ലീഗിന്റെ യശസ്സിന് കോട്ടം തട്ടാന്‍ അനുവദിക്കില്ല: കെ പി എ മജീദ്

Posted on: July 7, 2013 9:10 am | Last updated: July 7, 2013 at 9:10 am

പാലക്കാട്: മുസ്‌ലിംലീഗിന്റെ പരമ്പരാഗത മൂല്യങ്ങള്‍ക്കും യശസ്സിനും ഒരു കാരണവശാലും കോട്ടംതട്ടാന്‍ പാര്‍ട്ടി അനുവദിക്കില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് മുന്നറിയിപ്പ് നല്‍കി.പാലക്കാട് ജില്ലാ മുസ്‌ലിംലീഗ് വാര്‍ഷിക കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനാധിപത്യ സംവിധാനത്തില്‍ അഭിപ്രായ ഭിന്നതകളും ചേരിത്തിരിവുകളും സ്വാഭാവികമാണ്. മറ്റു കക്ഷികള്‍ ഇത്തരം അഭിപ്രായ ഭിന്നതകള്‍ മൂലം പ്രതിസന്ധികള്‍ നേരിടുമ്പോള്‍ മുസ്‌ലിംലീഗ് ഒറ്റക്കെട്ടായി തന്നെ പരമ്പരാഗതമൂല്യങ്ങളില്‍ അടിയുറച്ചുകൊണ്ട് മുന്നോട്ടുപോവുകയാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഐക്യജനാധിപത്യ മുന്നണിക്ക് ബീജാവാപം നല്‍കിയ കക്ഷിയാണ് മുസ്‌ലിംലീഗ്.
അതുകൊണ്ടുതന്നെ മുന്നണിയെ സംരക്ഷിക്കേണ്ട ബാധ്യത ലീഗിനുണ്ട്. ഇതര ഘടകകക്ഷികളെ പോലെ പരസ്പര ബഹുമാനവും അന്തസ്സും മുന്നണിക്ക് അകത്തുനിന്നുണ്ടാകണം.
വലിയ പാര്‍ട്ടികളും ചെറിയ പാര്‍ട്ടികളും മുന്നണിയിലുണ്ട്. കോണ്‍ഗ്രസിന് അതിനകത്തെ ഭിന്നതകള്‍ ഭരണത്തെ ബാധിക്കാതിരിക്കാന്‍ കൂടുതല്‍ ഉത്തരവാദിത്വ ബോധത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിയണം.
സമീപകാല സാഹചര്യങ്ങള്‍ കണക്കിലെടുത്ത് അടിയന്തരമായി കോണ്‍ഗ്രസ് ഹൈക്കമാന്റ് ഇടപെട്ട് പരിഹാരം കാണണമെന്ന് മജീദ് ആവശ്യപ്പെട്ടു. യു ഡി എഫ് ഭരണത്തില്‍ സംസ്ഥാനത്തുണ്ടായ വികസന നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ഇതാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് സി എ എം എ കരീം അധ്യക്ഷത വഹിച്ചു. പൊന്‍പാറ കോയക്കുട്ടി പി.വി മുഹമ്മദ് അരീക്കോട്, കല്ലടി മുഹമ്മദ്, മരക്കാര്‍ മാരായമംഗലം, എം എം ഹമീദ്, എന്‍. ഹംസ, ഇ പി ഹസന്‍ മാസ്റ്റര്‍, യു ഹൈദ്രോസ്, കെ കെ എ അസീസ്, എം എം ഫാറൂഖ്, താജൂദ്ദീന്‍ മാസ്റ്റര്‍, കളത്തില്‍ അബ്ദുള്ള പങ്കെടുത്തു.