Connect with us

Articles

എന്താണ് വിരമിക്കുന്ന ദിനങ്ങളില്‍ സുപ്രധാന വിധികള്‍ വരുന്നത്?

Published

|

Last Updated

നിര്‍ണായകമായ, കോടികള്‍ മൂല്യമുള്ള ഇടപാടുകളുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന കേസുകളിലെ വിധി എന്തുകൊണ്ടാണ് ചീഫ് ജസ്റ്റിസുമാര്‍ വിരമിക്കുന്ന ദിവസങ്ങളിലുണ്ടാകുന്നത് എന്ന ചിന്ത, ദുര്‍ബുദ്ധിയില്‍ നിന്നുയിര്‍ക്കുന്നതാണെന്ന് വ്യാഖ്യാനിക്കപ്പെട്ടേക്കാം. പക്ഷേ, ചിന്തയില്‍ വസ്തുതകളുണ്ടെന്നാണ് അനുഭവസാക്ഷ്യം. പൊതു ഖജനാവ് കൊള്ളയടിക്കാന്‍ പാകത്തില്‍ ഭരണ വര്‍ഗം തീരുമാനങ്ങളെടുക്കുന്നതിന് ചിലപ്പോഴെങ്കിലും അരു നില്‍ക്കുന്നുണ്ടോ നീതിന്യായ സംവിധാനം? ഭരണകൂടമെടുക്കുന്ന ചില നേരായ തീരുമാനങ്ങളെങ്കിലും ചൂഷണസാധ്യത മുന്‍നിര്‍ത്തി അട്ടിമറിക്കുന്നുണ്ടോ നീതിന്യായ സംവിധാനം? അംബാനി സഹോദരന്‍മാരുടെ തര്‍ക്കത്തിലും പൊതുപ്രവേശപ്പരീക്ഷ ചോദ്യം ചെയ്തുള്ള ഹരജികളിലുമുണ്ടായ വിധി എന്ത് സന്ദേശമാണ് നല്‍കുന്നത്?

 

ന്യായാന്യായങ്ങള്‍ കടുമണിത്തൂക്കത്തിന്റെ ഏറ്റിറക്കമില്ലാതെ അളന്നു തിട്ടപ്പെടുത്തി നീതി നടപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യാ മഹാരാജ്യത്തെ നീതിന്യായ സംവിധാനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അതിന്റെ ഉത്തുംഗശൃംഗമായാണ് പരമോന്നത നീതിപീഠം കണക്കാക്കപ്പെടുന്നതും. നിയമ നിര്‍മാണ, ഭരണ നിര്‍വഹണ വിഭാഗങ്ങള്‍ വീഴ്ച വരുത്തുകയോ ഭരണഘടന അനുവദിച്ചിരിക്കുന്ന അവകാശങ്ങളില്‍ കൈകടത്തുകയോ ചെയ്യുമ്പോള്‍ നീതിന്യായ സംവിധാനം പൗരന്‍മാരുടെ തുണക്കെത്തുമെന്നാണ് സങ്കല്‍പ്പം. അത്തരം ഇടപെടലുകള്‍ ന്യായാസനങ്ങള്‍ നടത്തുന്നതു കൊണ്ടാണ് ജുഡീഷ്യല്‍ ആക്ടിവിസത്തെക്കുറിച്ച് വിമര്‍ശമുയരുന്നത്; നിയമ നിര്‍മാണ ഭരണ നിര്‍വഹണ വിഭാഗങ്ങളും, നീതി നിര്‍വഹണ വിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടലുകളെക്കുറിച്ച് സംവാദങ്ങളുണ്ടാകുന്നത്. ചില കേസുകളില്‍ ഈ മൂന്ന് വിഭാഗങ്ങളും ഒരേ അഭിപ്രായക്കാരാകുന്നത് കൗതുകമോ ഉത്കണ്ഠയോ ജനിപ്പിക്കാറുണ്ട്. നിയമനിര്‍മാണ, ഭരണ നിര്‍വഹണ വിഭാഗങ്ങളെടുക്കുന്ന തീരുമാനങ്ങളെ നീതിനിര്‍വഹണ സംവിധാനങ്ങള്‍ തീര്‍ത്തും പ്രതിലോമകരമായി സമീപിക്കുന്ന സംഭവങ്ങളുമുണ്ട്. നീതിന്യായ വിഭാഗത്തിന്റെ താഴേത്തലങ്ങളിലെടുക്കുന്ന തീരുമാനങ്ങളേക്കാള്‍, ഉയര്‍ന്നതലത്തിലെടുക്കുന്ന തീരുമാനങ്ങളാണ് ഇത്തരം സംഭവങ്ങളില്‍ കൂടുതല്‍ ശ്രദ്ധേയമാകുക.
സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന അല്‍തമാസ് കബീര്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ദിവസം പുറപ്പെടുവിച്ച ഉത്തരവുകളിലൊന്ന് അതിന്റെ പ്രതിലോമ സ്വഭാവം കൊണ്ട് മാത്രമല്ല ശ്രദ്ധേയമാകുന്നത്, മറിച്ച് ആ ഉത്തരവിന്റെ വിശദാംശങ്ങള്‍ മുന്‍കൂര്‍ ചോര്‍ത്തി നല്‍കപ്പെട്ടുവെന്നതു കൊണ്ടു കൂടിയാണ്. രാജ്യത്തെ സ്വകാര്യ, സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ നടത്തുന്ന കച്ചവടത്തെക്കുറിച്ച് ദീര്‍ഘകാലമായി ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. പ്രവേശത്തിന് ഈടാക്കുന്ന തലവരി, കോഴ്‌സുകള്‍ക്ക് ഈടാക്കുന്ന അമിത ഫീസ് എന്നിവയാണ് പ്രധാനമായും ഉന്നയിക്കപ്പെടുന്ന ആക്ഷേപങ്ങള്‍. വേണ്ടത്ര നിലവാരമില്ലാത്ത പഠന സമ്പ്രദായം പിന്തുടരുന്നുവെന്നതാണ് മറ്റൊരു ആക്ഷേപം. ഇതൊക്കെ ആക്ഷേപങ്ങള്‍ക്ക് അപ്പുറത്ത് യാഥാര്‍ഥ്യത്തോട് ചേര്‍ന്നു നില്‍ക്കുമെന്ന് സ്വകാര്യ കോളജ് നടത്തിപ്പുകാര്‍ പോലും സമ്മതിക്കും. ഇതിനൊരു കടിഞ്ഞാണിടാന്‍ വിവിധ സംസ്ഥാന സര്‍ക്കാറുകള്‍ കൊണ്ടുവന്ന നിയമനിര്‍മാണങ്ങളൊക്കെ കോടതി വ്യവഹാരത്താല്‍ മാറ്റിയെഴുതപ്പെട്ടു. കേരള നിയമസഭ പാസ്സാക്കിയ രണ്ട് നിയമങ്ങളെക്കുറിച്ചുള്ള വ്യവഹാരം പരമോന്നത നീതി പീഠത്തിന് മുന്നില്‍ ഇപ്പോഴുമുണ്ട്. നിയമമുണ്ടാക്കിയവരോ അത് ചോദ്യം ചെയ്തവരോ ഹരജി പരിഗണിക്കുന്നവരോ ഇക്കാര്യം ഓര്‍ക്കുന്നുണ്ടോ എന്നത് സംശയമാണെങ്കിലും.
ഇത്തരമൊരു സവിശേഷ സാഹചര്യത്തിലാണ് പ്രവേശ പരീക്ഷയുടെ നടത്തിപ്പെങ്കിലും കാര്യക്ഷമമാക്കുകയും സുതാര്യമാക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ മെഡിക്കല്‍, ഡെന്റല്‍ കോഴ്‌സുകള്‍ക്ക് പൊതുപ്രവേശ പരീക്ഷ ഏര്‍പ്പെടുത്താന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ തീരുമാനിച്ചത്. പ്രവേശപ്പരീക്ഷ കര്‍ശനമായാല്‍ വ്യാപാര സാധ്യതകള്‍ പരിമിതപ്പെടുമെന്നതിനാല്‍ സ്വകാര്യ കോളജ് മാനേജുമെന്റുകള്‍ കോടതിയെ സമീപിച്ചു. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ തഴയപ്പെടാന്‍ ഏകീകൃത പരീക്ഷ കാരണമാകുമെന്നും വലിയ തുക മുടക്കി കോച്ചിംഗിന് പോകാന്‍ ത്രാണിയുള്ളവര്‍ക്ക് ഗുണകരമാകുമെന്നും വിമര്‍ശമുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഹരജികള്‍ അവസാനം പരിഗണിച്ചത്, ചീഫ് ജസ്റ്റിസ് അല്‍തമാസ് കബീര്‍, ജസ്റ്റിസുമാരായ വിക്രംജിത് സെന്‍, അനില്‍ ആര്‍ ദാവെ എന്നിവരടങ്ങിയ ബഞ്ചായിരുന്നു. അല്‍തമാസ് കബീര്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ദിവസമാണ് വിധി പുറപ്പെടുവിച്ചത്. ഏകീകൃത പരീക്ഷ എന്ന ആശയം തള്ളിക്കളഞ്ഞ ഭൂരിപക്ഷ വിധിയില്‍, ഇത്തരമൊരു പരീക്ഷ നടത്താന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് അധികാരമില്ലെന്നാണ് കോടതി പ്രധാനമായും കണ്ടെത്തിയത്. ഇത്തരമൊരു പരീക്ഷ നടത്തുന്നത് ഭരണഘടനയിലെ ചില വ്യവസ്ഥകള്‍ ലംഘിക്കപ്പെടാന്‍ ഇടയാക്കുമെന്നും ചൂണ്ടിക്കാട്ടി. സാമൂഹിക, സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ള കുടുംബങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പിന്തള്ളപ്പെടാന്‍ കാരണമാകുമെന്ന വാദം കോടതിയുടെ പരിഗണനക്ക് വിധേയമായില്ലെന്ന് ചുരുക്കം.
ചീഫ് ജസ്റ്റിസ് അല്‍തമാസ് കബീറും ജസ്റ്റിസ് വിക്രംജിത് സിംഗും നടത്തിയ ഈ നിരീക്ഷണങ്ങളോട് ജസ്റ്റിസ് അനില്‍ ആര്‍ ദാവെ വിയോജിച്ചു. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അധികാര പരിധിക്കുള്ളിലാണോ എന്നതിനപ്പുറത്ത്, സമൂഹത്തോട് നിര്‍വഹിക്കേണ്ട ഉത്തരവാദത്തെക്കുറിച്ച് ജസ്റ്റിസ് ദാവെ വിയോജിച്ചെഴുതിയ വിധിയില്‍ ഓര്‍മിപ്പിച്ചു. ഈ തോന്നല്‍ അല്‍തമാസ് കബീറിനും ജസ്റ്റിസ് വിക്രംജിത് സിംഗിനും എന്തുകൊണ്ടുണ്ടായില്ല എന്ന് ആലോചിക്കുമ്പോഴാണ് ഈ വിധിന്യായം ചോര്‍ന്നതിന് പ്രാധാന്യമേറുന്നത്. ഈ കേസില്‍ ഭൂരിപക്ഷ വിധിയാണ് വരാന്‍ പോകുന്നതെന്നും ജസ്റ്റിസ് ദാവെ വിയോജിക്കുമെന്നും വിധി വരുന്നതിന് ഒരാഴ്ച മുമ്പു തന്നെ സുപ്രീം കോടതി വളപ്പില്‍ സംസാരമുണ്ടായിരുന്നുവത്രെ. വിധി ന്യായം എത്ര പേജുണ്ടാകുമെന്നും അതിലെത്ര ഖണ്ഡികകളുണ്ടാകുമെന്നും വരെ പ്രവചനങ്ങളുണ്ടായി. ഇത് വിശ്വസിക്കാതിരിക്കാം. പക്ഷേ, വിധി പുറപ്പെടുവിച്ച 2013 ജുലൈ 18ന് രാവിലെ എട്ടരക്ക് സുപ്രീം കോടതിയിലെ അഭിഭാഷകനായ ഗോപാല്‍ ശങ്കരനാരായണന്‍ ഒരു വെബ്‌സൈറ്റില്‍ പ്രസിദ്ധം ചെയ്ത ലേഖനത്തില്‍ ഇക്കാര്യങ്ങള്‍ തുറന്നെഴുതിയിരുന്നു. ചീഫ് ജസ്റ്റിസ് അല്‍തമാസ് കബീറും ജസ്റ്റിസ് വിക്രംജിത് സെന്നും പൊതുപ്രവേശ പരീക്ഷ വേണ്ടെന്ന വിധിയില്‍ യോജിക്കുമെന്നും അനില്‍ ആര്‍ ദാവെ വിയോജിക്കുമെന്നും ലേഖനത്തില്‍ പറഞ്ഞിരുന്നു. തനിക്ക് കിട്ടിയ വിവരങ്ങളനുസരിച്ചാണ് ഇതെഴുതുന്നതെന്നും വിവരങ്ങള്‍ തെറ്റാകട്ടെ എന്ന് ആഗ്രഹിക്കുന്നുവെന്നും ഗോപാല്‍ ശങ്കരനാരായണന്‍ തുടര്‍ന്നെഴുതി. അദ്ദേഹത്തിന്റെ ആഗ്രഹത്തിന് വിരുദ്ധമായിരുന്നു 2013 ജൂലൈ 18ന് ഉച്ചയോടെ പുറത്തുവന്ന വിധി. സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിന്റെ തീരുമാനം അതിന്റെ സമഗ്രതയില്‍ തന്നെ ചോര്‍ന്നിരുന്നുവെന്ന് വ്യക്തം. അതുകൊണ്ട് കൂടിയാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അധികാര പരിധിയെക്കുറിച്ച് തല പുകച്ച ന്യായാധിപന്‍മാര്‍ക്ക് സമുഹത്തോട് നിര്‍വഹിക്കേണ്ട ഉത്തരവാദിമെന്ന തോന്നല്‍ ഉണ്ടാകാതിരുന്നത് എന്ന് കരുതണം. വിദൂരമായ വിവാദസാധ്യത പോലും തള്ളിക്കളയാന്‍ മടിക്കുന്ന നമ്മുടെ ദൃശ്യമാധ്യമങ്ങളൊന്നും (ദേശീയം) ഈ ചോര്‍ച്ചയെ പരിഗണിച്ചതേയില്ല. പൊതുപ്രവേശ പരീക്ഷയെന്ന മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിര്‍ദേശത്തെ പിന്തുണച്ച കേന്ദ്ര സര്‍ക്കാറും ഗൗരവത്തില്‍ എടുത്തില്ല. വിധി വാങ്ങിച്ച്, ചോര്‍ത്തിയെടുത്തവരുടെ സ്വാധീനം എല്ലായിടത്തുമുണ്ടായിട്ടുണ്ടാകണം.
മുംബൈയിലെ ബാറുകളില്‍ അരങ്ങേറിയിരുന്ന നൃത്തം നിരോധിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് ഭരണഘടനാവിരുദ്ധമാണെന്ന് ചീഫ് ജസ്റ്റിസ് അല്‍തമാസ് കബീറിന്റെ നേതൃത്വത്തിലുള്ള ബഞ്ച് വിധിച്ചിരുന്നു. അതും ജസ്റ്റിസ് കബീര്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്നതിന് ഏതാനും ദിവസം മുമ്പാണ്. നൃത്തം ചെയ്യാനും അത് ആസ്വദിക്കാനുമുള്ള അവകാശം ഭരണഘടനാദത്തമാണെന്നും അത് നിഷേധിക്കാനാകില്ലെന്നുമായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം. ബാറുകളിലെ നൃത്തം നിരോധിക്കാന്‍ മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ തീരുമാനിച്ചത് ഉന്നതമായ സാംസ്‌കാരിക മൂല്യങ്ങള്‍ നിലനിര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെയൊന്നുമല്ല. ദേവദാസി സമ്പ്രദായത്തെ അംഗീകരിച്ച പാരമ്പര്യമുള്ള രാജ്യത്ത് ഇത്തരം സംഗതികളിലെ മൂല്യവിലയിരുത്തല്‍ വേണ്ടതുമല്ല. പക്ഷേ, പാതിര കഴിഞ്ഞും നീളുന്ന നൃത്തകേളികള്‍ സൃഷ്ടിക്കുന്ന ക്രമസമാധാന പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ നിരോധം ഏര്‍പ്പെടുത്തിയത്. ആ നിലക്ക് സമൂഹത്തോടുള്ള ഉത്തരവാദം നിര്‍വഹിച്ചത് മഹാരാഷ്ട്ര സര്‍ക്കാറാണ്. പക്ഷേ, ഭരണഘടന നല്‍കുന്ന, പ്രകടന, ആസ്വാദന സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നത് സമൂഹത്തോടുള്ള ഉത്തരവാദ നിര്‍വഹണത്തേക്കാള്‍ ഗുരുതരമാണെന്ന് സുപ്രീം കോടതിക്ക് തോന്നി. മുംബൈയിലെ ഡാന്‍സ് ബാര്‍ വ്യവസായത്തിന്റെ സാമ്പത്തിക മൂല്യം കണക്കിലെടുക്കുമ്പോള്‍ സുപ്രീം കോടതിയുടെ തീരുമാനം തന്നെയാണ് ശരി.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ്, പ്രകൃതിവാതക വിലയെച്ചൊല്ലി അംബാനി സഹോദരന്‍മാര്‍ തമ്മിലുള്ള തര്‍ക്കത്തില്‍ വിധി പറഞ്ഞത് ചീഫ് ജസ്റ്റിസായിരുന്ന കെ ജി ബാലകൃഷ്ണന്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ദിവസമാണ്. അനില്‍ അംബാനിയുടെ കമ്പനിയുമായി മുകേഷ് അംബാനിയുടെ കമ്പനി പ്രകൃതി വാതക വില സംബന്ധിച്ച് നേരത്തെ തന്നെ കരാറുണ്ടാക്കിയിരുന്നു. കരാറില്‍ പറയുന്നതിനേക്കാള്‍ കൂടുതല്‍ വില വേണമെന്ന് മുകേഷിന്റെ കമ്പനി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഇതിനെ അനില്‍ എതിര്‍ത്തു. പ്രകൃതി വിഭവങ്ങളുടെ ഉടമസ്ഥത സര്‍ക്കാറിനാണെന്നും അതിന്റെ വില സര്‍ക്കാറിന് തീരുമാനിക്കുമെന്നും ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള ബഞ്ച് വിധിച്ചു. മുകേഷിന്റെ കമ്പനിയുടെ ഇംഗിതമനുസരിച്ച് വില കൂട്ടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാറിന് അധികാരമുണ്ടെന്നാണ് വിധിയുടെ അര്‍ഥം. അതിന്റെ അടിസ്ഥാനത്തിലാണ് പ്രകൃതി വാതക വില കേന്ദ്ര സര്‍ക്കാര്‍ ഒരു വട്ടം കൂട്ടിയത്. ഇപ്പോള്‍ വീണ്ടും കൂട്ടാന്‍ ആലോചിക്കുന്നത്.
നിര്‍ണായകമായ, കോടികള്‍ മൂല്യമുള്ള ഇടപാടുകളുമായി ഏറെ ബന്ധപ്പെട്ട് നില്‍ക്കുന്ന കേസുകളിലെ വിധി എന്തുകൊണ്ടാണ് ചീഫ് ജസ്റ്റിസുമാര്‍ വിരമിക്കുന്ന ദിവസങ്ങളിലുണ്ടാകുന്നത് എന്ന ചിന്ത, ദുര്‍ബുദ്ധിയില്‍ നിന്നുയിര്‍ക്കുന്നതാണെന്ന് വ്യാഖ്യാനിക്കപ്പെട്ടേക്കാം. പക്ഷേ, ചിന്തയില്‍ വസ്തുതകളുണ്ടെന്നാണ് അനുഭവസാക്ഷ്യം. ഒരാഴ്ച മുമ്പ് ചോര്‍ന്ന വിധിന്യായം പോലും വായിക്കപ്പെടുന്നത് ചീഫ് ജസ്റ്റിസ് വിരമിക്കുന്ന ദിവസമാകുമ്പോള്‍ പ്രത്യേകിച്ചും. ജനങ്ങളെ വലിയ തോതില്‍ ചൂഷണം ചെയ്ത് പൊതു ഖജനാവ് കൊള്ളയടിക്കാന്‍ പാകത്തില്‍ ഭരണ വര്‍ഗം തീരുമാനങ്ങളെടുക്കുന്നുവെന്ന ആരോപണം കാലങ്ങളായി നിലനില്‍ക്കുന്നതാണ്. സൗജന്യം പോലെ സ്‌പെക്ട്രവും കല്‍ക്കരിപ്പാടവുമൊക്കെ കൈമാറ്റം ചെയ്തവര്‍ ഈ ആരോപണം ശരിയാണെന്ന് തെളിയിക്കുകയാണ് ചെയ്തത്. അതിന് ചിലപ്പോഴെങ്കിലും അരു നില്‍ക്കുന്നുണ്ടോ നീതിന്യായ സംവിധാനം? ഭരണകൂടമെടുക്കുന്ന ചില നേരായ തീരുമാനങ്ങളെങ്കിലും ചൂഷണ സാധ്യത മുന്‍നിര്‍ത്തി അട്ടിമറിക്കുന്നുണ്ടോ നീതിന്യായ സംവിധാനം? പണത്തിന്റെ ധാരാളിത്തമുണ്ടെങ്കില്‍ സ്വാധീനവും പദവിയും അധികാരവും സൃഷ്ടിച്ചെടുക്കാന്‍ പാകത്തില്‍ അഴിമതി സാര്‍വത്രികമായ ഒരു സമൂഹത്തില്‍ അതിന്റെ പ്രതിനിധികള്‍ എല്ലാ ശ്രേണികളിലുമുണ്ടാകുക സ്വാഭാവികം. നീതിനിര്‍വഹണ സംവിധാനവും അതില്‍ നിന്ന് ഭിന്നമാകില്ല. പൊതുവില്‍ നിഷ്പക്ഷവും സുതാര്യവുമെന്ന പ്രതീതി സൃഷ്ടിക്കുകയും റബ്ബറിന്റെ കാര്യത്തിലെന്ന പോലെ ഒരു കടുംവെട്ട് നടത്തുകയും ചെയ്യുക എന്നത് നടപ്പു രീതിയായി മാറുന്നുവോ എന്നതാണ് സംശയം. അംബാനി സഹോദരന്‍മാരുടെ തര്‍ക്കത്തിലും പൊതുപ്രവേശപ്പരീക്ഷ ചോദ്യം ചെയ്തുള്ള ഹരജികളിലുമുണ്ടായ വിധി കടുംവെട്ടിനുള്ള സാധ്യത ശക്തമായി നിലനിര്‍ത്തുകയാണ്.

 

 

 

Latest