വൈദ്യുതി നിരക്കിലെ വര്‍ധന: സംസ്ഥാനത്ത് കോഴികൃഷി പ്രതിസന്ധിയില്‍

Posted on: July 28, 2013 6:51 am | Last updated: July 28, 2013 at 6:51 am

കണ്ണൂര്‍: മുന്നറിയിപ്പില്ലാതെ കാര്‍ഷിക വൈദ്യുതി കണക്ഷന്റെ നിരക്ക് സര്‍ക്കാര്‍ കുത്തനെ ഉയര്‍ത്തിയത് കര്‍ഷകര്‍ക്ക് വന്‍ തിരിച്ചടിയാകുന്നു. കോഴിവളര്‍ത്തല്‍, ഡയറി ഫാം, കൃഷി തുടങ്ങിയ മേഖലയിലെ വൈദ്യുതി നിരക്കാണ് മേയ് മുതല്‍ വര്‍ധിപ്പിച്ചത്.

നേരത്തെ കാര്‍ഷിക താരിഫ് വിഭാഗമായ എല്‍ ടി-5 ഇനത്തില്‍ ഉള്‍പ്പെടുത്തിയിരുന്ന താരിഫ് ഇപ്പോള്‍ വ്യാവസായിക താരിഫാക്കിയാണ് മാറ്റിയിരിക്കുന്നത്. എല്‍ടി-5 താരിഫില്‍ യൂനിറ്റിന് 60 പൈസ മാത്രമുണ്ടായിരുന്നിടത്ത് പുതുക്കിയത് പ്രകാരം യൂനിറ്റിന് രണ്ട് രൂപ അറുപത് പൈസ നല്‍കണം. നിരക്ക് വര്‍ധന ഏറ്റവും കൂടുതല്‍ പ്രതികൂലമായി ബാധിക്കുന്നത് ചെറുകിട ഡയറി ഫാം നടത്തിപ്പുകാരെയും സംസ്ഥാനത്ത് ചെറുകിട പൗള്‍ട്രി ഫാം നടത്തുന്ന കോഴിക്കര്‍ഷകരെയും മറ്റ് കൃഷിക്കാരെയുമായിരിക്കും. പുതുക്കിയ നിരക്ക് പ്രകാരം അഞ്ചിരട്ടിയോളം തുക കര്‍ഷകര്‍ വൈദ്യുതി ഇനത്തില്‍ മാത്രം നല്‍കേണ്ടി വരും.
നേരത്തെ കോഴി കര്‍ഷകര്‍ സര്‍ക്കാരില്‍ നല്‍കിയ നിവേദനത്തെ തുടര്‍ന്ന് വില്‍പ്പന നികുതി കുറക്കാനും കിലോഗ്രാമിന് 90 രൂപ തറ വില നിശ്ചയിക്കാമെന്നും ഉറപ്പ് നല്‍കിയിരുന്നു. കേരളത്തില്‍ കോഴിയിറച്ചി ഉത്പാദകര്‍ക്ക് 90 രൂപയെങ്കിലും തറവില നിശ്ചയിച്ചാല്‍ മാത്രമെ ഈ മേഖലക്ക് നിലനില്‍പ്പുണ്ടാകുവെന്ന് കാണിച്ച് വില്‍പ്പന നികുതി ഉദ്യോഗസ്ഥരും സര്‍ക്കാരില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
ഇതിന്റെയൊക്കെ പശ്ചാത്തലത്തില്‍ വില്‍പന നികുതി കുറക്കാനും കിലോഗ്രാമിന് 90 രൂപ തറവില നിശ്ചയിക്കുന്നതിനെ കുറിച്ചും സര്‍ക്കാര്‍ ആലോചിച്ചു വരുന്നുണ്ട്. ഈ രീതി അവലംബിച്ചാല്‍ ഒരു പരിധി വരെ കേരളത്തിലെ കോഴി കര്‍ഷകര്‍ക്ക് ഗുണം ലഭിക്കുമെന്നായിരുന്നു വിലയിരുത്തിയത്. വില്‍പ്പന നികുതി കുറച്ചാല്‍ കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന കോഴിയിറച്ചി കുറഞ്ഞ വിലക്ക് ലഭ്യമാക്കാനും സാധിക്കുമായിരുന്നു. ഇക്കാര്യങ്ങളുമായുള്ള നടപടികള്‍ മുന്നോട്ടു പോകുന്നതിനിടെ വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചത് എല്ലാ പ്രതീക്ഷകളെയും തകിടം മറിക്കുകയാണ്. വൈദ്യുതി നിരക്ക് കൂട്ടിയതോടെ കോഴി കര്‍ഷകര്‍ക്ക് നിലവിലെ വിലക്ക് ഉത്പാദനം നടത്താന്‍ കഴിയാത്ത അവസ്ഥയാണുണ്ടായിരിക്കുന്നത്. വില്‍പ്പന നികുതി കുറക്കാന്‍ തീരുമാനിക്കുകയും വൈദ്യുതി നിരക്ക് കൂട്ടുകയും ചെയ്ത സാഹചര്യത്തില്‍ കേരളത്തിലെ കോഴി കൃഷി പൂര്‍ണമായും ഇല്ലാതാകുന്ന അവസ്ഥയിലെത്തുമെന്ന് ഓള്‍ കേരള പൗള്‍ട്രി ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പി ടി ബാബു പറഞ്ഞു. ഈ സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ നിന്ന് ഇറച്ചിക്കോഴികള്‍ വ്യാപകമായി കേരളത്തിലെത്തും. തമിഴ്‌നാട്ടില്‍ കോഴി കര്‍ഷകര്‍ക്ക് ചുരുങ്ങിയ നിരക്കിലാണ് വൈദ്യുതി നല്‍കുന്നത്.