ഇ-ലോകത്തും ഖുര്‍ആന്‍ പാരായണം സജീവം

Posted on: July 27, 2013 10:16 am | Last updated: July 27, 2013 at 10:16 am

വണ്ടൂര്‍: കല്ലില്‍ കൊത്തിവെച്ച ദൈവിക വചനങ്ങള്‍ പിന്നീട് ഓലകളിലൂടെയും കടലാസുകളിലൂടെയുമാണ് അനുവാചക ഹൃദയങ്ങളില്‍ ഇടംനേടിയത്. വായന ഇന്ന് ഇ-വായനയായി വികസിച്ചതോടെ (ഇന്റര്‍നെറ്റിലെ വായന) കമ്പ്യൂട്ടറിലും മൊബൈല്‍ ഫോണുകളിലും ഖുര്‍ആന്‍ പാരായണം നടത്തുന്നവര്‍ ഏറിവരികയാണ്. അക്ഷരങ്ങളുടെ വലിപ്പം, പശ്ചാത്തല നിറം എന്നിവ യുക്തമായ രീതിയില്‍ മാറ്റാമെന്നതിനാല്‍ ചെറിയവര്‍ മുതല്‍ വാര്‍ധക്യമെത്തിയവര്‍ക്ക് വരെ പാരായണം ചെയ്യാന്‍ സാധിക്കുമെന്നത് ഇ-പാരായണത്തിന്റെ ഒരു പ്രധാന മേന്മയാണ്. കൂടാതെ സ്മാര്‍ട്‌ഫോണുകളും വ്യാപിച്ചതിനാല്‍ ഖുര്‍ആന്‍ അപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നവരും ഏറെയുണ്ട്. നേരത്തെ സി ഡി, ഡിവിഡി രൂപത്തില്‍ മാത്രം ലഭ്യമായിരുന്ന ഖുര്‍ആന്‍ ഡിസ്‌കുകള്‍ക്ക് പകരം ഖുര്‍ആനിലെ ഓരോ അധ്യായത്തിലെയും ആയത്തുകള്‍ വേര്‍തിരിച്ച് കാണാനും പാരായണം ചെയ്യുന്നത് കേള്‍ക്കാനും സൗകര്യമുള്ള വെബ്‌സൈറ്റുകള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്.തന്‍സീല്‍ ഡോട്ട് കോം എന്ന വെബ്‌സൈറ്റ് ഇത്തരത്തില്‍ ലോകപ്രശസ്തമായ വെബ്‌സൈറ്റുകളിലൊന്നാണ്.
23 വെബ്‌സൈറ്റുകള്‍ ഖുര്‍ആന്‍ പാരായണത്തിന് ലിങ്ക് കൊടുത്തിരിക്കുന്നത് തന്‍സീല്‍ വെബ്‌സൈറ്റിലാണ്.കൂടാതെ മൂന്ന് മൊബൈല്‍ അപ്ലിക്കേഷനുകളും പ്രവര്‍ത്തിക്കുന്നതും തന്‍സീല്‍ അടിസ്ഥാനമാക്കിതന്നെ. വ്യത്യസ്ത ഖാരിഉകളുടെ വിവിധ രീതിയിലെ ഖുര്‍ആന്‍ പാരായണങ്ങള്‍ ഈ വെബ്‌സൈറ്റില്‍ ലഭ്യമാണ്. വ്യത്യസ്ത രീതികളില്‍ ഇന്‍ഡക്‌സും,വിപുലമായ സെര്‍ച്ച് സൌകര്യവും തജീവീദ് പഠനത്തിനുള്ള പ്രത്യേകം സംവിധാനവും ഈ വെബ്‌സൈറ്റിലുണ്ട്.
അതെസമയം വിമര്‍ശകരും ഇസ്‌ലാമിക് വിരുദ്ധരും ഖുര്‍ആനിക അധ്യാപനങ്ങള്‍ വികലമാക്കി ചിത്രീകരിക്കാനും വേണ്ടി അവതരിപ്പിക്കുന്ന വെബ്‌സൈറ്റുകളും നിലവിലുണ്ട്. ഖാദിയാനി, ബഹാഇ, ഇസ്മായിലി തുടങ്ങിയ വിഭാഗങ്ങള്‍ ഇസ്‌ലാമിന്റെയും ഖുര്‍ആനിന്റെയും പേരില്‍ ഇന്റര്‍നെറ്റില്‍ സജീവമാണ്.
കൂടാതെ മിഷനറി പ്രവര്‍ത്തകരും സിയോണിസ്റ്റുകളും ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കാനും ഖുര്‍ആന്റെ ആശയങ്ങള്‍ തങ്ങളുടെ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കാനുള്ള ശ്രമവും നടന്നുവരുന്നുണ്ട്.