അട്ടപ്പാടി ശിശുമരണം: പരിഹാരം പാഴ്‌വേലയാകുന്നു

Posted on: July 14, 2013 8:58 am | Last updated: July 14, 2013 at 8:58 am

കോഴിക്കോട്: ഭക്ഷ്യധാന്യങ്ങളുടെ കലവറ എന്നായിരുന്നു ഒരു കാലത്ത് അട്ടപ്പാടി അറിയപ്പെട്ടിരുന്നത്. എന്നാല്‍ ഇന്ന് ശിശുമരണ കണക്കിന്റെ പേരില്‍ മാത്രം വാര്‍ത്തകളില്‍ നിറയുന്ന പ്രദേശമായി അട്ടപ്പാടി മാറുകയാണ്. ഇവിടെ വിസ്മരിക്കപ്പെടുന്നത് യഥാര്‍ഥ വസ്തുതകളും പ്രശ്‌നങ്ങളുമാണ്. എന്തുകൊണ്ട് ഇത്രകുട്ടികള്‍ മരിക്കുന്നു എന്ന് വ്യക്തമായി പഠിച്ച് പരിഹാരം കാണാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. ഉദ്യോഗസ്ഥരും ഭരണനേതാക്കളും കൂടിയിരുന്ന് ചര്‍ച്ച നടത്തി തീരുമാനമെടുക്കുന്ന രീതിയാണ് ഇപ്പോഴുള്ളത്. എന്നാല്‍ തദ്ദേശവാസികളുമായി ചേര്‍ന്നുള്ള ചര്‍ച്ചയിലൂടെ മാത്രമേ ഈ മേഖലയിലെ പ്രശ്‌നം പരിഹാരിക്കാന്‍ കഴിയുകയുള്ളൂവെന്ന് അഗളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ഉഷ പറയുന്നു. 

അട്ടപ്പാടിയില്‍ ചെയ്യുന്നതെന്ത് ചെയ്യേണ്ടതെന്ത് എന്ന വിഷയത്തില്‍ പാഠഭേദം മാസിക കോഴിക്കോട് പ്രസ് ക്ലബ്ബില്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
വാഗ്ദാനങ്ങളുടെ പെരുമഴക്കാലമാണ് എല്ലാ കാലത്തും അട്ടപ്പാടിയില്‍ സംഭവിക്കാറുള്ളത്. അട്ടപ്പാടിയിലെ യഥാര്‍ഥ പ്രശ്‌നം മനസ്സിലാക്കാനോ ശാശ്വത പരിഹാരമുണ്ടാക്കാനോ ഇതുവരെ ശ്രമം നടത്തിയിട്ടില്ലെന്ന് സിവിക് ചന്ദ്രന്‍ ആരോപിച്ചു. ഒരുകാലത്ത് കൃഷിയായിരുന്നു അട്ടപ്പാടിയില്‍ വരുമാന മാര്‍ഗമെങ്കില്‍ ഇന്ന് കൃഷിയും കൃഷിഭൂമിയും ചരിത്രം മാത്രമാണ്. ആദിവാസികളില്‍ നിന്ന് പിടിച്ചെടുത്ത കൃഷിഭൂമി തിരിച്ചുനല്‍കുക, കാട്ടുമൃഗങ്ങളുടെ ശല്യത്തിന് പരിഹാരം കാണുക തുടങ്ങിയ ദുരിതങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. ഒരു വാക്കിലൂടെ ആദിവാസികളെ ഒതുക്കിത്തീര്‍ക്കാനുള്ള കപടനാടകമാണ് ഇവിടുത്തെ ഭരണകൂടങ്ങള്‍ കളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പി ഉഷ, തായ്കുല പ്രസിഡന്റ് ഭഗവതി, തമ്പ് പ്രതിനിധി വി എസ് മുരുകന്‍, കാളി, രാമു, ഷീന്‍ സ്റ്റിന്‍, കെ കെ സുരേന്ദ്രന്‍ തുടങ്ങിയവര്‍ അട്ടിപ്പാടി നേരിടുന്ന വിവിധ പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ചയില്‍ പ്രതിപാദിച്ചു.
ആദിവാസി വികസനം ഇതുവരെ സാധിച്ചിട്ടില്ല. വിദ്യാഭ്യാസം നേടിയ നിരവധി ആളുകള്‍ ആദിവാസി ഊരുകളിലുണ്ട്. എന്നാല്‍ അവരവരുടെ മേഖലയില്‍ തൊഴില്‍ നല്‍കുന്ന കാര്യത്തില്‍ ഇവരെയൊന്നും പരിഗണിക്കാറില്ല.1996ല്‍ മദ്യനിരോധിത മേഖലയായി പ്രഖ്യാപിച്ച അട്ടപ്പാടിയിലൂടെ ഇന്ന് കോടികണക്കിന് രൂപയുടെ മദ്യമൊഴുക്കാണ് നടക്കുന്നത്. പുരുഷന്മാരുടെ മദ്യാസക്തിയാണ് ഇവിടുത്തെ സ്ത്രീകളിലെ മാനസിക പ്രശ്‌നങ്ങള്‍ക്ക് കാരണം. മദ്യത്തിനെതിരെ ബോധവത്കരണം എന്ന ആശയത്തിന് ഇവിടെ പരാജയമാണ് സംഭവിച്ചത്. ജനങ്ങളോട് സഹകരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ഉടനടി മാറ്റിക്കളയുന്ന രീതിയാണ് മുഴുവല്‍ സര്‍ക്കാറുകളും നടപ്പാക്കിയത്. കോടികണക്കിന് രൂപ അട്ടപ്പാടിയിലെ ആദിവാസികള്‍ക്ക് വേണ്ടി ചെലവഴിച്ചു എന്ന പ്രഖ്യാപനം നടത്തുന്നവര്‍ ഏത് രീതിയിലാണ് അത് ഉപയോഗിച്ചതെന്ന് വ്യക്തമാക്കണം. പുതിയ പാക്കേജുകള്‍ എന്താണെന്നോ എങ്ങനെയാണെന്നോ ആര്‍ക്കും അറിയില്ല. 1960 മുതല്‍ ആദിവാസികളുടെ പേരില്‍ കോടിക്കണക്കിന് രൂപ ഭരണകൂടം ചെലവഴിക്കുന്നുണ്ട്. പക്ഷേ ഇവയൊന്നും അവകാശപ്പെട്ട കരങ്ങളില്‍ എത്തുന്നില്ല എന്നതാണ് വസ്തുത. അട്ടപ്പാടിയിലെ പാരമ്പര്യ ഭൂമി അന്യാധീനപ്പെട്ടതും ആവാസ വ്യവസ്ഥ വ്യത്യാസപ്പെട്ടതും വലിയ തോതില്‍ പ്രദേശത്തെ വേട്ടയാടുന്നുണ്ട്. കാറ്റാടി മില്‍ സ്ഥാപിക്കാനും ഡാം സ്ഥാപിക്കാനുമുള്ള ശ്രമങ്ങള്‍ ഭൂമാഫിയെ സഹായിക്കാനുള്ളതാണ്. സമാന്തരമായ ഭരണമാറ്റം മാത്രമാണ് അട്ടപ്പാടിയില്‍ സംഭവിക്കുന്നത്. തൊഴില്‍,വിദ്യാഭ്യാസം, ദാരിദ്ര്യം എന്നിവയാണ് മേഖല നേരിടുന്ന രൂക്ഷമായ പ്രശ്‌നമെന്ന് ഇനിയെങ്കിലും സര്‍ക്കാറുകള്‍ തിരിച്ചറിയണമെന്നും ചര്‍ച്ചയില്‍ ഇവര്‍ അഭിപ്രായപ്പെട്ടു.