Connect with us

Ongoing News

കലാശപ്പോരിന് വീണ്ടും ഇന്ത്യ-ലങ്ക

Published

|

Last Updated

*ഫൈനല്‍ ഇന്ന് രാത്രി 7.00 മുതല്‍ ടെന്‍ ക്രിക്കറ്റില്‍

*ധോണി കളിച്ചേക്കുമെന്ന് സൂചന 

*ഫൈനല്‍ മഴ ഭീഷണിയില്‍ 

Bhuvneshwar Kumarപോര്‍ട് ഓഫ് സ്‌പെയിന്‍ : ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ന് ഇന്ത്യ-ശ്രീലങ്ക കിരീടപ്പോരാട്ടം. മണിക്കൂറുകള്‍ക്ക് മുമ്പ് നിര്‍ണായക മത്സരത്തില്‍ ലങ്കയെ തോല്‍പ്പിച്ചാണ് വെസ്റ്റിന്‍ഡീസിന്റെ സാധ്യതകള്‍ അവസാനിപ്പിച്ച് ഇന്ത്യ ഫൈനലിന് യോഗ്യത നേടിയത്. മഴ തടസപ്പെടുത്തിയ മത്സരം 81 റണ്‍സിന് ജയിച്ച ഇന്ത്യ പത്ത് പോയിന്റോടെ ടേബിളില്‍ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു.
2011 ലോകകപ്പ് ഫൈനലിലേറ്റ തിരിച്ചടിക്ക് മധുരപ്രതികാരം ചെയ്യാനുള്ള അവസരമാണ് ലങ്കക്ക് മുന്നിലുള്ളത്. ടൂര്‍ണമെന്റില്‍ ഇന്ത്യയുമായുള്ള ആദ്യ മത്സരം ജയിച്ച ലങ്ക ആത്മവിശ്വാസം കൈവരിച്ചെങ്കിലും രണ്ടാം മത്സരത്തിലേറ്റ തോല്‍വി ഫൈനലിന് മുമ്പ് ആത്മവിശ്വാസം കെടുത്തുന്നതായി.
ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി കിരീടവിജയങ്ങളിലേക്ക് ഇന്ത്യയെ നയിച്ച ഭാഗ്യനായകന്‍ മഹേന്ദ്ര സിംഗ് ധോണി ഇന്ന് ടോസ് ചെയ്യാനുണ്ടാകുമെന്ന സൂചനയുണ്ട്. താത്കാലിക നായകന്‍ വിരാട് കോഹ്‌ലി തന്നെയാണ് സൂചന നല്‍കിയത്.
ടോസിനിറങ്ങും മുമ്പായിരുന്നു കോഹ്‌ലി ടീം ഫൈനലിലെത്തിയാല്‍ ധോണിയുടെ സാന്നിധ്യം മുതല്‍ക്കൂട്ടാകുമെന്ന തരത്തില്‍ സംസാരിച്ചത്. എന്നാല്‍, ഇതിന് ഔദ്യോഗിക വിശദീകരണമില്ല. അതേ സമയം, ധോണി ലങ്കക്കെതിരെ ഇന്ത്യ കളിക്കുമ്പോള്‍ പവലിയനില്‍ ടീം ജഴ്‌സിയണിഞ്ഞത് തിരിച്ചുവരവിന്റെ സൂചനയാണെന്ന് നിരീക്ഷിക്കപ്പെടുന്നു. ധോണി വരുമ്പോള്‍ മുരളി വിജയ് പുറത്താകും.