Connect with us

Articles

പട്ടിക്കുട്ടിയുടെ ഉപമ; കാര്‍ യാത്രക്കാരന്റെയും

Published

|

Last Updated

ന്യൂനപക്ഷ സമുദായാംഗങ്ങളുടെ ജീവന്, ഹിന്ദു ദേശീയവാദിയുടെ രാജ്യത്ത് ലഭിക്കുന്ന വിലയാണ് മോഡിയുടെ പ്രയോഗത്തില്‍ നിന്ന് വ്യക്തമാകുന്നത്. ഗുജറാത്തില്‍ ഒരു പതിറ്റാണ്ടായി ഈ വില തന്നെയാണ് നിലനില്‍ക്കുന്നത് എന്നതും വ്യക്തം. അതുകൊണ്ടാണ് വംശഹത്യാക്കേസുകള്‍ അട്ടിമറിക്കാന്‍ നരേന്ദ്ര മോഡി ഭരണകൂടം സാധ്യമായ എല്ലാ മാര്‍ഗങ്ങളും അവലംബിച്ചത്. കാറിനടിയില്‍ നായ്ക്കുട്ടി പെട്ടാല്‍ യാത്രക്കാരന് വേദനയുണ്ടാകും. പക്ഷേ, നായ്ക്കുട്ടിയുടെ ജീവനെടുത്തത് ഡ്രൈവറുടെ അശ്രദ്ധ കൊണ്ടാണോ എന്ന് ആരും അന്വേഷിക്കാറില്ലല്ലോ! കാറിന് മുന്നില്‍പ്പെടുന്ന നായ്ക്കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കണമെന്ന് യാത്രക്കാരന്‍ പറയുകയുമില്ല! തെളിവുകള്‍ നശിപ്പിക്കാന്‍, സാക്ഷികളെ ഭീഷണിപ്പെടുത്തി മൊഴി മാറ്റിക്കാന്‍, ആരോപണവിധേയര്‍ക്ക് കേസ് വിവരങ്ങള്‍ ചോര്‍ത്തി നല്‍കാന്‍ ഒക്കെ ശ്രമിച്ച് കേസുകള്‍ അട്ടിമറിച്ചപ്പോള്‍ “കുത്താ കി ബച്ച” കാറിനടിയില്‍പ്പെട്ടാല്‍ ഹിന്ദു ദേശീയവാദി ചെയ്യേണ്ട കാര്യങ്ങള്‍ തന്നെയാണ് ചെയ്തത് എന്ന് നമ്മള്‍ മനസ്സിലാക്കണം.
“”ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ കുറ്റബോധം തോന്നേണ്ട കാര്യമില്ല.”” “”കാറില്‍ യാത്ര ചെയ്യുകയാണ്. ഡ്രൈവര്‍ ഓടിക്കുന്നു. ഒരു നായ്ക്കുട്ടി കാറിനടിയില്‍പ്പെട്ടു. ആര്‍ക്കായാലും വേദനയുണ്ടാകില്ലേ? വേദനയുണ്ടാകും. അതുപോലെ, സംസ്ഥാനത്ത് എവിടെ ഒരു മോശം സംഭവമുണ്ടായാലും എനിക്ക് ദുഃഖം തോന്നും”” – ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി, അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന് അനുവദിച്ച അഭിമുഖത്തില്‍ വംശഹത്യയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി പറഞ്ഞതാണിത്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ബി ജെ പിയുടെ മുഖ്യ പ്രചാരക സ്ഥാനം ഏറ്റെടുത്ത ശേഷം നരേന്ദ്ര മോഡി അനുവദിച്ച ആദ്യ അഭിമുഖം. മോഡി സംസാരിച്ചതില്‍ ഏറെയും ഹിന്ദിയിലുമാണ്. ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുമാറുന്നതിന് മുന്നോടിയായി ഗുജറാത്തില്‍ സംഘടിപ്പിച്ച സദ്ഭാവനാ ദൗത്യത്തിന്റെ ആദ്യ വേദിയിലാണ് നരേന്ദ്ര മോഡി ആദ്യമായി ഹിന്ദിയില്‍ പ്രസംഗിക്കുന്നത്. അതുവരെ ഗുജറാത്തിയില്‍ മാത്രമാണ് പ്രസംഗിച്ചിരുന്നത്. ഭാഷണം ഹിന്ദിയിലേക്ക് മാറ്റിയത്, ലക്ഷ്യം ദേശീയ രാഷ്ട്രീയമാണെന്നതിന് തെളിവായി അന്നു തന്നെ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. റോയിട്ടേഴ്‌സിന് അനുവദിച്ച അഭിമുഖത്തിലെ ഹിന്ദി ഭാഷണത്തിന് അതിനപ്പുറത്ത് പ്രാധാന്യമുണ്ട്.
അഭിമുഖത്തിലെ വാക്കുകള്‍ പ്രത്യക്ഷത്തില്‍ ദോഷരഹിതമാണെന്ന് തോന്നാം. 2002 ഫെബ്രുവരി അവസാനത്തിലും മാര്‍ച്ച് ആദ്യത്തിലുമായി അരങ്ങേറിയ വംശഹത്യ, ആയിരത്തിലധികം പേരുടെ ജീവനെടുത്തതാണ്. അതേക്കുറിച്ച് സംസാരിക്കുമ്പോള്‍ പ്രകടിപ്പിക്കുന്ന ലാഘവത്വം, അന്നുമിന്നും ഗുജറാത്തിന്റെ മുഖ്യമന്ത്രിയായിരിക്കുന്ന, ഭാവിയില്‍ ഇന്ത്യയുടെ പ്രധാനമന്ത്രി പദം സ്വപ്‌നം കാണുന്ന ഒരാള്‍ക്ക് യോജിച്ചതാണോ എന്ന ചോദ്യം വിവിധ കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്. കാറിനടിയില്‍ നായ്ക്കുട്ടി പെട്ടാലുണ്ടാകുന്ന വേദനയാണോ ആസൂത്രിതമായി സംഘടിപ്പിക്കപ്പെട്ട വംശഹത്യയിലുണ്ടാകുക എന്ന ചോദ്യവും ഉയരുന്നു. ഹിന്ദിയില്‍ സംസാരിച്ച മോഡി, ഉപയോഗിച്ച വാക്ക് “കുത്താ കി ബച്ച” എന്നാണ്. ഹിന്ദിയില്‍ “കുത്താ കി ബച്ച” എന്ന പ്രയോഗം നല്ല വാമൊഴി വഴക്കമല്ലെന്ന് ആ ഭാഷയെക്കുറിച്ച് സാമന്യജ്ഞാനമുള്ളവര്‍ക്കൊക്കെ അറിയാം. അതേക്കുറിച്ച് അറിയാതെയാകില്ല നരേന്ദ്ര മോഡിയുടെ പ്രയോഗം. വംശഹത്യയും തുടര്‍ന്നിങ്ങോട്ട് ഗുജറാത്തില്‍ അരങ്ങേറിയ സംഭവവികാസങ്ങളും ഓര്‍മയിലുള്ളവര്‍ക്ക് ആ പ്രയോഗത്തില്‍ അത്ഭുതം തോന്നാനും ഇടയില്ല.
പൊതുവില്‍ ബി ജെ പിയടക്കമുള്ള സംഘ് പരിവാര്‍, രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളോട് പുലര്‍ത്തുന്ന സമീപനവും മോഡിയുടെ പ്രയോഗത്തെ സാധൂകരിക്കും വിധത്തിലുള്ളതാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പിലിഭിത്തില്‍ മത്സരിച്ച വരുണ്‍ ഗാന്ധി, രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളെ മുഴുവന്‍ പാക്കിസ്ഥാനിലേക്ക് നാട് കടത്തണമെന്ന് പ്രചാരണ യോഗത്തില്‍ ആഹ്വാനം ചെയ്തപ്പോള്‍, പറയാതെ പറഞ്ഞത് ഇതേ പ്രയോഗമാണ്. വരുണ്‍ ഗാന്ധിയെ ന്യായീകരിക്കാനും സാക്ഷികളെ മുഴുവന്‍ കൂറുമാറ്റിച്ച് കേസില്‍ നിന്ന് രക്ഷപ്പെടുത്താനും സംഘ്പരിവാര്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങിയത് ആ മനോഭാവത്തെ അവര്‍ അംഗീകരിക്കുന്നുവെന്നതു കൊണ്ടാണ്.
അഭിമുഖത്തില്‍ താനൊരു ഹിന്ദു ദേശീയവാദിയാണെന്ന് നരേന്ദ്ര മോഡി പറയുന്നു. ജനനം കൊണ്ട് ഹിന്ദുവാണ്. രാജ്യസ്‌നേഹിയുമാണ്. അതുകൊണ്ട് ഹിന്ദു ദേശീയവാദി. രാജ്യത്തെ സ്‌നേഹിക്കുന്ന, ഭരണഘടനയില്‍ വിഭാവനം ചെയ്യുന്നത് പോലൊരു നിലനില്‍പ്പ് രാജ്യത്തിന് ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ആരും ദേശീയവാദിയാണ്. പക്ഷേ, അത്തരമൊരു ദേശീയവാദത്തെക്കുറിച്ചല്ല സംഘ്പരിവാര്‍ പറയുന്നത്. അവരുടെത് സാംസ്‌കാരിക ദേശീയതയാണ്. ഹൈന്ദവ സംസ്‌കാരത്തില്‍ അധിഷ്ഠിതമായ ദേശീയത എന്നര്‍ഥം. അത്തരം ദേശീയതയെക്കുറിച്ചാണ് മോഡി സംസാരിക്കുന്നത്. അതുകൊണ്ടാണ് ഹിന്ദു ദേശീയവാദിയെന്ന് പ്രത്യേകം സ്പഷ്ടമാക്കുന്നത്. ഭൂരിപക്ഷ സമുദായത്തിന്റെ ആധിപത്യവും അവരുടെ സംസ്‌കാര, പാരമ്പര്യങ്ങളെ അംഗീകരിച്ചുകൊണ്ടുള്ള ജീവിതചര്യകളും ഉള്‍ക്കൊള്ളുന്ന ദേശീയതയെയാണ് ഇവിടെ വിവക്ഷിക്കുന്നത്. ആ ദേശീയതയുടെ സ്ഥാപനത്തിലേക്കുള്ള മാര്‍ഗങ്ങളായിരുന്നു വംശഹത്യയും തുടര്‍ന്ന് അരങ്ങേറിയ “ഏറ്റുമുട്ടല്‍” കൊലകളും. അതിനെ അംഗീകരിക്കാത്തവര്‍ക്കുള്ള വിശേഷണ പദം കൂടിയാണ് മോഡിയുടെ “കുത്താ കി ബച്ച”.
ഭരണകൂടത്തിന്റെ നയങ്ങളെ, അതെത്രത്തോളം ജനവിരുദ്ധമായാലും, എതിര്‍ക്കുന്നവരെ ദേശീയതക്ക് എതിരു നില്‍ക്കുന്നവരും ഐക്യാഖണ്ഡതക്ക് വിഘാതം സൃഷ്ടിക്കുന്നവരുമായി ചിത്രീകരിക്കാറുണ്ട്. സി പി ഐ (മാവോയിസ്റ്റ്) യുടെ പ്രവര്‍ത്തകര്‍, അവരുടെ ആക്രണാധിഷ്ഠിത സമര മാര്‍ഗത്തെ ഉള്‍ക്കൊള്ളാനാകില്ല എങ്കില്‍പ്പോലും, ഉന്നയിക്കുന്ന പ്രശ്‌നങ്ങളില്‍ പലതും ഭരണകൂടത്തിന്റെ അവഗണനയുടെയോ അതിരുകടന്ന ലാഭേച്ഛയുടെയോ കുത്തക കമ്പനികളുടെ താത്പര്യസംരക്ഷണത്തിന് സ്വീകരിക്കുന്ന അതിരുകടന്ന നടപടികളുടെയോ ഫലമാണെന്നത് വസ്തുതയാണ്. ഈ പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നവരെ ഭീകരവാദികളെന്ന് മുദ്രകുത്തുന്നതിന് ദേശീയത എന്ന വികാരത്തിന്റെ മറ ഫലപ്രദമായി ഉപയോഗിക്കും. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളെ തീര്‍ത്തും അവഗണിച്ച് മുന്നോട്ടുപോയ ഭരണകൂടത്തിനെതിരെ സമരം ചെയ്യാനിറങ്ങിയവരെ തീവ്രവാദികളായി മുദ്രകുത്തി, അവിടെ സൈന്യത്തിന് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന നിയമം പ്രാബല്യത്തിലാക്കി അടിച്ചമര്‍ത്തലിന് നേതൃത്വം നല്‍കുമ്പോഴും ന്യായീകരണത്തിന്റെ അടിസ്ഥാനം ദേശീയത തന്നെയാണ്. ഇത്തരം സാഹചര്യങ്ങളില്‍ കേന്ദ്ര ഭരണത്തിന് ദീര്‍ഘകാലം നേതൃത്വം നല്‍കിയ കോണ്‍ഗ്രസും ബി ജെ പിയും ഇതര വ്യവസ്ഥാപിത രാഷ്ട്രീയ സംവിധാനങ്ങളും ഏറെക്കുറെ ഒരേ നിലപാട് തന്നെ സ്വീകരിക്കുകയും ചെയ്യും.
അതിലൊരു പടി കൂടി കടന്ന് ഹൈന്ദവ ദേശീയതക്ക് വേണ്ടി വാദിക്കുമ്പോള്‍, രാജ്യ വിഭജനത്തിന് കാരണക്കാരായെന്ന ആരോപണം സ്വാതന്ത്ര്യത്തിന് മുമ്പ് തന്നെ നേരിടുന്ന ന്യൂനപക്ഷ സമുദായത്തെ പുറന്തള്ളണമെന്ന വാദം തന്നെയാണ് സംഘ്പരിവാര്‍ ഉയര്‍ത്തുന്നത്. (ദ്വിരാഷ്ട്ര വാദം ആദ്യമുയര്‍ത്തിയത്, ഹിന്ദു മഹാസഭയുടെയും അഭിനവ് ഭാരത് സൊസൈറ്റിയുടെയും സ്ഥാപക നേതാവായിരുന്ന വിനായക് ദാമോദര്‍ സവര്‍ക്കറാണെന്നത് മറച്ചുവെച്ചാണ് ന്യൂനപക്ഷ സമുദായത്തെ രാജ്യ വിഭജനത്തിന്റെ കാരണക്കാരായി ചിത്രീകരിക്കുന്നത് എന്നതു കൂടി ഓര്‍ക്കുക) അവരുടെ ജീവന്, ഹിന്ദു ദേശീയവാദിയുടെ രാജ്യത്ത് ലഭിക്കുന്ന വിലയാണ് മോഡിയുടെ പ്രയോഗത്തില്‍ നിന്ന് വ്യക്തമാകുന്നത്. ഗുജറാത്തില്‍ ഒരു പതിറ്റാണ്ടായി ഈ വില തന്നെയാണ് നിലനില്‍ക്കുന്നത് എന്നതും വ്യക്തം. അതുകൊണ്ടാണ് വംശഹത്യാക്കേസുകള്‍ അട്ടിമറിക്കാന്‍ നരേന്ദ്ര മോഡി ഭരണകൂടം സാധ്യമായ എല്ലാ മാര്‍ഗങ്ങളും അവലംബിച്ചത്. കാറിനടിയില്‍ നായ്ക്കുട്ടി പെട്ടാല്‍ യാത്രക്കാരന് വേദനയുണ്ടാകും. പക്ഷേ, നായ്ക്കുട്ടിയുടെ ജീവനെടുത്തത് ഡ്രൈവറുടെ അശ്രദ്ധ കൊണ്ടാണോ എന്ന് ആരും അന്വേഷിക്കാറില്ലല്ലോ! കാറിന് മുന്നില്‍പ്പെടുന്ന നായ്ക്കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കണമെന്ന് യാത്രക്കാരന്‍ പറയുകയുമില്ല!
ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍, ന്യൂനപക്ഷ സമുദായാംഗങ്ങളെ ഹിന്ദു വര്‍ഗീയവാദികളായ അക്രമികള്‍ തടഞ്ഞുവെച്ചപ്പോള്‍, ജീവന്‍ രക്ഷിക്കാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഭരണവാഹനത്തിലെ മുഖ്യ യാത്രക്കാരനായ നരേന്ദ്ര മോഡിയെ നിരന്തരം വിളിച്ചിരുന്നു പാര്‍ലിമെന്റ് മുന്‍ അംഗം ഐസാന്‍ ജഫ്‌രി. കൊലയും കൊള്ളയും ബലാത്സംഗവും നടത്താനെത്തിയ ഡ്രൈവര്‍മാരെ പിന്തിരിപ്പിക്കാന്‍ മുഖ്യ യാത്രക്കാരന്‍ ചെറുവിരലനക്കിയില്ല. അക്രമിക്കൂട്ടത്തെ അമര്‍ച്ച ചെയ്യാന്‍ നിയമപാലന വാഹനത്തിന്റെ ഡ്രൈവര്‍മാരായ പോലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടാനും തയ്യാറായില്ല മുഖ്യ യാത്രക്കാരന്‍. അക്രമികള്‍ക്ക് കിരാത വാഴ്ച നടത്താന്‍ അവസരമൊരുക്കി, ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയെന്ന ആരോപണം നിലനില്‍ക്കുകയും ചെയ്യുന്നു. തെളിവുകള്‍ നശിപ്പിക്കാന്‍, സാക്ഷികളെ ഭീഷണിപ്പെടുത്തി മൊഴി മാറ്റിക്കാന്‍, ആരോപണവിധേയര്‍ക്ക് കേസ് വിവരങ്ങള്‍ ചോര്‍ത്തി നല്‍കാന്‍ ഒക്കെ ശ്രമിച്ച് കേസുകള്‍ അട്ടിമറിച്ചപ്പോള്‍ “കുത്താ കി ബച്ച” കാറിനടിയില്‍പ്പെട്ടാല്‍ ഹിന്ദു ദേശീയവാദി ചെയ്യേണ്ട കാര്യങ്ങള്‍ തന്നെയാണ് ചെയ്തത് എന്ന് നമ്മള്‍ മനസ്സിലാക്കണം. അതൊരു തെറ്റാണോ? “അല്ല എന്നതിനാല്‍” കുറ്റബോധത്തിന്റെ അശേഷം ആവശ്യമില്ല തന്നെ. കൂട്ടക്കുരുതി തടയാന്‍, ഗുജറാത്തിലേക്ക് സൈന്യത്തെ അടിയന്തരമായി നിയോഗിക്കണമെന്ന, അന്നത്തെ രാഷ്ട്രപതി കെ ആര്‍ നാരായണന്റെ നിര്‍ദേശം തള്ളിക്കളഞ്ഞപ്പോള്‍ പ്രധാനമന്ത്രിയായിരുന്ന എ ബി വാജ്പയി കണ്ട ജീവന്റെ മൂല്യവും മോഡിയുടെ ഇപ്പോഴത്തെ പ്രയോഗത്തോടെ വ്യക്തമാകുന്നുണ്ട്.
വംശഹത്യാനന്തരം 2002 മുതല്‍ 2007 ആദ്യം വരെ ഗുജറാത്തിലെ തെരുവുകളില്‍ അരങ്ങേറിയ 22 ഏറ്റുമുട്ടല്‍ (വ്യാജ?) കൊലകളെക്കുറിച്ചും (അതില്‍ മൂന്നെണ്ണം വ്യാജമായി സൃഷ്ടിച്ചതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്) കാര്‍ യാത്രക്കാരനും നായ്ക്കുട്ടിയും എന്ന ഉപമ ഏറെ പറഞ്ഞുതരുന്നുണ്ട്. അതുകൊണ്ടാണ് നടന്നത് ഏറ്റുമുട്ടല്‍ തന്നെയെന്ന് സ്ഥാപിച്ചെടുക്കാന്‍ നരേന്ദ്ര മോഡിയും ബി ജെ പിയും ഇപ്പോഴും ശ്രമിക്കുന്നത്. സുഹ്‌റാബുദ്ദീന്‍ ശൈഖിനെ വെടിവെച്ചു കൊന്ന ശേഷം ഏറ്റുമുട്ടലായി ചിത്രീകരിക്കുകയായിരുന്നുവെന്ന് സാക്ഷി പറയാന്‍ തയ്യാറായ തുള്‍സി റാം പ്രജാപതിയെ വെടിവെച്ച് കൊന്ന് ഏറ്റുമുട്ടലായി ചിത്രീകരിച്ചതും കാര്‍ യാത്രക്കാരനുണ്ടായ വേദനകൊണ്ടു തന്നെ. ഡ്രൈവര്‍ പിടിക്കപ്പെട്ടാല്‍, യാത്രക്കാരന്റെ ഉദ്ദേശ്യം പുറത്താകുകയും കേസില്‍ ആരോപണവിധേയനാകുകയും ചെയ്യുമെന്ന മനോവേദന കൊണ്ട്. ഇതര ഏറ്റുമുട്ടല്‍ കേസുകളുടെ അന്വേഷണം തടസ്സപ്പെടുത്താന്‍ പരമാവധി ശ്രമം നടത്തിയതിന് പിന്നിലും യാത്രക്കാരന്റെ ഇതേ വേദന തന്നെയായിരുന്നു.
വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ നരേന്ദ്ര മോഡി പറഞ്ഞതിന്റെ ഉദ്ദേശ്യശുദ്ധിയില്‍ ഇനിയും സംശയമുള്ള വ്യാഖ്യാനപടുക്കള്‍ക്കായി ഒന്നര വര്‍ഷം മുമ്പ് സദ്ഭാവനാ ദൗത്യത്തിന്റെ ഭാഗമായി നടത്തിയ ഹിന്ദി പ്രസംഗത്തിലെ ഒരു വാക്യം ഉദ്ധരിക്കാം. “ഏതെങ്കിലും അവയവം രോഗബാധിതമാണെങ്കില്‍ ശരീരത്തിന് പൂര്‍ണ ആരോഗ്യമുണ്ടെന്ന് പറയാനാകുമോ” എന്നായിരുന്നു സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ പരാതികളെ പരാമര്‍ശിച്ച് മോഡി അന്ന് പറഞ്ഞത്. ഇപ്പോഴത്തെ പ്രയോഗവും കുറ്റബോധമില്ലെന്ന വ്യക്തമാക്കലും കൂടിയാകുമ്പോള്‍, രോഗബാധിതമായ അവയവങ്ങള്‍ മുറിച്ചു മാറ്റി ആരോഗ്യം നിലനിര്‍ത്തുന്നതിനെക്കുറിച്ചാണോ കവി പറഞ്ഞത് എന്ന് സംശയിക്കണം. ശസ്ത്രക്രിയ സുശ്രുത സംഹിതയില്‍ പറയുന്നു, അതും സംസ്‌കൃതത്തില്‍. സംഘ് പരിവാര്‍ വീക്ഷണമനുസരിച്ചാണെങ്കില്‍ ശസ്ത്രക്രിയ ഹിന്ദു ദേശീയവാദികള്‍ക്ക് പ്രിയംകരമാകണം.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest