Connect with us

Wayanad

ജില്ലയില്‍ കൂടുതല്‍ പേര്‍ മരിക്കുന്നത് എലിപ്പനി മൂലമാണെന്ന് ആരോഗ്യ വകുപ്പ്

Published

|

Last Updated

കല്‍പറ്റ: ജില്ലയില്‍ കൂടുതല്‍ പേര്‍ മരിക്കുന്നത് എലിപ്പനി മൂലമാണെന്ന് ആരോഗ്യവകുപ്പിലെ രേഖകള്‍ ചൂണ്ടിക്കാട്ടുന്നു. 2007 മുതല്‍ ജില്ലയില്‍ 872 പേര്‍ക്ക് എലിപ്പനിബാധിക്കുകയും ഇതില്‍ 85 പേര്‍ മരിക്കുകയുംമ ചെയ്തു. അതായത് ഓരോ 10 പേര്‍ക്കും എലിപ്പനി ബാധിക്കുമ്പോള്‍ ഒരാള്‍ മരിക്കുന്നു. ഈ കാലയളവില്‍ എലിപ്പനി ബാധിച്ച് മരിച്ച 85 പേരില്‍ 55 പേരും മരിച്ചത് 2010 മുതല്‍ 2013 ജൂലൈ 11 വരെയുള്ള കാലയളവിലാണ്. ഈ വര്‍ഷം ജനുവരി മുതല്‍ ജൂലൈ 11 വരെ 58 പേര്‍ക്ക് എലിപ്പനി ബാധിക്കുകയും അതില്‍ ഏഴു പേര്‍മരിക്കുകയും ചെയ്തു. മരണപ്പെട്ടവരില്‍ ഭൂരിഭാഗം പേരും അസുഖം തുടങ്ങി ഏഴോ എട്ടോ ദിവസം കഴിഞ്ഞ ശേഷമാണ് ഡോക്ടറെ സമീപിക്കുന്നതെന്നാണ് എലിപ്പനി മരണങ്ങളെ കുറിച്ച് ജില്ലയില്‍ പൊതുജനാരോഗ്യ രംഗത്തെ വിദഗ്ധര്‍ നടത്തിയ ശാസ്ത്രീ പഠനങ്ങളില്‍ പറയുന്നത്. മരണപ്പെട്ടവരില്‍ നല്ലൊരു പങ്കുംകൃഷി, കന്നുകാലി വളര്‍ത്തല്‍, തൊഴിലുറപ്പ് എന്നീ മേഖലകളില്‍ തൊഴിലെടുക്കുന്നവരാണ്. മറ്റ് വിഭാഗങ്ങളെ അപേക്ഷിച്ച് ആദിവാസികളില്‍ രോഗം വന്നാല്‍ മരണനിരക്ക് കൂടുന്നു. പൊതുജനങ്ങള്‍ക്ക് അറിവ് പരിമിതമായതും മരണ നിരക്കിന് ആക്കം കൂട്ടുന്നു. ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ മാനിക്കാറില്ലാത്തതും ലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സയും പ്രധാന ലക്ഷണം മഞ്ഞപിത്തമായത് കൊണ്ട് സാധാരണ മഞ്ഞപിത്തമായി തെറ്റിദ്ധരിച്ച് മറ്റ് ചികിത്സക്ക് പോകുന്നതും മരണത്തിന് കാരണമാകുന്നുണ്ട്. അതെ സമയം മദ്യപാനികളില്‍ രോഗം വന്നാല്‍ മരണ സാധ്യത കൂടുതലുമാണ്. പ്രതിരോധത്തിനും സൗജന്യ ചികിത്സക്കും സൗകര്യങ്ങളേറെ ഉണ്ടായിട്ടും എലിപ്പനി മൂലം ആളുകള്‍ മരിക്കുന്നത് ഗുരുതരമായ പ്രശ്‌നമാണ്. ഇതിനെ തടയിടുന്നതിന് എലിപ്പനി നിയന്ത്രണ പരിപാടിക്ക് ജില്ലാ ആരോഗ്യവകുപ്പ് രംഗത്തെത്തിയിരിക്കുകയാണ്.

Latest