍ ബോംബെറിഞ്ഞതില്‍ മൂന്നെണ്ണം കോളജ് പരിസരത്ത് വീണ് പൊട്ടി. മൈതാനത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ ചില്ലുകളും കോളജിന്റെ ജനല്‍ ചില്ലുകളും അക്രമി സംഘം തകര്‍ത്തു. അധ്യാപകരെയടക്കം കയ്യേറ്റം ചെയ്‌തെന്നും ആരോപണമുണ്ട്.

എ ബി വി പി കുത്തകയാക്കി വെച്ചിരുന്ന കോളേജില്‍ രാഷ്ട്രീയം നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി വന്നതിനെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നില നിന്നിരുന്നു. അക്രമം നടത്തുന്നുവെന്നാരോപിച്ച് അഞ്ച് എ ബി വി പി പ്രവര്‍ത്തകരെ പ്രിന്‍സിപ്പാള്‍ കോളേജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് ഉപദേശക സമിതിയില്‍ അംഗമായ അദ്ധ്യാപകന്റെ വീടിന് നേരെ ഞായറാഴ്ച്ച വിദ്യാര്‍ത്ഥികള്‍ കല്ലെറിഞ്ഞിരുന്നു.