Connect with us

Kerala

പ്ലസ് വണ്‍ ക്ലാസുകള്‍ ഇന്ന് തുടങ്ങും

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പ്ലസ് വണ്‍ ക്ലാസുകള്‍ ഇന്ന് ആരംഭിക്കും. 3,35,400 സീറ്റുകളുള്ളതില്‍ 82 ശതമാനം സീറ്റുകളിലും പ്രവേശം പൂര്‍ത്തിയായതായി ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു. അലോട്ട്‌മെന്റ് ലഭിച്ചിട്ടും വിദ്യാര്‍ഥികള്‍ പ്രവേശം നേടാത്തതിനാല്‍ 27,000 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ട്. പത്ത് ശതമാനം മാര്‍ജിന്‍ സീറ്റുകള്‍ വര്‍ധിപ്പിച്ചതടക്കം 52,000 സീറ്റുകളില്‍ കൂടി പ്രവേശം നല്‍കാനുണ്ട്. ഇത് സപ്ലിമെന്ററി അലോട്ടുമെന്റുകളിലൂടെ നികത്തും. സപ്ലിമെന്ററി അലോട്ട്‌മെന്റിനായി പുതിയ റാങ്ക് ലിസ്റ്റ് തയ്യാറാക്കി അലോട്ട്‌മെന്റ് നല്‍കും. സ്‌കൂള്‍ മാറ്റത്തിനും കോമ്പിനേഷന്‍ മാറ്റത്തിനും ഇന്ന് മുതല്‍ അപേക്ഷ നല്‍കാമെന്ന് ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു.
നിര്‍ദിഷ്ട മാതൃകയില്‍, പ്രവേശം ലഭിച്ച സ്‌കൂളിലാണ് അപേക്ഷ നല്‍കേണ്ടത്. ഇതുവരെ അപേക്ഷ നല്‍കാത്ത സേ പരീക്ഷ ജയിച്ചവര്‍ക്കും സി ബി എസ് ഇ സ്‌കൂള്‍തല പരീക്ഷ വിജയിച്ചവര്‍ക്കും ജൂലൈ പന്ത്രണ്ട് മുതല്‍ അപേക്ഷ നല്‍കാം. നേരത്തെ അപേക്ഷ നല്‍കി പ്രവേശം ലഭിക്കാത്തവര്‍ക്ക് അപേക്ഷ പുതുക്കി നല്‍കാം. ആദ്യ ഘട്ട സ്‌കൂള്‍, കോമ്പിനേഷന്‍ മാറ്റങ്ങള്‍ക്കുവേണ്ടി നിലവിലെ ഒഴിവുകളുടെ വിശദാംശങ്ങള്‍ ഇന്ന് രാവിലെ പത്ത് മണിക്ക് അഡ്മിഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഇന്ന് മുതല്‍ പത്തിന് വൈകീട്ട് നാല് മണിവരെ ആവശ്യപ്പെടുന്ന വിദ്യാര്‍ഥികളില്‍ നിന്ന് അനുബന്ധമായി ചേര്‍ത്തിട്ടുള്ള ഫോമില്‍ സ്‌കൂള്‍, കോമ്പിനേഷന്‍ മാറ്റങ്ങള്‍ക്കുള്ള അപേക്ഷ സ്വീകരിക്കണം. പ്രവേശ നടപടികളുമായി ബന്ധപ്പെട്ട് ഡയറക്ടറേറ്റ് പുറപ്പെടുവിച്ച സര്‍ക്കുലര്‍ ഇന്ന് ക്ലാസ്മുറികളില്‍ വായിക്കണമെന്ന് ഡയറക്ടര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ www.hscap.kerala.gov.in സൈറ്റില്‍ ലഭിക്കും.

Latest