ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്റര്‍

Posted on: July 10, 2013 9:06 pm | Last updated: July 10, 2013 at 10:37 pm

shihab thangalദുബൈ: സി എച്ച് സെന്ററിലെ ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്ററില്‍ രോഗികള്‍ക്കായി വിപുലമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി സെന്റര്‍ ദുബൈ ജനറല്‍ സെക്രട്ടറി ഇബ്രാഹിം ഏളേറ്റീല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സി എച്ച് മുഹമ്മദ്‌കോയ മെമ്മോറിയല്‍ ചാരിറ്റബിള്‍ സെന്ററില്‍ 2010 മാര്‍ച്ച് 30നാണ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമധേയത്തില്‍ സൗജന്യ ഡയാലിസിസ് സെന്റര്‍ ആരംഭിച്ചത്.
വൃക്കരോഗം കൊണ്ട് വലയുന്ന പാവപ്പെട്ട രോഗികള്‍ക്ക് ആശ്വാസം നല്‍കാനാണ് സെന്റര്‍ ലക്ഷ്യമിടുന്നത്. മരുന്നടക്കം ഡയാലിസിസ് തീര്‍ത്തും സൗജന്യമായി നല്‍കന്ന ഇന്ത്യയിലെ ഏക സ്ഥാപനം എന്നതാണ് സെന്ററിന്റെ സവിശേഷത.കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപം സ്വന്തമായി നിര്‍മ്മിച്ച അഞ്ച് നില കെട്ടിടത്തില്‍ ഏറ്റവും ആധുനിക സംവിധാനങ്ങളോടെ സജ്ജീകരിച്ചിട്ടുള്ള ഡയാലിസിസ് യൂണിറ്റില്‍ പുതുതായി നാല് മെഷീനുകള്‍ ഇതിനകം സ്ഥാപിച്ചു കഴിഞ്ഞു. നിലവില്‍ 13 മെഷീനുകളിലായി പ്രതിദിനം 39 രോഗികള്‍ക്ക് ഇവിടെ ഡയാലിസിസ് ചെയ്തുവരുന്നതായും അദ്ദേഹം പറഞ്ഞു.
മുന്‍ വര്‍ഷങ്ങളിലെന്നപോലെ ഈ റമസാനിലും ദിവസം 2,000 പേര്‍ക്ക് നോമ്പു തുറക്കും അത്താഴത്തിനുമുള്ള സൗകര്യമാണ് സി എച്ച് സെന്റര്‍ ഒരുക്കുന്നത്. ഒരാള്‍ക്ക് 75 രൂപ നിരക്കില്‍ പ്രതിദിനം 75,000 രൂപ ഇതിനു മാത്രമായി ചെലവ് വരും. ഡയാലിസിസ് ഉള്‍പ്പെടെയുള്ള മറ്റു സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ഒരൂ ലക്ഷത്തോളം രൂപയാണ് ദിവസവും വേണ്ടിവരുന്നത്. ഒരു രോഗിക്ക് ഒരു തവണ ഡലാലിസിസ് ചെയ്യുന്നതിന് 1,050 രൂപയാണ് ചെലവ്. റമസാന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി വിപുലമായ ഒരുക്കങ്ങളാണ് നടത്തിവരുന്നതെന്നും സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച് ഇബ്രാഹീം പറഞ്ഞു. പി കെ അന്‍വര്‍ നഹ, ഇബ്രാഹിം മുറിച്ചാണ്ടി, ഹസൈനാര്‍ ഹാജി, അനീസ് ആദം, പി കെ ജമാല്‍, അഡ്വ. അശ്‌റഫ് പുതിയോട്ടില്‍, നാസര്‍ കുറ്റിച്ചിറ പങ്കെടുത്തു.