Connect with us

Palakkad

ജില്ലയിലെ മുഴുവന്‍ റോഡുകളിലെയും കുഴികള്‍ കോണ്‍ക്രീറ്റ് ചെയ്ത് അടക്കും

Published

|

Last Updated

പാലക്കാട്: ജില്ലയിലെ മുഴുവന്‍ പൊതുമരാമത്ത് റോഡുകളിലേയും കുഴികള്‍ അടിയന്തരമായി കോണ്‍ക്രീറ്റ് ചെയ്ത് നികത്തുന്നതിന് നടപടി സ്വീകരിക്കുമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എം വിജയകുമാര്‍ അറിയിച്ചു.
മഴക്കാലമായതിനാല്‍ റോഡുകള്‍ മുഴുവനും കുഴികളാണെന്നും യാത്ര ദുഷ്‌ക്കരമാണെന്നും യോഗത്തില്‍ എം എല്‍ എമാര്‍ ഉന്നയിച്ചിരുന്നു. ഇതിന് മറുപടിയായാണ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കാര്യങ്ങള്‍ വിശദീകരിച്ചത്.
കുഴികള്‍ നികത്തുന്നതിന്റെ ഭാഗമായി ഓരോ ഡിവിഷനിലും 50,000 രൂപ നല്‍കും. ഇതിനായി 6,50,000 രൂപ പ്രാഥമികമായി ലഭിച്ചതായി അദ്ദേഹം അറിയിച്ചു. ഇത് ബന്ധപ്പെട്ട അസിസ്റ്റന്റ് എഞ്ചിനീയര്‍മാര്‍ക്ക് ചെലവഴിക്കാന്‍ കഴിയും. ഇതിന് പുറമെ അഞ്ച് ലക്ഷം രൂപയും കൂടി അധികമായി ലഭിക്കും. മഴ കഴിഞ്ഞാല്‍ അറ്റകുറ്റപണികള്‍ നടത്തുന്നതിന് 10 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം ലഭിച്ചതായും അദ്ദേഹം അറിയിച്ചു. വടക്കഞ്ചേരി – മണ്ണുത്തി ദേശീയപാത തകര്‍ന്നതിനാല്‍ പകുതിയോളം ബസുകള്‍ ഓട്ടം നിറുത്തിയതായും എം ചന്ദ്രന്‍ എം എല്‍ എ പറഞ്ഞു. ഇതുവഴിയുളള ബസുകള്‍ അടുത്ത ദിവസം മുതല്‍ സമരം പ്രഖ്യാപിക്കുന്നതായും അദ്ദേഹം യോഗത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ഇതുസംബന്ധിച്ച് ജൂലൈ 30 ന് പ്രത്യേകം യോഗം വിളിക്കുമെന്ന് ജില്ലാ കലക്ടര്‍ പി എം അലി അസ്ഗര്‍ പാഷ അറിയിച്ചു.
ദേശീയപാതയില്‍ മണ്ണുത്തി മുതല്‍ വടക്കഞ്ചേരി വരെയുളള റോഡുകള്‍ നന്നാക്കുന്നതിന് അഞ്ച് കോടി രൂപ കേരള ഗവണ്‍മെന്റ് നീക്കിവെച്ചതായും ജില്ലാ കലക്ടര്‍ അറിയിച്ചു.
മഴ നിലച്ചാല്‍ പണി തുടങ്ങും. കഴിഞ്ഞ വര്‍ഷം മെറ്റല്‍ ചെയ്ത റോഡുകള്‍ പലതും പൊളിഞ്ഞതായി സി പി. മുഹമ്മദ് എം എല്‍ എ പറഞ്ഞു. ഇത്തരം റോഡുകളുടെ പണിയെടുത്ത കരാറുകാരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുന്നതിന് നടപടി വേണം. കുണ്ടും കുഴിയുമായ റോഡുകളില്‍ ക്വാറി വേസ്റ്റ് നിക്ഷേപിച്ച് പരിഹാരം കാണണമെന്ന് എം എല്‍ എ പറഞ്ഞു. ഒന്നര വര്‍ഷം വരെ റോഡുകള്‍ക്ക് ഗ്യാരണ്ടി ഉളളതായി ബന്ധപ്പെട്ട എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ യോഗത്തില്‍ അറിയിച്ചു. എന്‍ എച്ച് 213 ല്‍ മുണ്ടൂര്‍ മുതല്‍ മണ്ണാര്‍ക്കാട് വരെയുളള ഭാഗങ്ങളില്‍ ഗതാഗതം ദുഷ്‌ക്കരമാണെന്ന് അഡ്വ എന്‍ ഷംസുദ്ദീന്‍ എം എല്‍ എ പറഞ്ഞു. ഈ ഭാഗങ്ങളിലും അറ്റകുറ്റപ്പണികള്‍ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയില്‍ ബസുകളുടെ യാത്രാസമയത്തില്‍ പുന:ക്രമീകരണത്തിന് നടപടി സ്വീകരിക്കുന്നതിന് ഗതാഗത വകുപ്പ് കമ്മീഷണര്‍ ഉത്തരവിട്ടതായി ആര്‍ — ടി ഒ യോഗത്തില്‍ അറിയിച്ചു.
വാഹനങ്ങളുടെ പരിശോധനയുടെ പേരില്‍ ചെറുകിടക്കാരെ പിഴിയുന്നതൊഴിവാക്കണമെന്ന് സി പി മുഹമ്മദ് എം — എല്‍ എ പറഞ്ഞു. നിസാരകുറ്റങ്ങള്‍ക്ക് 1500 രൂപയോളം പിഴയിടുന്നതായും അനാവശ്യമായി വാഹനങ്ങള്‍ പിടിച്ചിടുന്നതായും എം എല്‍ എ പറഞ്ഞു. എന്നാല്‍ ലൈസന്‍സില്ലാതെയും മദ്യപിച്ചും വാഹനമോടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് എം അച്ചുതന്‍ എം എല്‍ എ ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ച കാര്യങ്ങളില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ആര്‍ ടി ഒ അറിയിച്ചു. അട്ടപ്പാടിയില്‍ കെ എസ് ആര്‍ ടി സി ബസുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ ലഭിക്കാത്തത് മൂലം ബുദ്ധിമുട്ട് അനു”വപ്പെടുന്നതായി എന്‍ ഷംസുദ്ദീന്‍ എം എല്‍ എ പറഞ്ഞു.

Latest