പീഡനം: പെണ്‍കുട്ടിയുടെ പിതാവുള്‍പ്പെടെ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍

Posted on: July 17, 2013 12:54 am | Last updated: July 17, 2013 at 12:54 am

കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത നെല്ലിപ്പാറ പെരുനിലം സ്വദേശിനിയായ പെണ്‍കുട്ടിയെ മാതാവിന്റെ ഒത്താശയോടെ നിരവധി പേര്‍ പീഡിപ്പിച്ചെന്ന കേസില്‍ പെണ്‍കുട്ടിയുടെ പിതാവടക്കം മൂന്ന് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച അറസ്റ്റിലായ പെരുനിലം സ്വദേശി ജിനീഷ് രാജന് (24) പുറമെ പെണ്‍കുട്ടിയുടെ പിതാവ് സ്വാമിനാഥന്‍ (55), അയല്‍വാസിയായ രാജന്‍ (45), തെങ്ങുകയറ്റ തൊഴിലാളിയായ കുട്ടാപറമ്പിലെ സാബു (45) എന്നിവരാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ മാതാവ് രാധാമണിയും ചാണോക്കുണ്ട് ഉറുട്ടേരി സ്വദേശിയായ അസീനും കേസില്‍ പ്രതികളാണ്. ഇരുവരും ഒളിവിലാണ്.
പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ കൂടുതല്‍ പേര്‍ കേസില്‍ ഉള്‍പ്പെട്ടതായി സൂചന ലഭിച്ചിട്ടുണ്ട്. പെണ്‍കുട്ടിയെ ഉപയോഗിച്ച് പെണ്‍വാണിഭം നടത്തിയെന്നതുള്‍പ്പെടെയുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. കണ്ണൂര്‍ എസ് പിയുടെ ചുമതലയുള്ള കെ ബി വേണുഗോപാല്‍, ഡി വൈ എസ് പി. സുദര്‍ശനന്‍, എസ് ഐമാരായ ശശികുമാര്‍, പവിത്രന്‍ എന്നിവര്‍ക്കാണ് കേസന്വേഷണ ചുമതല.
സ്‌പെഷ്യല്‍ സ്‌ക്വാഡും രൂപവത്കരിച്ചിട്ടുണ്ട്. അറസ്റ്റിലായ പ്രതികളില്‍ ജിനീഷ്, പെണ്‍കുട്ടിയുടെ മാതാവിന്റെ ഒത്താശയോടെ മൂന്ന് വര്‍ഷം മുമ്പാണ് പീഡിപ്പിച്ചത്. സാബുവിന് പെണ്‍കുട്ടിയുടെ അമ്മയുമായി ബന്ധമുണ്ടായിരുന്നു. ഈ ബന്ധം ഉപയോഗിച്ച് വീട്ടിലെത്തി പല തവണ പീഡിപ്പിച്ചതായി പറയുന്നു.
അയല്‍വാസിയായ രാജു വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പിതാവും പല തവണ പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ഒളിവില്‍ കഴിയുന്ന അസീന്‍ പീഡിപ്പിച്ചതിനൊപ്പം മറ്റു പലര്‍ക്കും കാഴ്ചവെച്ചതായും പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി.