വ്രതം: ആരോഗ്യം, മനഃശാസ്ത്രം

  Posted on: July 9, 2013 9:58 pm | Last updated: June 29, 2014 at 6:06 pm

  quran

  ”നിങ്ങള്‍ നോമ്പെടുക്കൂ, ആരോഗ്യവാന്മാരാകൂ.” (നബിവചനം)
  നോമ്പ് ഏറ്റവും നല്ല ഒരു ആരോഗ്യ പരിചയാണ്. നോമ്പ് ഒരു പരിചയാണെന്ന പ്രവാചക വചനം ആരോഗ്യപരമായും മനഃശാസ്ത്രപരമായും വീക്ഷിക്കുമ്പോള്‍ വളരെ ശരിയാണെന്ന് മനസ്സിലാക്കാം. മനുഷ്യശരീരത്തിന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതും നഷ്ടപ്പെടാന്‍ സാധ്യതയുള്ളതുമായ ആരോഗ്യം വീണ്ടെടുക്കാന്‍ നോമ്പ് നല്ല ഉപാധിയാണ്. മനുഷ്യനില്‍ മാത്രമല്ല, മൃഗങ്ങളില്‍ പോലും നടത്തിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ഭക്ഷണ നിയന്ത്രണത്തിനുതകുന്ന വ്രതം ഏറ്റവും നല്ല ആരോഗ്യ പരിചയാണെന്നാണ്. ഭക്ഷണത്തിലെ മിതത്വത്തിന്റെ മേന്മകളറിയാന്‍ ലണ്ടനില്‍ എലികളില്‍ നടത്തിയ പഠനങ്ങള്‍ വ്രതത്തിന്റെ പ്രാധാന്യം വിളിച്ചറിയിക്കുന്നു. ഒരു കൂട്ടം വെള്ള എലികള്‍ക്ക് വയറുനിറയെ ഭക്ഷണം നല്‍കിയും മറ്റൊരുഗ്രൂപ്പിന് അല്‍പ്പം ഭക്ഷണം നല്‍കിയുമായിരുന്നു പരീക്ഷണം. പരീക്ഷണഫലം പുറത്തുവന്നപ്പോള്‍ വയറുനിറയെ ഭക്ഷണം ലഭിച്ച എലികളെക്കാള്‍ മിതഭക്ഷണം ലഭിച്ച എലികള്‍ 40 ശതമാനം കൂടുതല്‍ ജീവിച്ചതായി കണ്ടെത്തി. ആയുസ്സ് വര്‍ധിപ്പിക്കാനുള്ള സിദ്ധൗഷധമാണ് നോമ്പെന്ന് ഇതില്‍നിന്നു മനസ്സിലാക്കാം.

  പ്രഭാതം മുതല്‍ പ്രദോഷം വരെയുള്ള അന്ന പാനീയങ്ങളുടെ പൂര്‍ണവര്‍ജ്ജനമാണ് റമളാനിലെ വ്രതം. ഇതിലൂടെ ശരീരത്തിന്റെ തൂക്കം കുറക്കാന്‍ കഴിയുമെന്ന് ഇതിനെക്കുറിച്ച് പഠനംനടത്തിയ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു. 45 കൊല്ലത്തോളം വ്രതത്തിന്റെ ആരോഗ്യപരമായ നേട്ടങ്ങളെപ്പറ്റി പഠനം നടത്തിയ ഡോ. ഹെര്‍ബര്‍ട്ട്എം. ഷെല്‍ട്ടണ്‍ തൂക്കംകുറയ്ക്കാനും പൊണ്ണത്തടി ഒഴിവാക്കാനുമുള്ള ഏറ്റവും നല്ലതും ലളിതവുമായ മാര്‍ഗമായി നോമ്പിനെയാണ് നിര്‍ദ്ദേശിച്ചത്.

  അമിതാഹാരം ശരീരത്തിന് അതിവേഗം വാര്‍ധക്യം സമ്മാനിക്കും. ഭക്ഷണത്തില്‍നിന്നും ഉത്പാദിപ്പിക്കപ്പെടുന്ന വിഷാംശങ്ങളായ ഫ്രീറംഡിക്കിള്‍സ് ആണിതിന് കാരണം. കൂടുതല്‍ ഭക്ഷണം കഴിക്കുമ്പോള്‍ ഫ്രീറംഡിക്കിള്‍സിന്റെ അളവ്കൂടും. തന്മൂലം വേഗം വാര്‍ധക്യം വരികയും ചെയ്യും. നോമ്പ് ശരീരത്തിനും മനസ്സിനും പൂര്‍ണ വിശ്രമം നല്‍കുന്നു. ശരീരത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുകയും ശരീരത്തില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങളെ പുറന്തള്ളാന്‍ സഹായിക്കുകയും ചെയ്യുന്നു.
  പ്രമേഹ രോഗികളില്‍ ഭാരം കുറയുന്നതോടുകൂടി കഴിക്കുന്ന ഗുളികകളുടെയും ഇന്‍സുലിന്റെയും അളവ് കുറയ്ക്കാനും ശരീരത്തില്‍ തന്നെയുള്ള ഇന്‍സുലിന്‍ കൂടുതല്‍ ഊര്‍ജസ്വലമായി പ്രവര്‍ത്തിപ്പിക്കാനും ഇടവരുന്നു. അതുകൊണ്ട് തന്നെ പ്രമേഹരോഗനിവാരണത്തിന് നോമ്പ് ഒരു ദിവ്യൗഷധമാണ്. അമിതഭക്ഷണം, വ്യായാമക്കുറവ്, പുകവലി തുടങ്ങിയവയാണ് പ്രമേഹരോഗത്തിന്റെ മുഖ്യകാരണങ്ങള്‍. റംസാനിലെ സുദീര്‍ഘമായ തറാവീഹ് നിസ്‌കാരം ശരീരത്തിന് നല്ല വ്യായാമം നല്‍കുന്നു.
  നോമ്പുകാലം നമ്മുടെ ജീവിതശൈലി തന്നെ മാറ്റിമറിക്കുന്നു. ഭക്ഷണക്രമങ്ങള്‍ മാറുന്നതുപോലെ തന്നെ നമ്മുടെ ശീലങ്ങളും മാറുകയാണ്. പകലന്തിയോളം പുകവലിച്ചവനും മുറുക്കിയവനും മദ്യപിച്ചവനും അതെല്ലാം നിര്‍ത്തുന്നു. അവര്‍ ശീലിച്ച ദുശ്ശീലങ്ങള്‍ അവസാനിപ്പിച്ച് നല്ല മനുഷ്യരാവാന്‍ സാധിക്കുന്നു. ഇത്തരം ദുശ്ശീലങ്ങള്‍ പാടേ ഇല്ലാതാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സഹായകമായ മാസമാണിത്.

  മനഃശാസ്ത്ര ചിന്തകള്‍

  ഭക്ഷണ നിയന്ത്രണത്തോടെ ശരീരത്തിലെ ഒരുപാട് അവയവങ്ങള്‍ക്ക് വിശ്രമം വരുന്നു. ഭക്ഷണത്തെ ആദ്യം സ്വീകരിക്കുന്നത് മനസ്സാണ്. മനസ്സിനിഷ്ടപ്പെടാത്തത് ഭക്ഷിക്കുകയില്ല. ഭക്ഷിക്കുകയെന്നാല്‍ അത് ആസ്വാദനമാണ്. ഭക്ഷണത്തെ മാറ്റിനിര്‍ത്തല്‍ ആസ്വാദനത്തെ മാറ്റിനിര്‍ത്തുന്നു. അപ്പോള്‍ ആനന്ദമുണ്ടാവുന്നതല്ല. അതിനെ നോമ്പുകാരന്‍ ശ്രദ്ധിക്കുന്നേയില്ല. പകല്‍ ഭക്ഷണമുപേക്ഷിക്കുമ്പോള്‍ അതിന്റെ ആസ്വാദന പ്രക്രിയയില്‍ പങ്കുകൊണ്ടിരുന്ന മനസ്സും തലച്ചോറും വിശ്രമിക്കുകയാണ്. വിശ്രമത്തിനുശേഷം പ്രദോഷത്തിലെ ഭക്ഷണം ആസ്വാദ്യമാക്കുവാനും അനുഭൂതിയായി ഉള്‍ക്കൊള്ളാനും ദഹനേന്ദ്രിയങ്ങള്‍ക്ക് കഴിയുന്നു.
  വ്രതംമനസ്സിന് സമചിത്തത നല്‍കുന്നു. അര്‍ബുദം പോലുള്ള ചില രോഗങ്ങളുടെ കാരണങ്ങളില്‍ ഒന്ന് മനസ്സിന്റെ അസന്തുലിതാവസ്ഥ ഉള്‍പ്പെടുന്നതാണ്. ഈ വസ്തുത ഗവേഷണത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്.

  മനുഷ്യരില്‍ ത്യാഗമനസ്ഥിതി സൃഷ്ടിക്കുന്നതിന് വ്രതം പ്രയോജനപ്രദമാണ്. സ്വയം സന്നദ്ധനാവാതെ നോമ്പനുഷ്ഠിച്ചതായി അഭിനയിച്ചതുകൊണ്ട് പ്രത്യേകമായൊരു പ്രയോജനവുമില്ല. നോമ്പുണ്ടായിരിക്കുക എന്നത് ദൃശ്യമല്ലാത്ത ഒന്നാണ്. അതിനാല്‍ അഭിനയിക്കല്‍ ആത്മവഞ്ചന മാത്രമായിത്തീരുന്നു. വ്രതം കേവലം പട്ടിണി കിടക്കലല്ല.

  റമളാന്‍ ക്ഷമയുടെ മാസമാണ്. ഭക്ഷണമില്ലായ്മ ദേഷ്യത്തെ സൃഷ്ടിക്കാനല്ല. ക്ഷമ നേടിയെടുക്കാനാണ് പ്രയോജനപ്പെടുത്തേണ്ടത്. അതോടെ ആത്മീയ ശക്തിയും ആരോഗ്യവും സംഭരിക്കാനുമാകുന്നു. ബദ്‌രീങ്ങള്‍ വ്രതമനുഷ്ഠിച്ചാണ് യുദ്ധം ചെയ്തത്. വ്രതമവര്‍ക്ക് ശക്തിദായകവും വിജയകരവുമായി. വ്രതം മനോവിജയത്തിനാണ്.
  മനുഷ്യന് കരയുവാന്‍ പോലും കഴിയുന്നില്ല. കരയാന്‍ അവന്‍ മറന്നിരിക്കുന്നു. മാതാപിതാക്കളുടെ മരണം പോലും നിമിഷങ്ങള്‍ക്കകം വിസ്മരിക്കപ്പെടുന്നു. നൈമിഷികമായ വികിരണങ്ങളെ താലോലിച്ചുകൊണ്ട് ചിരിക്കാനും ആനന്ദിക്കാനും മാത്രമേ അവന്‍ ശ്രമിക്കുന്നുള്ളൂ. പ്രാര്‍ത്ഥനാ കര്‍മ്മങ്ങളിലൂടെ നോമ്പുകാരനില്‍ പരിവര്‍ത്തനം ഏറുകയാണ്. സുജൂദില്‍കിടക്കുമ്പോള്‍ നിസ്‌കരിക്കുന്നവന്റെ മസ്തിഷ്‌കത്തിലേക്ക് ഹാര്‍ട്ടിന്റെ ചരിവിനാല്‍ ഒരു പ്രത്യേക തരത്തില്‍ രക്തപ്രവാഹമുണ്ടാകുന്നു. ശരീരത്തിന് ഒരുതരം ഒടിവനുഭവപ്പെടുകയാണപ്പോള്‍.
  സമ്പത്തിനോടുള്ള ആര്‍ത്തി മനുഷ്യന്റെ ഒരു ദോഷമാണ്. ദാനധര്‍മ്മം ആ ആര്‍ത്തിയെ ഇല്ലാതാക്കുന്നു. ഇങ്ങനെ ചിന്തിച്ചാല്‍ വ്രതം മനഃശാസ്ത്രപരമായി വലിയ നേട്ടങ്ങള്‍ നല്‍കുന്നുണ്ടെന്ന് മനസ്സിലാക്കാം.

  വര്‍ഷത്തിലൊരിക്കല്‍ അനുഷ്ഠിക്കല്‍ നിര്‍ബന്ധമായ നോമ്പില്‍ധാരാളം രഹസ്യങ്ങള്‍ അടങ്ങിയിട്ടുണ്ട്. മനഃശക്തി നേടിയെടുക്കലും ശാരീരിക പ്രതിരോധശക്തി ഉണ്ടാക്കലും നോമ്പിനുള്ള സ്ഥാനമാണ്. പതിനൊന്ന് മാസം പകല്‍ സമയത്ത് ഭക്ഷണപാനീയങ്ങള്‍ ഉപയോഗിച്ച മനുഷ്യന്‍ ഒരു മാസം പകല്‍ മുഴുവന്‍ അവ വര്‍ജിക്കുമ്പോള്‍ ശാരീരിക മാനസിക മാറ്റങ്ങള്‍ ഉണ്ടാകുന്നു. നിരവധി രോഗങ്ങളെ ചെറുത്തുനില്‍ക്കാനും ഇല്ലാതാക്കാനും നോമ്പിന്റെ ഒരു മാസത്തിലൂടെ കഴിയുന്നു. പതിനൊന്നു മാസം പ്രവര്‍ത്തിച്ച് ക്ഷീണിച്ച ശരീരത്തിലെ ചില അവയവങ്ങള്‍ക്ക് ഈ മാസത്തില്‍ വിശ്രമം ലഭിക്കുന്നു. ഉപയോഗിക്കാതെ കിടന്ന മനസ്സിലെയും ശരീരത്തിലെയും ചില പ്രത്യേക ഭാഗങ്ങള്‍ക്ക് ശക്തിയും ഉണര്‍വും ഇക്കാലത്ത് ഉണ്ടാകുന്നു.

  കഴിഞ്ഞ കാല അനുഭവങ്ങളെ വിലയിരുത്തി അവയില്‍നിന്ന് പാഠം ഉള്‍ക്കൊണ്ട് പുതു ജീവിതം രൂപപ്പെടുത്താന്‍ ഈ മാസം മനുഷ്യനെ സഹായിക്കുന്നു. മൂന്ന് ഭാഗമായി തിരിച്ചിട്ടുണ്ട് റമളാനിനെ. അവസാന പത്തില്‍ കൂടുതല്‍ പുണ്യം കരസ്ഥമാക്കാന്‍ ഇഅ്തികാഫും മറ്റു കര്‍മ്മങ്ങളും അധികരിപ്പിക്കാന്‍ കല്‍പ്പിച്ചു. ആയിരം മാസത്തെക്കാള്‍ പുണ്യമുള്ള ദിനം അവസാനപത്തിലുണ്ട്. റമളാന്‍ കഴിയുന്നതോടെ പടിപടിയായി മനുഷ്യമനസ്സ് ഉണര്‍ന്ന് വികസിച്ച് ഉന്നതിയിലെത്തുകയാണ്.
  വ്രതം ആത്മപരിശോധനയാണ്. മാനസിക ഉന്നതിയും ശുചീകരണവും ലഭ്യമാകുന്നു. ത്യാഗങ്ങള്‍ സഹിക്കാനുള്ള കഴിവ് മനുഷ്യനുണ്ടോ എന്ന് പരിശോധിക്കുകയാണിവിടെ. പലവിധ മാനസിക ശാരീരിക രോഗങ്ങള്‍ക്ക് പ്രതിവിധിയാണ് വ്രതം. ഭക്ഷണ പാനീയം വര്‍ജിക്കല്‍ മാത്രമല്ല നോമ്പ്. സര്‍വ്വ മാനസിക അസ്വസ്ഥതകളെയുംപിഴുതെറിഞ്ഞ് ശുചീകരിക്കുകയുമാണ്. ക്ഷമ, അഹങ്കാരം, അസൂയ, ഭയം, കോപം, വാശി തുടങ്ങി മനസ്സിനെ സ്വാധീനിക്കുന്ന ദുഷിച്ച പ്രവണതകളെ മനസ്സില്‍നിന്ന് അകറ്റിനിര്‍ത്താന്‍ നോമ്പ് സഹായകമാണ്. വരാനിരിക്കുന്ന പതിനൊന്ന് മാസത്തേക്ക് മാനസിക പക്വതക്കും ശക്തിയും പ്രതിരോധവും ഉണ്ടാക്കാനും കഴിഞ്ഞകാല പോരായ്മകളെ പരിഹരിക്കുക കൂടി ചെയ്യാനുമാണ് റമളാന്‍.