പോലീസ് മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ കാന്റീന്‍ അംഗത്വം നിഷേധിക്കുന്നു

Posted on: July 10, 2013 12:45 am | Last updated: July 10, 2013 at 12:45 am

പാലക്കാട്: കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവുണ്ടായിട്ടും കേരള പോലീസിലെ മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ കാന്റീന്‍ അംഗത്വം നിഷേധിക്കുന്നു.
സെന്‍ട്രല്‍ പോലീസ് ഫോഴ്‌സസ് കാന്റീന്‍ ആനുകൂല്യങ്ങള്‍ യൂനിഫോമിട്ട പോലീസുകാര്‍ക്കും മിനിസ്റ്റീരിയല്‍ വിഭാഗത്തിലുള്ളവര്‍ക്കും അനുവദിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശമുണ്ട്. ഇത് നിലനില്‍ക്കുമ്പോഴാണ് സംസ്ഥാന പോലീസിലെ ഓഫീസ് ജീവനക്കാരോടുള്ള വിവേചനം. പി എസ് സി മുഖേന നിയമിതരായവര്‍ക്ക് കാന്റീന്‍ അംഗത്വം നിഷേധിക്കുമ്പോള്‍ മിനിസ്റ്റീരിയല്‍ വിഭാഗത്തില്‍തന്നെ ആശ്രിത നിയമനംവഴി ജോലി ലഭിച്ചവര്‍ക്ക് ഈ ആനുകൂല്യം സര്‍ക്കാര്‍ നല്‍കുന്നുണ്ട്.
2006 ഒക്ടോബര്‍ 18നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവുപ്രകാരം സെന്‍ട്രല്‍ പോലീസ് ഫോഴ്‌സസ് കാന്റീന്‍ സംവിധാനം നടപ്പാക്കിയത്. നിത്യോപയോഗ സാധനങ്ങളും മറ്റ് ഉപഭോഗവസ്തുക്കളും കുറഞ്ഞവിലയില്‍ പോലീസ് സേനാംഗങ്ങള്‍ക്കും ആശ്രിതര്‍ക്കും ലഭ്യമാക്കുകയാണ് ഉദ്ദേശ്യം. വിവിധ കേന്ദ്ര പോലീസ് വിഭാഗങ്ങള്‍ കാന്റീനില്‍ അംഗത്വം ആവശ്യപ്പെട്ടതനുസരിച്ച് 2011ല്‍ കേന്ദ്രസര്‍ക്കാര്‍ വീണ്ടും ഉത്തരവിറക്കി.
എല്ലാ പോലീസ് വിഭാഗങ്ങളിലും നിലവില്‍ ജോലിയുള്ളതും വിരമിച്ചതുമായ ജീവനക്കാര്‍ സിവിലിയന്‍, യൂണിഫോം ധരിച്ചവര്‍ എന്ന വേര്‍തിരിവില്ലാതെ ആനുകൂല്യത്തിന് അര്‍ഹരാണെന്ന് അതില്‍ വ്യക്തമാക്കിയിരുന്നു. കേരളത്തിന്റെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ പോലീസ് മിനിസ്റ്റീരിയല്‍ സ്റ്റാഫ് അസോസിയേഷന്റെ അഭ്യര്‍ഥന പരിഗണിച്ച് എല്ലാ ജീവനക്കാര്‍ക്കും കാന്റീന്‍ അംഗത്വം നല്‍കിയിട്ടുണ്ട്. കേരളത്തില്‍ 2011 ഡിസംബറിലാണ് പോലീസ് കാന്റീന്‍ ഉദ്ഘാടനം ചെയ്തത്. സംസ്ഥാനത്ത് നിലവില്‍ ജോലിയിലുള്ളതും വിരമിച്ചതുമായ 65,000 പോലീസുകാര്‍ക്ക് കാന്റീന്‍ ആനുകൂല്യം ലഭിക്കുന്നുണ്ട്.
ആശ്രിതരടക്കം ഒന്നരലക്ഷം പേര്‍ക്ക് കാന്റീന്‍ സംവിധാനം പ്രയോജനപ്പെടുന്നു. എന്നാല്‍, 2,400ഓളം മാത്രമുള്ള മിനിസ്റ്റീരിയല്‍ ജീവക്കാര്‍ക്കും 1,200 ക്യാമ്പ് ഫോളോവര്‍മാര്‍ക്കും അധിക സാമ്പത്തിക ബാധ്യതയാവുമെന്ന് പറഞ്ഞാണ് സംസ്ഥാന സര്‍ക്കാര്‍ കാന്റീന്‍ അംഗത്വം നിഷേധിക്കുന്നത്. കാന്റീനില്‍നിന്നുള്ള വാങ്ങലുകളില്‍ മൂല്യവര്‍ധിത നികുതി ഈടാക്കാനാവില്ല. ഈ നഷ്ടമാണ് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.
എന്നാല്‍ ഒന്നരലക്ഷം പേര്‍ക്ക് നല്‍കുന്ന കൂട്ടത്തില്‍ മിനിസ്റ്റീരിയല്‍ വിഭാഗത്തെകൂടി ഉള്‍പ്പെടുത്തിയാല്‍ എന്തുനഷ്ടമാണുണ്ടാവുകയെന്ന് ജീവനക്കാര്‍ ചോദിക്കുന്നു.
മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ക്കും കാന്റീന്‍ അംഗത്വം അനുവദിക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാരുടെ സംഘടന ആഭ്യന്തര മന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്.