ടി പി വധം ഇടതിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചതായി എ ഐ എസ് എഫ്

Posted on: July 29, 2013 7:26 am | Last updated: July 29, 2013 at 7:26 am

aisfതിരുവനന്തപുരം: ആര്‍ എം പി നേതാവ് ടി പി ചന്ദ്രശേഖരന്റെ വധം ഇടതു പക്ഷത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചെന്ന് എ ഐ എസ് എഫ്. ആയുധബലം കൊണ്ട് രാഷ്ട്രീയ എതിരാളികളെ നേരിടുന്നവരെ ഒറ്റപ്പെടുത്തണമെന്നും എ ഐ എസ് എസ് സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച രാഷ്ട്രീയ വിദ്യാഭ്യാസ പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. ചില ക്യാമ്പസുകളില്‍ എസ് എഫ് ഐ തെരുവ് ഗുണ്ടകളുടെ സംസ്‌കാരത്തിലേക്ക് മാറിയെന്നും പ്രമേയം കുറ്റപ്പെടുത്തി. ടി പിക്ക് അനുശോചനം രേഖപ്പെടുത്തിയാണ് സമ്മേളനം തുടങ്ങിയത്.
പ്രമേയത്തില്‍ ടി പിയെക്കുറിച്ചുള്ള പരാമര്‍ശം ഇപ്രകാരമാണ്: കൊലപാതക രാഷ്ട്രീയത്തിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് ഒഞ്ചിയത്ത് കൊല്ലപ്പെട്ട ടി പി ചന്ദ്രശേഖരന്‍. ടി പി വധം ഇടതു പക്ഷത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചു. നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പിനെയടക്കം കൊലപാതകം സ്വാധീനിച്ചു. ആശയസമരത്തിന് പകരം ആയുധബലം കൊണ്ടും പേശീബലം കൊണ്ടും രാഷ്ട്രീയ എതിരാളികളെ നേരിടുന്നവര്‍ ആരായാലും അവരെ ഒറ്റപ്പെടുത്താന്‍ സമൂഹം തയ്യാറാകണം. തെറ്റയില്‍ വിവാദം സോളാര്‍ ആരോപണങ്ങള്‍ക്കിടെ ഭരണപക്ഷത്തിന് പ്രതിരോധിക്കാനുള്ള ആയുധമായി. രാഷ്ട്രീയ പ്രവര്‍ത്തകര്‍ പൊതുജീവിതത്തിലും വ്യക്തിജീവിതത്തിലും ധാര്‍മികത കാത്തുസൂക്ഷിക്കണം. സമൂഹത്തില്‍ നിന്നുള്ള തെറ്റയിലിന്റെ ഒളിച്ചോട്ടം ഇടത് പ്രസ്ഥാനങ്ങളുടെ സല്‍പ്പേരിന് കളങ്കം ചാര്‍ത്തി.
സ്വാശ്രയ രംഗത്ത് എസ് എഫ്‌ഐയുടെ നിലപാട് അവസരവാദപരമാണ്. മാനേജ്‌മെന്റിന്റെ പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ന്നുവെന്ന് വാര്‍ത്ത വന്ന ശേഷമാണ് എസ് എഫ് ഐ സമരത്തിനിറങ്ങിയത്. ക്യാമ്പസുകളില്‍ എസ് എഫ് ഐ അക്രമം അഴിച്ചുവിടുകയാണെന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. തൃശൂരില്‍ എല്ലാ ജനാധിപത്യ മര്യാദകളും കാറ്റില്‍പ്പറത്തി എസ് എഫ് ഐ തെരുവു ഗുണ്ടകളുടെ സംസ്‌കാരത്തിലേക്ക് മാറി. പരിയാരത്ത് പി ജിക്ക് എന്‍ ആര്‍ ഐ സീറ്റില്‍ നടന്ന പ്രവേശന പരീക്ഷയെക്കുറിച്ച് അന്വേഷിക്കണമെന്നും എ ഐ എസ് എഫ് ആവശ്യപ്പെട്ടു.