Connect with us

Editors Pick

സഖാവ് ഷാജി തുന്നിച്ചേര്‍ക്കുന്നത് തുണികള്‍ക്കൊപ്പം ജീവിതങ്ങളും

Published

|

Last Updated

മസ്‌കത്ത് : ഔനൂര്‍ജഹാന്‍ എന്ന റാണി ഷാജിയുടെ കൈകള്‍ പിടിച്ച് കണ്ണീരൊഴുക്കി കരഞ്ഞു, നിങ്ങള്‍ എന്റെ കടവുളയാണ്. നൂര്‍ജഹാന്‍ എന്ന പേരിലെടുത്ത പാസ്‌പോട്ടില്‍ എന്നോ ഒമാനിലേക്കു വന്ന റാണിക്ക് പൊതു മാപ്പിലും തിരിച്ചു പോകാന്‍ കടമ്പകളേറെയായിരുന്നു. പേരുതെളിയിക്കുന്ന രേഖകളില്ലാതെ ഔട്ട്പാസ് നല്‍കാന്‍ എംബസി ഉദ്യോഗസ്ഥര്‍ വിസമ്മതിച്ചപ്പോള്‍ നിസ്സഹായായി എംബസിക്കു മുന്നില്‍ നിന്നു തേങ്ങിയ റാണിയുടെ ദയനീയത കണ്ടാണ് ഷാജി നിത്യവും അധികൃതര്‍ക്കു മുന്നില്‍ അപേക്ഷയുമായി എത്തിയത്. ഒടുവില്‍ ഉദ്യോഗസ്ഥര്‍ കനിഞ്ഞപ്പോള്‍ സേവന സംതൃപ്തിയുടെ വികാരത്തില്‍ ഷാജിയുടെ കണ്ണുകളും നിറഞ്ഞു. പോകാന്‍ നേരം റാണിക്കു പറയാന്‍ വേറെ വാക്കുകളില്ലായിരുന്നു. അവര്‍ ദൈവത്തില്‍ വിശ്വസിക്കാത്ത ഷാജിയെ തന്റെ ദൈവമാക്കി.

ഇത് ഷാജി സെബാസ്റ്റ്യന്‍. ഒമാന്‍ 2010ല്‍ പ്രഖ്യാപിച്ച പൊതുമാപ്പ് കാലത്ത് ഇന്ത്യന്‍ എംബസിയിലെത്തുന്ന പ്രവാസി ഇന്ത്യക്കാര്‍ക്ക് സര്‍വ സഹായങ്ങളുമായി എല്ലാ ദിവസവും അവിടെ സേവനനിരതനായ പൊതു പ്രവര്‍ത്തകന്‍. തനിച്ചല്ല, കുടുംബ സമേതമായിരുന്നു ഷാജിയുടെ സേവനം. മത്രയിലെ തന്റെ സ്വന്തം തയ്യല്‍ കട അടച്ചിട്ട്, നാടുകാണുക എന്നത് വിദുരസ്വപ്‌നമായി കൊണ്ടു നടന്നവരുടെ സഹായത്തിനായി നിസ്വാര്‍ഥമായി പണിയെടുത്തു. കനത്ത സാമ്പത്തിക ഭാരം വരുത്തിവെച്ചപ്പോഴും ചെയ്ത സേവനങ്ങള്‍ നല്‍കുന്ന സംതൃപ്തിയില്‍ ജീവിതം ധന്യമെന്നു സങ്കല്‍പിക്കുകയാണ് ഈ പുരോഗമന സാമൂഹിക പ്രവര്‍ത്തകന്‍.
മുപ്പതു വര്‍ഷമായി മത്രയില്‍ തയ്യല്‍ കട നടത്തി വരുന്ന കൊല്ലം സ്വദേശി ഷാജി സെബാസ്റ്റ്യന്‍ ജീവിതങ്ങളെ നാടുമായും കുടംബങ്ങളുമായി തുന്നിച്ചേര്‍ക്കാനുള്ള ആത്മാര്‍ഥതയുമായി പൊതുപ്രവര്‍ത്തനത്തിന്റെ ചുമതലകളേറ്റെടുക്കുമ്പോഴും ഭാര്യയും മക്കളുമടങ്ങുന്ന തന്റെ സ്വന്തം ജീവിതം കരക്കടുപ്പിക്കാന്‍ ഇന്നും തയ്യല്‍ മെഷീന്റെ ചക്രം കറക്കുന്നു. പ്രവാസി പൊതുപ്രവര്‍ത്തകര്‍ക്കു നടുവില്‍നിന്നും വേര്‍തിരിച്ചെടുക്കാവുന്ന വ്യക്തിത്വം പ്രകാശിപ്പിച്ച് മസ്‌കത്തിലെ ഇടതു സാംസ്‌കാരിക സംഘടനയായ കൈരളിയുടെ അധ്യക്ഷനായി ഒരു സംഘത്തെ തന്നെ സേവന വഴിയേ നടത്തുകയാണിദ്ദേഹം.
സഹോദരിമാരെ വിവാഹം ചെയ്തയക്കുന്നതുള്‍പെടെയുള്ള ചുമതലകളുടെ ഭാരവുമായാണ് 1978ല്‍ ഷാജി സെബാസ്റ്റ്യന്‍ മത്രയിലെത്തുന്നത്. ഒരു ഒമാനിയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ തയ്യല്‍കട നടത്താന്‍ തന്നെയായിരുന്നു വന്നത്. ബോംബെയില്‍ ടര്‍ണര്‍ ആയി ജോലി ചെയ്യുന്നതിനൊപ്പം പാര്‍ട്‌ടൈമായി തയ്യല്‍ ജോലിയും നോക്കി വരികയായിരുന്നു. എല്‍ ആന്‍ഡ് ടി കമ്പനിയില്‍ ജോലി ശരിയായിരുന്നെങ്കിലും വരുമാനം ആവശ്യത്തിനു തികയില്ലെന്നു ബോധ്യമായതിനാല്‍ ഗള്‍ഫ് അവസരം തിരഞ്ഞെടുക്കുകയായിരുന്നു. 2000 രൂപ ടിക്കറ്റിനു നല്‍കിയാണ് ബോംബെയില്‍നിന്നും വിമാനം കയറി മസ്‌കത്തിലെത്തിയത്. പാര്‍ട്ണര്‍ വിശ്വനാഥക്കുറിപ്പിനൊപ്പമായിരുന്നു ആറു വര്‍ഷം പ്രവര്‍ത്തിച്ചത്. പിന്നീട് സ്വന്തമായി. ഇക്കാലത്ത് സ്‌പോണ്‍സറും മാറി. 84 മുതല്‍ ഒരേ സ്‌പോണ്‍സര്‍ക്കു കീഴില്‍, ഇരുപതു വര്‍ഷത്തോളമായി ഒരു കെട്ടിടത്തില്‍ തയ്യല്‍ കട നടത്തി വരുന്നു.
രണ്ടു ജോലിക്കാര്‍ കൂടിയുണ്ട് ഷാജിയുടെ സ്ഥാപനത്തില്‍. പകല്‍ പൊതുപ്രവര്‍ത്തനത്തിനു സമയം കണ്ടെത്തേണ്ടി വരുന്നതിനാല്‍ രാത്രി വൈകിയും ജോലി ചെയ്യും. ജോലിക്കാര്‍ക്കുള്ള തുണികള്‍ മുറിച്ചു വെക്കും. പിന്നെ ആര്‍ക്കും എപ്പോഴും വിളിച്ചാല്‍ വിളി കേള്‍ക്കാന്‍ പാകത്തില്‍ ഷാജിയുടെ പൊതുജീവിതം തുറന്നുവെക്കും. ജീവിതം സായാഹ്നത്തിലേക്കു നീങ്ങുമ്പോഴും ഇപ്പോഴും തയ്യല്‍ യന്ത്രം തിരിച്ച് ഇവിടെ തുടരേണ്ടി വരുന്നത് മതിയായ സാമ്പത്തിക ഭദ്രതയുണ്ടാക്കാന്‍ കഴിയാത്തതു കൊണ്ടു തന്നെയെന്ന് അദ്ദേഹം സമ്മതിക്കുന്നു. നിരാലംബരായ നിരവധി പേരുടെ ജീവിതം ഏച്ചുകെട്ടാന്‍ പ്രവര്‍ത്തിച്ചപ്പോഴും സ്വന്തം ജീവിതത്തിന്റെ അളവുകോലില്‍ ഷാജിയുടെ കണക്കുകള്‍ക്ക് പിഴവ് പറ്റുന്നു.
എന്നാല്‍ സേവനം കൊണ്ടു സമരം തീര്‍ക്കുന്ന ഈ ജീവിതമാണ് സംതൃപ്തമെന്നാണ് ഷാജി പറയുന്നത്. ഭാര്യ മോളിയും ഭര്‍ത്താവിന്റെ വഴിയേ സാമഹിക പ്രവര്‍ത്തനത്തില്‍ പങ്കാളിയാണ്. രാഷ്ട്രീയ എതിരാളികള്‍ക്കു പോലും സമ്മതിക്കാന്‍ മടിയില്ലാത്തതാണ് ഷാജിയുടെ ഇടപെടലുകള്‍. അതുപോലെ തന്നെ പൊതുമാപ്പു കാലത്ത് സേവന തത്പരരായി എംബസിയിലെത്തിയിരുന്ന ഒ ഐ സി സി പ്രതിനിധി എസ് പി നായര്‍, കെ എം സി സി അംഗം എം ടി അബൂബക്കര്‍ തുടങ്ങിയവരുടെ നിസ്വാര്‍ഥതകള്‍ പറയുന്നതില്‍ ഷാജിക്കും മടിയില്ല. തങ്ങള്‍ ഒരു ടീമായി പ്രവര്‍ത്തിച്ചുവെന്നാണ് സഖാവിന്റെ വിശദീകരണം.
ഇടക്കിടെ മൊബൈല്‍ ഫോണില്‍ വരുന്ന ഒമാനി ഉപഭോക്താക്കളുടെ അന്വേഷണങ്ങള്‍ക്ക് അറബിയില്‍ തന്നെ മറുപടി പറഞ്ഞ് തുണികളില്‍ ചിത്രം വരഞ്ഞും ഞൊറികള്‍ നെയ്തും വസ്ത്രങ്ങളില്‍ മനോഹാരികത തീര്‍ക്കുമ്പോഴും പൊരുതാനുറച്ച സമരനായകന്റെ ആര്‍ജവത്തോടെ സഖാവ് ഷാജി പറഞ്ഞുവെക്കുന്നത് തന്നെ ആര്‍ക്കും കളങ്കപ്പെടുത്താനാകില്ലെന്നാണ്. അതുകൊണ്ടാണ് പൊതുമാപ്പ് കാലത്ത് ആരോ ഉയര്‍ത്തിയ അഴിമതി പ്രചാരത്തെക്കുറിച്ച് പറയുമ്പോള്‍ അയാളുടെ അധരം വിറക്കുന്നതും.