സമ്പത്ത് കസ്റ്റഡി മരണം:ഐപിഎസുകാരുടെ പങ്കിനെ കുറിച്ച് അന്വേഷണം തുടങ്ങി

Posted on: July 26, 2013 1:00 pm | Last updated: July 26, 2013 at 2:42 pm

sampathപാലക്കാട്: പൂത്തൂര്‍ ഷീലാവധക്കേസിലെ മുഖ്യപ്രതിയായിരുന്ന സമ്പത്ത് പോലീസ് കസ്റ്റഡിയില്‍ മരിച്ച കേസില്‍ ഐപിഎസ് ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് സിബിഐ അന്വേഷണം തുടങ്ങി. പ്രതിപ്പട്ടികയില്‍ ഉള്ളവരോട് ഇന്ന് പാലക്കാട്ട് ഹാജരാകാന്‍ സിബിഐ നിര്‍ദേശിച്ചു. എഡിജിപി മുഹമ്മദ് യാസിന്‍, ഡിഐജി വിജയ് സാക്കറെ എന്നിവരാണു പ്രതിപ്പട്ടികയില്‍ ഉള്ള ഐപിഎസ് ഉദ്യോഗസ്ഥര്‍.

മുഹമ്മദ് യാസിനെയും വിജയ്‌സാഖറെയും പ്രതിസ്ഥാനത്തു നിന്ന് ഒഴിവാക്കി സിബിഐ ആദ്യം സമര്‍പ്പിച്ച കുറ്റപത്രം എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്്് മടക്കിയിരുന്നു. കേസിലെ ആദ്യ പ്രതിപ്പട്ടികയിലുണ്ടായിരുന്ന ഈ ഐപിഎസ് ഉദ്യോഗസ്ഥരുണ്ടായിരുന്നു. പിന്നീടാണ് ഇവരെ ഒഴിവാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. ആദ്യപ്രതിപ്പട്ടിയിലുണ്ടായിരുന്ന ഐപിഎസ് ഉദ്യോഗസ്ഥരടക്കം 17 പ്രതികളുടെ പങ്കിനെ പറ്റി തുടരന്വേഷണം നടത്തി അര്‍ഥവത്തും വിശ്വസനീയവുമായ കുറ്റപത്രം സമര്‍പ്പിക്കാനും സിജെഎം ഉത്തരവിടുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് കേസില്‍ പുനരന്വേഷണം നടക്കുന്നത്. കസ്റ്റഡി മരണക്കേസില്‍ ഉന്നത ഉദ്ദ്യോഗസ്ഥരായ പ്രതികളെ ഒഴിവാക്കിയ സിബിഐ നടപടിയെ ചോദ്യം ചെയ്ത് അഡ്വ: ജോപോള്‍ മുഖേന സമ്പത്തിന്റെ സഹോദരന്‍ മുരുകേശന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സിബിഐക്കു വീഴ്ച പറ്റിയതായി ചൂണ്ടിക്കാട്ടുന്ന നിര്‍ണായക വിധി.