സംസ്‌കൃതിയുടെ നോമ്പുകാലം

    Posted on: July 20, 2013 6:00 am | Last updated: June 29, 2014 at 6:03 pm
    manoj parayatta

    മനോജ് പറയറ്റ

    കൂട്ടുകാരുടേയും, സഹപ്രവര്‍ത്തകരുടേയും ഒട്ടനേകം നോമ്പ് തുറകളില്‍ പങ്കെടുത്തതാണ് റമസാനിനെ കുറിച്ച് എന്റെ ഓര്‍മകള്‍. നോമ്പിന് പിന്നിലെ മഹത്തായ സാമൂഹിക വീക്ഷണം ചിന്തോദ്ദീപകമാണ്. വിശപ്പ് എന്നത് കുചേലനും കുബേരനും ഒന്നാണെന്ന ബോധ്യപ്പെടുത്തലാണ് എന്നതാണ് അതില്‍ ഏറ്റവും പ്രധാനം. പട്ടിണി കിടക്കുമ്പോള്‍ മഹാസാമ്രാജ്യാധിപതികളാണെന്ന മിഥ്യാ ബോധത്തിന്റെ ബലൂണുകള്‍ പൊട്ടി വീണ് മനുഷ്യന്‍ തന്നിലേക്ക് ചുരുങ്ങും. പണ്ഡിതനും പാമരനും ഒരേ പരമാത്മാവിന്റെ സൃഷ്ടികളാണെന്ന് പരസ്പരം തിരിച്ചറിയും. സഹജീവിയോടുള്ള സഹജസ്‌നേഹത്തിലേക്ക് അവന്‍ സ്വഭാവികമായും രൂപപ്പെടുമെന്നത് തീര്‍ച്ചയാണ്. ദുര്‍മ്മേദസ്സുകള്‍ അലിഞ്ഞു തീരുന്നതോടെ മനസ്സും ശരീരവും ശുദ്ധമാവും. വിശുദ്ധമായ മനസ്സുകള്‍ക്കകത്തേ കാരുണ്യം നിറഞ്ഞൊഴുകൂ എന്നതാവാം ഇതിന്റെ കാരണം. വ്രതാനുഷ്ഠാനങ്ങളുടേത് മാത്രമല്ല, സകാത്തിന്റ കൂടി മാസമാണ് റമസാന്‍. സകാത്ത് പണക്കാരന്റെ ഔദാര്യമല്ല അവകാശമാണ് എന്ന ശക്തമായ ശാസനക്കല്ലാതെ ഏതിനാണ് മണിമാളികയില്‍ നിന്ന് പട്ടിണി കിടക്കുന്നവന്റെ കൂരയിലേക്കുള്ള സമ്പത്തിന്റെ ഈ സ്വാഭാവിക സഞ്ചാരം സാധ്യമാക്കാന്‍ കഴിയുക. വിശുദ്ധിയും കാരുണ്യവും എന്നും നിലനില്‍ക്കുമെന്ന മഹത്തായ പ്രത്യാശയാണ് മാനവരാശിക്ക് റമസാന്‍. അതുകൊണ്ടു തന്നെയാണ് റമസാനിലെ രാവുകള്‍ പുണ്യത്തിലേക്ക് പുലരുന്നതും.