നിത്യോപയോഗ സാധനങ്ങളില്‍ ഹലാല്‍ അടയാളപ്പെടുത്തണം

Posted on: July 7, 2013 8:41 pm | Last updated: July 7, 2013 at 8:41 pm

Halal-3-640x480അബുദാബി: വിപണിയില്‍ വില്‍പ്പനക്കു വെക്കുന്ന വസ്ത്രങ്ങള്‍, ഭക്ഷണ സാധനങ്ങള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ തുടങ്ങിയവയില്‍ ഹലാല്‍ മുദ്ര പതിപ്പിച്ചിരിക്കണമെന്ന് എമിറേറ്റ്‌സ് സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ അതോറിറ്റി.
നിത്യോപയോഗ സാധനങ്ങളുടെ നിജസ്ഥിതി പരിശോധിക്കാനാവശ്യമായ സമ്പൂര്‍ണ പദ്ധതി പൂര്‍ത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു. ഈ വര്‍ഷാവസാനം മുതല്‍ നിയമം നടപ്പിലാക്കി തുടങ്ങും.
രാജ്യത്തെ വിപണികളില്‍ വിറ്റഴിക്കപ്പെടുന്ന മിക്കവയും അന്യ രാജ്യങ്ങളില്‍ നിന്നു ഇറക്കുമതി ചെയ്യപ്പെടുന്നവയാണ്. അതുകൊണ്ടുതന്നെ അവയുടെ നിര്‍മാണത്തിനുപയോഗിച്ച വസ്തുക്കളെ കുറിച്ച് കൃത്യമായ വിവരം ലഭിക്കുകയില്ല. നിര്‍മാതാക്കളെ കണ്ണടച്ചു വിശ്വസിക്കുന്ന രീതിയാണ് നിലവിലുള്ളത്.
രാജ്യത്ത് വില്‍പ്പനക്കെത്തുന്ന തുണിത്തരങ്ങള്‍ക്കും വസ്ത്രങ്ങള്‍ക്കും എമിറേറ്റ്‌സ് സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ അതോറിറ്റി നിബന്ധനകള്‍ നിര്‍ണയിക്കും. ആവശ്യമായ പരിശോധനകള്‍ ശാസ്ത്രീയമായി നടത്തി, നിര്‍മാണത്തിനുപയോഗിച്ച വസ്തുക്കളില്‍ മതപരമായി അനുവദിക്കപ്പെടാത്തതില്ലെന്ന് ഉറപ്പുവരുത്തി അതില്‍ ഹലാല്‍ എന്ന മുദ്രപതിപ്പിച്ച് വില്‍പ്പനക്ക് നല്‍കും.
രാജ്യത്തെ മസ്ജിദുകളില്‍ ഉപയോഗിക്കുന്ന കാര്‍പ്പറ്റുകളുടെ സാമ്പിളുകളെടുത്ത് ഈ സംവിധാനത്തിലൂടെ പരിശോധന ആരംഭിച്ചതായി അതോറിറ്റി അസി. ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് സ്വാലിഹ് ബദ്‌രി പറഞ്ഞു.
കാര്‍പ്പറ്റുകളുടെ നിര്‍മാണത്തിനുപയോഗിച്ച വസ്തുക്കള്‍ മതപരമായി അനുവദനീയമായതാണോ എന്നാണ് പരിശോധിക്കുക. ഇത്തരം സാധനങ്ങളില്‍ അധികവും പുറം രാജ്യത്തു നിന്ന് ഇറക്കുമതി ചെയ്യപ്പെടുന്നവയാണ്.
വ്യത്യസ്ത വിശ്വാസക്കാരും മതക്കാരും താമസിക്കുന്ന രാജ്യമാണ് യു എ ഇ. അതുകൊണ്ടു തന്നെ വിപണിയിലെ സാധനങ്ങള്‍ക്കും ഇത്തരമൊരു അടയാളം ആവശ്യമാണ്. ഹലാല്‍ തന്നെ വേണമെന്ന് ആവശ്യമുള്ളവര്‍ക്ക് കൃത്യമായി മാര്‍ക്കറ്റുകളില്‍ അത് ലഭ്യമാക്കേണ്ടതുണ്ട്.
ഹലാല്‍ അല്ലാത്ത വസ്തുക്കള്‍ രാജ്യത്ത് ഇറക്കുമതി ചെയ്യുന്നത് നിരോധിക്കുകയല്ല ഈ നിയമം. മറിച്ച് ഓരോ ഉപഭോക്താവിനും അവരുടെ ഹിതമനുസരിച്ചുള്ള സാധനങ്ങള്‍ ലഭ്യമാക്കുക മാത്രമാണ് നിയമത്തിന്റെ പിന്നിലുള്ളതെന്ന് മുഹമ്മദ് സ്വാലിഹ് ബദ്‌രി പറഞ്ഞു.
ഭക്ഷണ സാധനങ്ങളില്‍ ഹലാല്‍ പരിശോധനക്കും അടയാളപ്പെടുത്തലിനും ഒരുക്കള്‍ പൂര്‍ത്തിയായതായി അധികൃതര്‍ പറഞ്ഞു. ഭക്ഷണ സാധനങ്ങളുടെ പുറത്ത് വ്യക്തമായി കാണുന്ന രീതിയില്‍ ഹലാല്‍ എന്ന് മുദ്രണം ചെയ്തിരിക്കും. സൗന്ദര്യ വര്‍ധക വസ്തുക്കളിലും ഈ രീതി പിന്തുടരും. ഹലാല്‍ അല്ലാത്ത ഇനങ്ങളും ഇറക്കുമതി ചെയ്യപ്പെടുമെങ്കിലും ഉപഭോക്താക്കളുടെ ഇഷ്ടാനുസരണം ഹലാലും അല്ലാത്തതും തിരഞ്ഞെടുക്കാമെന്നു മാത്രം. ഹലാല്‍ മുദ്രണത്തിന്റെ പേരില്‍ പ്രത്യേക വില വര്‍ധന ഒരിക്കലും അനുവദിക്കപ്പെടുകയില്ല.