മഅദനിക്ക് നീതി ലഭ്യമാക്കണം: പ്രൊഫ. വഹാബ്‌

Posted on: July 28, 2013 8:36 pm | Last updated: July 28, 2013 at 8:36 pm

ദുബൈ: പി ഡി പി നേതാവ് അബ്ദുന്നാസര്‍ മഅ്ദനിയുടെ കാര്യത്തില്‍ കോണ്‍ഗ്രസിന്റെ നയം നാണംകെട്ടതാണെന്ന് ഐ എന്‍ എല്‍ സംസ്ഥാന ജന. സെക്രട്ടറി പ്രൊഫ. എ പി അബ്ദുല്‍ വഹാബ് പറഞ്ഞു. ദുബൈ സിറാജ് ഓഫീസ് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഅ്ദനിക്ക് ജാമ്യം ലഭിക്കാതിരിക്കാന്‍ കര്‍ണാടക കോണ്‍ഗ്രസ് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ നിരവധി കള്ളങ്ങള്‍ പറഞ്ഞു. ബി ജെ പി പോലും ഉന്നയിക്കാത്ത ആരോപണങ്ങളാണ് അഭിഭാഷകന്‍ ഉയര്‍ത്തിയത്. മഅ്ദനിക്കു വേണ്ടി നിലകൊള്ളുമെന്നു പറഞ്ഞ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇക്കാര്യത്തില്‍ ഇടപെട്ടില്ല. ഗുജറാത്തിലെ നരേന്ദ്രമോഡിയെയാണോ ഭയക്കുന്നതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണം.
ഒന്നുകില്‍, മഅ്ദനിയെ ജാമ്യത്തില്‍ വിടണം. അല്ലെങ്കില്‍ വേഗം വിചാരണക്കു വിധേയമാക്കണം. ഒരു കാരണവുമില്ലാതെ, തമിഴ്‌നാട്ടില്‍ ഒമ്പത് വര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ച ആളാണ് മഅ്ദനിയെന്ന് ഓര്‍ക്കണം.
കോഴിക്കോട്ട് സേട്ടു സാഹിബ് പഠന ഗവേഷണ കേന്ദ്രം നിര്‍മാണം ഡിസംബറില്‍ തുടങ്ങും. 10 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഡിജിറ്റല്‍ ലൈബ്രറി, കോണ്‍ഫറന്‍സ് ഹാള്‍, സ്റ്റുഡന്റ്‌സ് ഹോസ്റ്റല്‍ തുടങ്ങിയവ നിര്‍മിക്കും. കോഴിക്കോട് മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ച് റിലീഫ് പ്രവര്‍ത്തനം ശക്തിപ്പെടുത്തിയിട്ടുണ്ട്.
സോളാര്‍ വിവാദത്തില്‍ മുഖ്യമന്ത്രി ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കണമെന്നും പ്രൊഫ. വഹാബ് പറആവശ്യപ്പെട്ടു. എം എ ലത്തീഫ്, കമാല്‍ റഫീഖ്, നസീര്‍ പാനൂര്‍, ഖാന്‍ പാറയില്‍, നബീല്‍ അഹ്മദ്, സാലിം അലി ബേക്കല്‍ എന്നിവരും വഹാബിനൊപ്പമുണ്ടായിരുന്നു.