ഈജിപ്ത്: ബ്രദര്‍ഹുഡ് പ്രക്ഷോഭം കൂടുതല്‍ സംഘര്‍ഷത്തിലേക്ക്‌

Posted on: July 29, 2013 9:22 am | Last updated: July 29, 2013 at 9:25 am

egyptകൈറോ: ഈജിപ്തില്‍ ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭം കൂടുതല്‍ സംഘര്‍ഷത്തിലേക്ക്. ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് മുര്‍സിയില്‍ നിന്ന് അധികാരം പിടിച്ചെടുത്ത സൈന്യത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുര്‍സിവിരുദ്ധരും പ്രകടനം നടത്തുന്നുണ്ട്. സൈനിക തടവറയില്‍ കഴിയുന്ന മുര്‍സിയെ മോചിപ്പിച്ച് അധികാരം തിരിച്ചു നല്‍കുന്നതുവരെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ബ്രദര്‍ഹുഡ് പ്രക്ഷോഭകര്‍. എന്നാല്‍ പ്രക്ഷോഭങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് ആഭ്യന്തരമന്ത്രി മുന്നറിയിപ്പ് നല്‍കി.
കഴിഞ്ഞ ദിവസം സൈന്യവുമായി നടന്ന ഏറ്റുമുട്ടലില്‍ നൂറോളം മുര്‍സി അനുയായികള്‍ കൊല്ലപ്പെട്ടത് ബ്രദര്‍ഹുഡ് നേതൃത്വത്തെ പ്രകോപിപ്പിച്ചിട്ടുണ്ട്. സമാധാനപരമായി പ്രക്ഷോഭം നടത്തിയവര്‍ക്ക് നേരെ സൈന്യം മുന്നറിയിപ്പുകളൊന്നുമില്ലാതെ ആക്രമണം നടത്തുകയായിരുന്നുവെന്ന് ബ്രദര്‍ഹുഡ് വക്താവ് ജിഹാദ് അല്‍ ഹദ്ദാദ് ആരോപിച്ചു. എന്നാല്‍, സൈന്യത്തിന് നേരെ പ്രക്ഷോഭകര്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്നും ഇതാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചതെന്നും സൈനിക വക്താക്കള്‍ അറിയിച്ചു. പ്രക്ഷോഭകര്‍ക്ക് നേരെ വെടിവെപ്പ് നടത്തിയിട്ടില്ലെന്നും കണ്ണീര്‍വാതകം മാത്രമാണ് പ്രയോഗിച്ചതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ ശനിയാഴ്ചയുണ്ടായ കൂട്ടക്കൊലയെ കുറിച്ച് അന്വേഷിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തലസ്ഥാനമായ കൈറോക്ക് സമീപത്തെ നസ്ര്‍ നഗരത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം ഇരുനൂറോളം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ബ്രദര്‍ഹുഡ് വക്താക്കള്‍ പറയുന്നത്. എന്നാല്‍ 72 പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്കുകള്‍.
പ്രക്ഷോഭം അവസാനിപ്പിക്കണമെന്നുള്ള സൈന്യത്തിന്റെയും ഇടക്കാല സര്‍ക്കാറിന്റെയും ആവശ്യം അവഗണിച്ച് ഇന്നലെയും ആയിരക്കണക്കിന് ബ്രദര്‍ഹുഡ് പ്രക്ഷോഭകര്‍ കൈറോയില്‍ ഒരുമിച്ചുകൂടി. തീരദേശ നഗരമായ സൂയസ് കനാല്‍ നഗരത്തില്‍ പ്രക്ഷോഭകര്‍ നടത്തിയ വെടിവെപ്പില്‍ പതിനഞ്ച് പേര്‍ക്ക് പരുക്കേറ്റതായി ദേശീയ വാര്‍ത്താ ഏജന്‍സിയായ മെന റിപ്പോര്‍ട്ട് ചെയ്തു.
ഈ മാസം മൂന്നിന് പ്രസിഡന്റ് സ്ഥാനത്ത് നിന്നും പുറത്താക്കപ്പെട്ട മുര്‍സിക്ക് മേല്‍ കൊലപാതകമടക്കമുള്ള ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട കേസ് അന്വേഷണവും ചോദ്യം ചെയ്യലും നടന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മുര്‍സിയെ മോചിപ്പിക്കാന്‍ സാധിക്കില്ലെന്ന് കോടതി വക്താക്കള്‍ അറിയിച്ചു.